Image Credit:x.com/major_pawan
തടിപ്പാലത്തിലൂടെ നടക്കുന്നതിനിടെ കാല്‍ വഴുതി പുഴയില്‍ വീണ സഹപ്രവര്‍ത്തകനെ രക്ഷിക്കാന്‍ ചാടിയ സൈനികന്‍ മുങ്ങിമരിച്ചു. സിക്കിം സ്കൗട്ട്സിലെ ലഫ്റ്റനന്‍റ് ആയ ശശാങ്ക് തിവാരി(23)യാണ് മരിച്ചത്. സിക്കിമിലെ തന്ത്രപ്രധാന കേന്ദ്രത്തിലേക്കുള്ള പട്രോള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനായി ഇന്നലെ രാവിലെ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
അഗ്നിവീര്‍ സ്റ്റീഫന്‍ സുബ്ബ തടിപ്പാലത്തില്‍ നിന്നും പുഴയിലേക്ക് വീണു. ഇത് കണ്ടതും സംഘത്തലവനായിരുന്ന ശശാങ്ക് വെള്ളത്തിലേക്ക് ചാടുകയായിരുന്നു. ശശാങ്ക് മുങ്ങിപ്പോകുന്നത് കണ്ട് പിന്നാലെ ചാടിയ പുകര്‍ കടേല്‍ സ്റ്റീഫനെ രക്ഷിച്ചുവെങ്കിലും ശശാങ്ക് തിവാരി ഒഴുക്കില്‍പ്പെട്ടുപോയി. അര മണിക്കൂറിന് ശേഷമാണ് ശശാങ്കിന്‍റെ മൃതശരീരം കണ്ടെത്താനായത്. ആറുമാസം മുന്‍പാണ് ശശാങ്ക് സേനയില്‍ ചേര്‍ന്നത്.
ശശാങ്കിന്‍റേത് സഹപ്രവര്‍ത്തകന്‍റെ ജീവന്‍ രക്ഷിക്കാനുള്ള ധീരമായ പ്രവര്‍ത്തിയായിരുന്നുവെന്നും ആ ധൈര്യം വരാനിരിക്കുന്ന സൈനികര്‍ക്ക് പ്രചോദനമാകുമെന്നും സൈന്യം സമൂഹമാധ്യമക്കുറിപ്പില്‍ അറിയിച്ചു.പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാകും ശശാങ്കിന്‍റെ മൃതദേഹം സംസ്കരിക്കുകയെന്നും സൈന്യം വ്യക്തമാക്കി. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മതിയായ സഹായങ്ങള്‍ എത്തിക്കുമെന്നും സൈന്യം അറിയിച്ചു.