പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍; വൈദ്യുതാഘാതമല്‍ക്കുന്നതിന് തൊട്ടുമുന്‍പുള്ള ദൃശ്യം (Image: Screen Grab/ x.com/SachinGuptaUP)

പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍; വൈദ്യുതാഘാതമല്‍ക്കുന്നതിന് തൊട്ടുമുന്‍പുള്ള ദൃശ്യം (Image: Screen Grab/ x.com/SachinGuptaUP)

പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് പൊലീസ് കോണ്‍സ്റ്റബിളിന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലാണ് സംഭവം. ട്രക്ക് ഡ്രൈവറെ ആക്രമിച്ച കേസിലെ പ്രതികളുടെ കാറാണ് പൊലീസ് പിന്തുടരുന്നതിനിടെ വൈദ്യുതി തൂണിൽ ഇടിച്ച് കനാലിലേക്ക് മറിഞ്ഞത്. തുടര്‍ന്ന് പ്രതികളില്‍ ഒരാളെ രക്ഷിക്കാനായി വെള്ളത്തിലേക്ക് ചാടിയ പൊലീസ് കോണ്‍സ്റ്റബിളാണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്. വൈദ്യുതാഘാതമേറ്റതോടെ നിലവിളിക്കുകയും കനാലില്‍ മുങ്ങിത്താഴുകയും ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

വെള്ളിയാഴ്ച രാത്രി 9 മണിയോടെ കോട്‌വാലി സിറ്റി പൊലീസ് പരിധിയിലുള്ള ചക്കർ ചൗക്കിന് സമീപമാണ് സംഭവം. ജയിലിൽ നിന്ന് സുഹൃത്തുക്കളിലൊരാള്‍ പുറത്തിറങ്ങിയതിന്റെ ആഘോഷത്തിലായിരുന്നു അക്രമികള്‍. കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇവര്‍ അശ്രദ്ധമായി വാഹനമോടിക്കുകയായിരുന്നു. തുടര്‍ന്ന് റാഷിദ്പൂർ ഗർഹി ഗ്രാമത്തിന് സമീപം ഒരു ട്രക്കുമായി കൂട്ടിയിടിച്ചതായും പൊലീസ് പറയുന്നു. കൂട്ടിയിടിക്ക് പിന്നാലെ ട്രക്ക് ഡ്രൈവറുമായി തര്‍ക്കം ഉണ്ടാകുകയും സംഘം ട്രക്ക് ഡ്രൈവറെ ആക്രമിക്കുയുമായിരുന്നു. 

അക്രമികള്‍ ട്രക്ക് ഡ്രൈവര്‍ക്കുനേരെ വെടിയുതിര്‍ത്തതിന് പിന്നാലെ പരിഭ്രാന്തരായ ഗ്രാമവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് കാറിനെ പിന്തുടരാന്‍ ആരംഭിച്ചു. കുറ്റവാളികൾ സഞ്ചരിച്ചിരുന്ന കാറിനെ പൊലീസ് വളഞ്ഞുവെച്ച് വെടിവച്ചെങ്കിലും കുറ്റവാളികൾ വീണ്ടും പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. തുടര്‍ന്ന രക്ഷപ്പെട്ട അക്രമികളുടെ വാഹനം, സൽമാബാദ്-ഭരേര റോഡിലൂടെ അതിവേഗത്തില്‍ സഞ്ചരിക്കുകയും ഹൈടെൻഷൻ വൈദ്യുതി തൂണിൽ ഇടിച്ച് സമീപത്തുള്ള കനാലിലേക്ക് മറിയുകയുമായിരുന്നു. വൈദ്യുതി ലൈനുകളും കനാലിലെ വെള്ളത്തിലേക്ക് പൊട്ടിവീണു.

അപകടത്തിന് പിന്നാലെ കാറിലുണ്ടായിരുന്നവരില്‍ മൂന്ന് പ്രതികൾ ഉടൻ ഓടി രക്ഷപ്പെട്ടു. എന്നാല്‍ ഹീംപൂർ ദീപ ഗ്രാമവാസിയായ നീരജ് എന്നയാള്‍ കാറിനകത്ത് കുടുങ്ങി. വൈദ്യുതലൈന്‍ കനാലിലേക്ക് പൊട്ടിവീണതറിയാതെ കോൺസ്റ്റബിൾമാരായ മനോജ് കുമാറും ഗംഗാറാമും കനാലിലേക്ക് ചാടി പ്രതിയെ രക്ഷപ്പെടുത്തുകയായിരുന്നു. നീരജിനെ പുറത്തെടുക്കുന്നതിനിടെ മൂന്ന് പേരും വൈദ്യുതാഘാതമേറ്റു. സമീപത്തുണ്ടായിരുന്നവർ ബഹളം വെച്ചതോടെ പൊലീസും നാട്ടുകാരും ഓടിയെത്തി മൂവരേയും കനാലില്‍ നിന്ന് കരയ്ക്കുകയറ്റി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ചികിത്സയ്ക്കിടെയാണ് കോൺസ്റ്റബിൾ മനോജ് കുമാർ മരിക്കുന്നത്. മനോജ് തന്റെ ജീവൻ പണയപ്പെടുത്തുക മാത്രമല്ല സഹപ്രവര്‍ത്തരെ രക്ഷിച്ചതായും പൊലീസ് പറയുന്നു. വൈദ്യുതാഘാതമേറ്റപ്പോളും സഹപ്രവര്‍ത്തകരെ മനോജ് അറിയച്ചതിനാലാണ് കൂടുതല്‍പേര്‍ വെള്ളത്തിലേക്ക് എടുത്തുചാടാഞ്ഞത്. അതേസമയം കോണ്‍സ്റ്റബിള്‍ ഗംഗാറാം ഗുരുതരാവസ്ഥയിൽ തുടരുകയാണ് എന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ നിന്നും രക്ഷപ്പെട്ട പ്രതി നീരജിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പ്രതികളില്‍ ഒരാളായ വീർഭൻ എന്ന വീരുവിനെ പൊലീസ് ഏറ്റുമുട്ടലിനുശേഷം പിടികൂടി. ഇയാളില്‍ നിന്നും നാടൻ പിസ്റ്റളും വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കടന്നുകളഞ്ഞ മറ്റ് രണ്ട് പ്രതികള്‍ക്കായി പൊലീസ് സംഘം തിരച്ചിൽ തുടരുകയാണ്. 

മരിച്ച പൊലീസ് കോണ്‍സ്റ്റബിള്‍ മനോജിന്‍റെ മൃതദേഹം ഗാർഡ് ഓഫ് ഓണർ നൽകി ജന്മഗ്രാമമായ ബാഗ്പത്തില്‍ സംസ്കരിച്ചു. 2016 ലാണ് മനോജ് പൊലീസില്‍ ചേരുന്നത്. മുപ്പതുകാരനായ മനോജ് കുമാര്‍ വിവാഹിതനാണ്. അഞ്ച് വയസ്സുള്ള മകനുമുണ്ട്. 

ENGLISH SUMMARY:

A tragic incident unfolded in Bijnor, Uttar Pradesh, where Police Constable Manoj Kumar died from electrocution while attempting to rescue a suspect after a police chase ended in a car crashing into a canal and hitting a high-tension electric pole. The car, carrying suspects involved in a truck driver assault case, overturned, causing live wires to fall into the water. Despite the risk, Manoj and another constable jumped into the canal to save a trapped suspect. Manoj succumbed to his injuries at the hospital. The heroic act prevented further casualties. Two suspects are still on the run while one was caught after an encounter.