Image Credit: X(Left), ANI (right)

ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുല്ലയ്ക്ക് നേരെ വധശ്രമം. തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപെട്ടത്. ഇന്നലെ പാര്‍ട്ടി നേതാവ് ബി.എസ്.ചൗഹാന്‍റെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വധശ്രമം ഉണ്ടായത്. Z+ സുരക്ഷാവലയത്തിന് തൊട്ടടുത്തെത്തിയാണ് 65കാരനായ അക്രമി കമാല്‍ സിങ് വെടിയുതിര്‍ത്തത്. ഉന്നം പിഴച്ചതിനാല്‍ മാത്രം ഫറൂഖ് അബ്ദുല്ല രക്ഷപെടുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടനടി അക്രമിയെ കീഴടക്കി. ചടങ്ങ് നടക്കുന്ന സ്ഥലത്തേക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ഫറൂഖ് അബ്ദുല്ല നടന്ന് നീങ്ങുന്നതും പെട്ടെന്ന് പിന്നില്‍ നിന്നുമൊരാള്‍ സുരക്ഷാവലയം ഭേദിച്ച് അകത്തേക്ക് കയറി ഫറൂഖ് അബ്ദുല്ലയുടെ തലയ്ക്ക് പിന്നില്‍ തോക്ക് വയ്ക്കുന്നതും ഞൊടിയിടിയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അക്രമിയെ കീഴടക്കുന്നതും വിഡിയോ ദൃശ്യങ്ങളില്‍ കാണാം. സെക്കന്‍റുകളുടെ വ്യത്യാസത്തിന് മാത്രമാണ് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി രക്ഷപെട്ടത്. 

20 വര്‍ഷമായി താന്‍ ഫറൂഖ് അബ്ദുല്ലയെ വകവരുത്താന്‍ നടക്കുകയാണെന്നും ഇപ്പോഴാണ് സാഹചര്യം അടുത്തുകിട്ടിയതെന്നുമായിരുന്നു കമാല്‍ സിങ് ജംവാലിന്‍റെ മറുപടി. മദ്യപിച്ച് വശംകെട്ടിരുന്ന ജംവാലിനെ നാട്ടുകാരും കൈകാര്യം ചെയ്ത ശേഷമാണ് പൊലീസില്‍ കൈമാറിയത്. ജാഗരണ്‍ മഞ്ച് എന്ന സംഘടനയുടെ ചെയര്‍മാനാണ് താനെന്നും സ്വന്തമായി നിരവധി കെട്ടിടങ്ങളുണ്ടെന്നും ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടാണ് ജീവിക്കുന്നതെന്നും ജംവാല്‍ പൊലീസിനോട് പറഞ്ഞു. 

ഫറൂഖ് അബ്ദുല്ലയ്ക്ക് നേരെ വെടിയുതിര്‍ത്ത കമാല്‍ സിങ് ജംവാല്‍ (ചിത്രം : PTI)

ജമ്മുകശ്മീര്‍ ഉപമുഖ്യമന്ത്രി സുരീന്ദര്‍ ചൗധരി, മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് നാസിര്‍ സൊഗാമി എന്നിവര്‍ക്കൊപ്പമാണ് ഫറൂഖ് അബ്ദുല്ല വിവാഹച്ചടങ്ങിലേക്ക് എത്തിയത്. ആര്‍ക്കും അനര്‍ഥം സംഭവിക്കാതിരുന്നതില്‍ ദൈവത്തോട് നന്ദിയുണ്ടെന്നും സുരക്ഷാ വീഴ്ചയാണോയെന്ന് പരിശോധിക്കുമെന്നും നാസിര്‍ സൊഗാമി മാധ്യമങ്ങളോട് പറഞ്ഞു. ഫറൂഖ് അബ്ദുല്ലയ്ക്ക് നേരെ വെടിയുതിര്‍ക്കാന്‍ ഉപയോഗിച്ച തോക്കും പൊലീസ് പിടിച്ചെടുത്തു. 

'ദൈവം പരമകാരുണികനാണ്. തലനാരിഴയ്ക്കാണ് പിതാവ് രക്ഷപെട്ടത്. തിര നിറച്ച പിസ്റ്റളുമായി ഒരാളെത്തിയെന്നും പോയിന്‍റ് ബ്ലാങ്കില്‍ നിന്ന് വെടിയുതിര്‍ത്തുവെന്നും മാത്രമേ ഇപ്പോള്‍ അറിയുകയുള്ളൂവെന്നും മറ്റ് കാര്യങ്ങളില്‍ അന്വേഷണം പുരോഗമിക്കുന്നുവെന്നുമായിരുന്നു ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമാര്‍ അബ്ദുല്ലയുടെ ആദ്യ പ്രതികരണ. Z+എന്‍എസ്ജി സുരക്ഷയുള്ള ആളുടെ സമീപത്തേക്ക് അക്രമി തോക്കുമായെത്തിയത് എങ്ങനെയെന്ന് കണ്ടെത്തുമെന്നും ഒമാര്‍ എക്സില്‍ കുറിച്ചു.

ENGLISH SUMMARY:

On March 11, 2026, former Jammu and Kashmir Chief Minister Farooq Abdullah narrowly escaped an assassination attempt during a wedding ceremony in Jammu. A 65-year-old man, Kamal Singh Jamwal, fired a shot from point-blank range, but the veteran leader escaped unhurt as the attacker missed his aim. Security personnel immediately overpowered the gunman, who claimed to be the chairman of a group called Jagran Manch. Chief Minister Omar Abdullah raised serious concerns over the Z+ NSG security breach. The Jammu police have seized the weapon and initiated a high-level probe into the incident