PTI photo
ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരായ ആരോപണങ്ങളില്‍ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ലോക്‌സഭാ പ്രിവിലേജസ് കമ്മിറ്റിയുടെ നോട്ടീസ്. മുൻകൂട്ടി നോട്ടീസ് നൽകാതെ അമിത് ഷായ്ക്കെതിരെ ഗുരുതര ആരോപണമുന്നയിച്ചു, പരീക്ഷാ ഭേദഗതി ബിൽ ചർച്ചയ്ക്കിടെ അപകീർത്തികരമായ ഭാഷ ഉപയോഗിച്ചു എന്നീ പരാതികളിലാണ് നോട്ടീസ്. രാഹുൽ ഗാന്ധി ഈ മാസം 28-നകം മറുപടി നല്‍കണം.
വിദ്യാർഥി പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസ് അതിക്രമത്തിന് ആഭ്യന്തരമന്ത്രി അനുമതി നൽകി, ആർഎസ്‌എസ് വിദ്യാഭ്യാസ സമ്പ്രദായം പിടിച്ചെടുത്തു തുടങ്ങിയ പരാമര്‍ശങ്ങളിലാണ് രാഹുല്‍ ഗാന്ധിക്കെതിരായ പരാതി. ബി.ജെ.പി എം.പിമാരായ അനുരാഗ് താക്കൂര്‍, സഞ്ജയ് ജയ്സ്വാൾ എന്നിവരാണ് രാഹുലിനെതിരെ അവകാശലംഘന നോട്ടീസ് നല്‍കിയിരുന്നത്.
ഇതിന് പുറമെ, ജൂലൈ 29-ന് സ്പീക്കർക്ക് കത്തയച്ച്, അതേ ചർച്ചയ്ക്കിടെ രാഹുൽ ഗാന്ധി പാർലമെന്ററി മര്യാദയ്ക്ക് വിരുദ്ധമായ പദപ്രയോഗങ്ങൾ നടത്തിയെന്ന പരാതിയിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ലോക്‌സഭാ നടപടിച്ചട്ടപ്രകാരം ഉചിതമായ നടപടി സ്വീകരിക്കണമെന്നും ജയ്‌സ്വാൾ സ്പീക്കറോട് അഭ്യർഥിച്ചു. രാഹുൽ ഗാന്ധിയുടെ മറുപടി ലഭിച്ച ശേഷം അത് സ്പീക്കറുടെ സെക്രട്ടേറിയറ്റ് പരിശോധിക്കും. അതിനുശേഷമായിരിക്കും തുടർനടപടികളെക്കുറിച്ച് തീരുമാനമെടുക്കുക.