ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുല്ലയെ വധിക്കാൻ ശ്രമിച്ച അക്രമിക്ക് വ്യക്തി വൈരാഗ്യമെന്ന് പൊലീസ്. പ്രാഥമിക അന്വേഷണത്തിൽ ഭീകരബന്ധമില്ലെന്നും വ്യക്തമായി. ഇന്നലെ രാത്രി വിവാഹച്ചടങ്ങിനിടെ, അക്രമി വെടിയുതിര്‍ത്തെങ്കിലും ഫറൂഖ് അബ്ദുല്ല അദ്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. 

ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് അധ്യക്ഷനുമായ ഫറൂഖ് അബ്ദുല്ലയ്ക്കെതിരെ 20 വര്‍ഷത്തെ പകയെന്നാണ് പ്രതി കമൽ സിങ് ജംവാൾ പൊലീസിന് മൊഴി നല്‍കിയത്. 63കാരനായ പ്രതിയെ പൊലീസ് ചോദ്യംചെയ്യുന്നു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് സൂചനയുണ്ട്. പ്രതിയുടെ സാമൂഹ്യ ബന്ധങ്ങളും സംഘടനകളുമായുള്ള ബന്ധവും പൊലീസ് പരിശോധിക്കുന്നു. ഭീകര ഗ്രൂപ്പുകളുമായി ബന്ധമുള്ളതായി കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. സുഖമായിരിക്കുന്നുവെന്നും ദൈവം രക്ഷിച്ചുവെന്നും വധശ്രമത്തിനുശേഷം ഫറൂഖ് അബ്ദുല്ലയുടെ ആദ്യ പ്രതികരണം.

ജമ്മു, ഗ്രേറ്റർ കൈലാഷിലെ ഒരു വിവാഹച്ചടങ്ങിനിടെയാണ് തോക്കുധാരി വെടിയുതിര്‍ത്തത്. വെടിയൊച്ച കേട്ട ഉടൻ സുരക്ഷാ വിഭാഗത്തിലെ ഇൻസ്പെക്ടറും സബ് ഇൻസ്പെക്ടറും ചേർന്ന് അക്രമിയെ കീഴ്പ്പെടുത്തി. എന്‍എസ്ജിയുടെ Z+ സുരക്ഷയുള്ള ഫറൂഖ് അബ്ദുല്ലയ്ക്ക് സമീപം പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ അക്രമി എത്തിയത് സുരക്ഷാ വീഴ്ചയെന്നാണ് വിലയിരുത്തല്‍. സംഭവത്തെ രാഷ്ട്രീയഭേദമന്യേ നേതാക്കള്‍ അപലപിച്ചു.

ENGLISH SUMMARY:

Farooq Abdullah assassination attempt news indicates the attacker acted on personal vendetta, with police confirming no terror links. This incident, occurring during a wedding, highlights a significant security lapse despite his Z+ security cover.