Image Credit: Wikimedia

  • ശുചിമുറിക്ക് പുറത്ത് സുരക്ഷാ ജീവനക്കാര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. പെട്ടെന്ന് യുവാവ് വന്ന് ശുചിമുറിയിലേക്ക് കയറുകയും പ്രധാനവാതില്‍ അകത്ത് നിന്ന് പൂട്ടുകയുമായിരുന്നു

റെയില്‍വേ സ്റ്റേഷനിലെ ശുചിമുറിയില്‍ കയറിയ 60കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. മുംബൈയിലെ ഘട്കോപ്പര്‍ റെയില്‍വേ സ്റ്റേഷനില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. മകള്‍ക്കൊപ്പം സഞ്ചരിക്കുന്നതിനിടെയാണ് അറുപതുകാരിക്ക് ദുരനുഭവമുണ്ടായത്. 

ഘട്കോപ്പറില്‍ ദിവസവേതനക്കാരിയായി ജോലി ചെയ്യുകയാണ് ഇവര്‍. ജോലിക്ക് ശേഷം ഖഡ്​‌വിലെ വീട്ടിലേക്ക് മകള്‍ക്കൊപ്പം മടങ്ങുന്നതിനായി ട്രെയിന്‍ കയറാനെത്തിയതായിരുന്നു. ഇതിനിടെയാണ് ശുചിമുറിയില്‍ പോയത്. മകള്‍ ഈ സമയം പ്ലാറ്റ്ഫോമിലേക്കും പോയി.

ശുചിമുറിക്ക് പുറത്ത് സുരക്ഷാ ജീവനക്കാര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. പെട്ടെന്ന് യുവാവ് വന്ന് ശുചിമുറിയിലേക്ക് കയറുകയും പ്രധാനവാതില്‍ അകത്ത് നിന്ന് പൂട്ടുകയുമായിരുന്നു. ശുചിമുറിയില്‍ നിന്ന് പുറത്തിറങ്ങിയ സ്ത്രീയെ ഇയാള്‍ പീഡിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്. പിന്നാലെ യുവാവ് ശുചിമുറിയില്‍ നിന്നിറങ്ങിപ്പോകുന്നതിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് കണ്ടെത്തി. 

സ്ത്രീയുടെ നെറ്റിയില്‍ പരുക്കേറ്റതിന്‍റെ പാടുകളുണ്ട്. പുറത്തിറങ്ങിയ സ്ത്രീ മകളുമായി ആര്‍പിഎഫിനെ കണ്ട് സഹായം തേടുകയായിരുന്നു. ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ യുവാവിനെ മെട്രോ സ്റ്റേഷന്‍ പരിസരത്ത് നിന്നും പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

ENGLISH SUMMARY:

A 60-year-old woman was allegedly sexually assaulted inside a public restroom at Ghatkopar railway station in Mumbai on Thursday evening. She was travelling home with her daughter after work when she entered the station restroom, where a young man allegedly locked the door from inside and assaulted her. After the incident, the woman approached Railway Protection Force (RPF) personnel with her daughter and was immediately taken to a hospital for medical examination. Police identified the suspect using CCTV footage and arrested him near a metro station, and he is currently being questioned.