സര്‍ല ബട്ട്, യാസിന്‍ മാലിക്

കശ്മീരി പണ്ഡിറ്റും നഴ്സുമായ സര്‍ല ബട്ടിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് 36 വർഷങ്ങൾക്ക് ശേഷം ജമ്മു കശ്മീർ സ്റ്റേറ്റ് ഇൻവസ്റ്റിഗേഷൻ ഏജൻസി (SIA) കുറ്റപത്രം സമർപ്പിച്ചത്. 1990ലാണ് സര്‍ളാ ബട്ടിനെ കൊലപ്പെടുത്തിയത്. നിരോധിത സംഘടനയായ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് അഥവാ ജെ.കെ.എല്‍.എഫിന്‍റെ മുൻ തലവൻ യാസിൻ മാലിക്കാണ് കേസിലെ പ്രധാന പ്രതി. 737 പേജുകളുള്ള കുറ്റപത്രത്തിൽ യാസിൻ മാലിക്കിനൊപ്പം അബ്ദുൽ ഹമീദ് ഷെയ്ഖ്, ഗുലാം മുഹമ്മദ് തപ്ലൂ, മുഹമ്മദ് യൂസഫ് സൂഫി, ഖുർഷീദ് അഹമ്മദ് ചൽക്കൂ എന്നിവരും പ്രതികളാണ്. യാസിൻ മാലിക്ക് വിവിധ രാജ്യദ്രോഹക്കേസുകളില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. മറ്റ് മൂന്നുപേര്‍ മരിച്ചു. ഒരാള്‍ പാക്കിസ്ഥാനിലാണെന്നാണ് നിഗമനം. 

 

ആരാണ് സര്‍ല ബട്ട് ? 

 

അനന്ത്‌നാഗിലെ ഖാസിബാഗ് സ്വദേശിനിയായിരുന്നു 27കാരിയായ സര്‍ല ബട്ട്. ശ്രീനഗറിലെ ഷെർ-ഇ-കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ സ്റ്റാഫ് നഴ്സായിരുന്നു ഇവര്‍. 1990ല്‍ കശ്മീരിൽ ഭീകരവാദം ശക്തിപ്രാപിച്ചപ്പോള്‍ കശ്മീരി പണ്ഡിറ്റുകള്‍ താഴ്‌വരയില്‍നിന്ന് കൂട്ടത്തോടെ പലായനം ചെയ്തു. എന്നാല്‍, ഭീഷണികള്‍ക്ക് വഴങ്ങാതെ സര്‍ല ബട്ട് ജോലി തുടര്‍ന്നു. 1990 ഏപ്രിൽ 18ന് ആശുപത്രിയുടെ ഹോസ്റ്റലിന് സമീപത്തുനിന്നാണ് സര്‍ല ബട്ടിനെ തട്ടിക്കൊണ്ടുപോയത്. തൊട്ടടുത്ത ദിവസം ശ്രീനഗറിലെ മല്ലാബാഗ് പ്രദേശത്ത് വെടിയേറ്റ നിലയിൽ മൃതദേഹം കണ്ടെത്തി. ഒരു കുറിപ്പും കണ്ടെത്തി. പൊലീസിന് വിവരം നല്‍കുന്നവള്‍ എന്നായിരുന്നു കുറിപ്പില്‍ പറഞ്ഞിരുന്നത്. 

 

ജെ.കെ.എല്‍.എഫ്. ചീഫ് കമാന്‍ഡറായിരുന്നു യാസിന്‍ മാലിക്. കശ്മീരി പണ്ഡിറ്റ് സമൂഹത്തിൽ ഭീതി സൃഷ്ടിച്ച് കൂട്ടപ്പലായനം പ്രോത്സാഹിപ്പിക്കാൻ നടത്തിയ സംഘടിത ആക്രമണങ്ങളുടെ ഭാഗമായിരുന്നുവെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്. ഭീകരവാദവുമായി ബന്ധപ്പെട്ട പഴയ കേസുകളിൽ നീതി ഉറപ്പാക്കുന്നതിനുള്ള നിർണായക മുന്നേറ്റമായാണ് ഈ കുറ്റപത്രത്തെ കാണുന്നത്. 1990ല്‍ നടന്ന സംഭവമാണെങ്കിലും അന്വേഷണം തുടക്ക കാലങ്ങളില്‍ വലിയ പുരോഗതി നേടിയിരുന്നില്ല. 2017ല്‍ റൂട്സ് ഇന്‍ കശ്മീര്‍ എന്ന സംഘടനയാണ് കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് രംഗത്തുവന്നത്. തുടര്‍ന്ന് അന്വേഷണം എസ്ഐഎയ്ക്ക് കൈമാറി. സാക്ഷിമൊഴികൾ, മെഡിക്കൽ ഫൊറൻസിക് റിപ്പോർട്ടുകൾ, ബാലിസ്റ്റിക് തെളിവുകൾ, ഇലക്ട്രോണിക് തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് എസ്ഐഎ കുറ്റപത്രം നല്‍കിയത്. 

 

ENGLISH SUMMARY:

The Jammu and Kashmir State Investigation Agency (SIA) has filed a chargesheet in the 36-year-old abduction and murder case of Kashmiri Pandit nurse Sarla Bhat. The chargesheet names former JKLF chief Yasin Malik as the principal accused, alleging the killing was part of an organized campaign to terrorize the Kashmiri Pandit community during the 1990 insurgency. The case was reopened following a renewed investigation supported by forensic, ballistic, electronic, and witness evidence.