ഇറാന്‍ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇറാന്‍ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ ക്ഷണിച്ചതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രി മോദി ചടങ്ങിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തമായ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ലെങ്കിലും ഇന്ത്യയുമായുളള നയതന്ത്ര ബന്ധത്തിന് ഇറാന്‍ നല്‍കുക പ്രാധാന്യമാണ് ഈ ക്ഷണമെന്നാണ് വിലയിരുത്തല്‍. ഇസ്രായേൽ-യുഎസ് സംയുക്ത ആക്രമണത്തിൽ ഫെബ്രുവരി 28നാണ് ഖമനയി കൊല്ലപ്പെട്ടത്. 

ആക്രമണത്തിന് പിന്നാലെ ഖമനയിയുടെ മരണവാര്‍ത്ത ലോകമറിഞ്ഞെങ്കിലും ഇറാന്‍ വൈകിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മാസങ്ങള്‍ നീണ്ടുനിന്ന ഇറാന്‍ ഇസ്രയേല്‍ യുഎസ് യുദ്ധക്കെടുതിക്കൊടുവില്‍ സമാധാനക്കരാര്‍ എന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് ഇറാന്‍ ഖമനയിയുടെ സംസ്കാരച്ചടങ്ങിനെക്കുറിച്ച് വ്യക്തമാക്കിയത്. യുഎസ് ഇസ്രയേല്‍ ആക്രമണത്തില്‍ പരുക്കേറ്റ ഖമനയിയുടെ മകന്‍ മുജ്തബ ഖമനയി പിതാവിന്‍റെ സംസ്കാരച്ചടങ്ങിന് പ്രത്യക്ഷപ്പെടുമോ എന്നായിരുന്നു വാര്‍ത്തകള്‍ക്ക് പിന്നാലെ ഉയര്‍ന്നുവന്ന ചോദ്യം. ജൂലൈ 9നാണ് ഖമനയിയെ ഖബറടക്കുക എന്നാണ് ഇറാന്‍റെ ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഖമനയിയുടെ സംസ്കാരച്ചടങ്ങുകളിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുളള ക്ഷണം ജൂണ്‍ 23ന് വിദേശകാര്യ മന്ത്രാലയത്തിന് ഇറാന്‍ കൈമാറിയതായാണ് റിപ്പോര്‍ട്ട്. ജൂലൈ 3 മുതൽ 9 വരെ ടെഹ്‌റാൻ, ഖോം, മഷാദ് തുടങ്ങിയ വിവിധ നഗരങ്ങളിലായി നടക്കുന്ന സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ മോദി യാത്ര ചെയ്യുമോ എന്ന കാര്യത്തിൽ വിദേശകാര്യ മന്ത്രാലയം വ്യക്തത നൽകിയിട്ടില്ല. ഇറാനില്‍ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന വിലാപയാത്രയും മറ്റു ചടങ്ങുകള്‍ക്കും പിന്നാലെ ജൂലൈ 9ന് ഖമനയിയെ ഖബറടക്കും. ഇമാം റെസായുടെ ശവകുടീരത്തിന് അടുത്തായായിരിക്കും ഖമനയിയെയും അടക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ജൂലൈ 6നും 11നും ഇടയിൽ പ്രധാനമന്ത്രി മോദി ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങൾ സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടു തന്നെ ആയത്തുല്ല അലി ഖമനയിയുടെ സംസ്കാരച്ചടങ്ങുകളില്‍ മോദി പങ്കെടുക്കുമോ എന്ന കാര്യം വ്യക്തമല്ല.

ENGLISH SUMMARY:

Prime Minister Narendra Modi has reportedly been invited by Iran's President Masoud Peseshkian to attend the funeral of the late Ayatollah Ali Khamenei. This invitation highlights the diplomatic importance Iran places on its relationship with India, though Prime Minister Modi's attendance remains unconfirmed.