സൗജന്യമായി ഐസ്ക്രീം ചോദിച്ചിട്ട് കൊടുക്കാത്തതിന് ഐസ്ക്രീം വിൽപ്പനക്കാരനെ നടുറോഡിൽ വച്ച് തല്ലി പൊലീസ്. സംഭവത്തിന്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പൊലീസുകാരനെതിരെ വകുപ്പ്തല അന്വേഷണം നടക്കുന്നുണ്ട്. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
രാത്രി വൈകി തുറന്നിരിക്കുന്ന ഐസ്ക്രീം വണ്ടിക്കടുത്ത് പൊലീസ് വാഹനം എത്തുന്നതും പൊലീസുകാരൻ കടക്കാരെ പിടിച്ചുകൊണ്ടുവരുന്നതും വിഡിയോയിലുണ്ട്. സബ് ഇൻസ്പെക്ടർ ഹരി സിങും സംഘവും രാത്രി പെട്രോളിങിനിടെ പ്രശ്നമുണ്ടാക്കിയത്. ഇരുവരും സംസാരിച്ചതിന് ശേഷം പൊലീസ് ലാത്തി ഉപയോഗിച്ച് കടക്കാരനെ തല്ലുകയായിരുന്നു. വിഡിയോ വൈറലായതോടെ പോലീസ് ഉദ്യോഗസ്ഥനെ ഡ്യൂട്ടിയിൽ നിന്നും മാറ്റിയിട്ടുണ്ട്.
ഐസ്ക്രീം വിൽപ്പനക്കാരൻ മാപ്പു പറഞ്ഞ് സ്ഥലത്ത് നിന്നും മാറാൻ ശ്രമിക്കുന്നുണ്ടെങ്കിലും പൊലീസുദ്യോഗസ്ഥൻ അയാളെ അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. രാത്രി വൈകിയും കട തുറന്നിരുന്നതിനാൽ ഓഫീസർ ആദ്യം സൗജന്യ ഐസ്ക്രീം ആവശ്യപ്പെട്ടതായി സ്ഥലത്തുണ്ടായിരുന്ന ആളുകൾ പറഞ്ഞു. വിൽപ്പനക്കാരൻ ഇതിന് വിസമ്മതിച്ചപ്പോൾ പൊലീസുദ്യോഗസ്ഥൻ ദേഷ്യപ്പെടുകയും മോശമായി പെരുമാറുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.