പ്രതീകാത്മക ചിത്രം
ഡല്‍ഹിയില്‍ നിന്നും ദിബ്രുഗഡിലേക്ക് പോയ രാജധാനി എക്സ്പ്രസ് (20504) അട്ടിമറിക്കാന്‍ ശ്രമം. ഇന്നലെ വൈകുന്നേരമാണ് ട്രെയിന്‍ അട്ടിമറിക്ക് ശ്രമമുണ്ടായത്. റെയില്‍പാളത്തില്‍ വലിയ തടിക്കഷ്ണങ്ങള്‍ വിലങ്ങനെ കിടക്കുന്നത് ദൂരെ നിന്നേ ശ്രദ്ധയില്‍പ്പെട്ട ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്ക് പ്രയോഗിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ഹര്‍ദോയിലാണ് രണ്ട് ട്രെയിന്‍ അട്ടിമറി ശ്രമങ്ങളും നടന്നത്.
സാമൂഹ്യവിരുദ്ധരാണ് ട്രാക്കില്‍ തടിക്കഷ്ണങ്ങള്‍ കൊണ്ടിട്ടതെന്നാണ് പൊലീസിന്‍റെ നിഗമനം. തടിക്കഷ്ണങ്ങള്‍ എര്‍ത്തിങ് വയര്‍ കൊണ്ട് ട്രാക്കില്‍ ബന്ധിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. പിന്നാലെ കത്ഗോഡാം എക്സ്പ്രസും പാളം തെറ്റിക്കാന്‍ ശ്രമമുണ്ടായി. ഇതും ലോക്കോ പൈലറ്റിന്‍റെ സമയോചിതമായ ഇടപെടലില്‍ ഒഴിവാകുകയായിരുന്നു. രണ്ട് സംഭവങ്ങളിലും റെയില്‍വേ അന്വേഷണം നടത്തിവരികയാണ്. സ്ഥലം സന്ദര്‍ശിച്ചുവെന്നും വേണ്ട നടപടികളെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും സ്ഥലം എസ്പി അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച വടക്കന്‍ മഹാരാഷ്ട്രയിലെ അമല്‍നേര്‍ സ്റ്റേഷനടുത്ത് ചരക്കുട്രെയിന്‍ പാളം തെറ്റിയിരുന്നു. ലോക്കോ മോട്ടീവും ആറ് വാഗണുകളുമാണ് പാളം തെറ്റിയത്. ഗാന്ധിനഗറില്‍ നിന്നും കല്‍ക്കരി കയറ്റിയെത്തിയ ട്രെയിന്‍ പാളം തെറ്റിയതോടെ നന്ദര്‍ബര്‍ പാതയില്‍ ട്രെയിന്‍ഗതാഗതവും തടസപ്പെട്ടിരുന്നു. തെക്കന്‍ ഗുജറാത്തിനെ വടക്കന്‍ മഹാരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന പ്രധാനപാതയാണ് നന്ദര്‍ബര്‍–സൂറത്ത് പാത.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലും കാണ്‍പുറില്‍ ട്രെയിന്‍ അട്ടിമറിക്ക് ശ്രമം നടന്നിരുന്നു. പ്രയാഗ്രാജ്– ഭിവാനി കാളിന്ദി എക്സ്പ്രസ് അന്ന് ട്രക്കിലുണ്ടായിരുന്ന പാചകവാതക സിലിണ്ടറില്‍ ഇടിച്ചിരുന്നു. ട്രെയിന്‍ നല്ല വേഗതയിലായിരുന്നതിനാല്‍ സിലിണ്ടര്‍ ഇടിച്ച് തെറിച്ചു പോയതോടെ അപകടം ഒഴിവാകുകയായിരുന്നു.