അങ്കമാലിയിൽ വാഹനാപകടത്തിൽ മരിച്ച പത്തൊമ്പതുകാരി ജാസ്‌ലിയ ജോൺസന്റെ സംസ്കാരം ഇന്ന്. രാവിലെ കോളേജിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. മരണാനന്തരവും നാലുപേർക്ക് ജീവൻ പകരുന്ന അവയവദാനത്തിലൂടെയാണ് ജാസ്‌ലിയ വിടപറയുന്നത്.
ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളെയാണ് വിധി ഒരുനിമിഷം കൊണ്ട് തട്ടിയെടുത്തത്. ആ വേദനയ്ക്കിടയിലും നാലുപേർക്ക് ജീവിതത്തിന്റെ വെളിച്ചം പകർന്നുകൊണ്ട് ജാസ്‌ലിയ യാത്രയാകുന്നു. അങ്കമാലി മോണിംഗ് സ്റ്റാർ കോളേജില്‍ ചലനമറ്റ് ജാസ്‌ലിയ എത്തിയപ്പോൾ, കണ്ടുനിന്ന കൂട്ടുകാർക്ക് കരച്ചിലടക്കാനായില്ല. വിങ്ങിപ്പൊട്ടിയാണ് അധ്യാപകരടക്കം ജാസ്‌ലിയുടെ ഓർമകൾ പങ്കുവച്ചത്.
ജാസ്‌ലിയയുടെ കരൾ രാജഗിരി ആശുപത്രിയിലേക്കും, വൃക്കകൾ കോട്ടയം മെഡിക്കൽ കോളേജിലേക്കും, നേത്രപടലങ്ങൾ അങ്കമാലി നേത്ര ബാങ്കിലേക്കുമാണ് നൽകിയത്. സംസ്കാരം വൈകിട്ട് മൂന്ന് മണിക്ക് കുഴിപ്പിള്ളി സെന്റ് അഗസ്റ്റിൻ പള്ളി സെമിത്തേരിയിൽ നടക്കും. മനുഷ്യസ്നേഹത്തിന്റെ വലിയ സന്ദേശം നൽകിയ ജാസ്ലിയ നാലുപേരിലൂടെ ഇനിയും ജീവിക്കും.
ENGLISH SUMMARY:
The funeral of 19-year-old Jasliya Johnson, who died in a tragic road accident in Angamaly, was held today at St. Augustine’s Church, Kuzhuppilly. Even in their profound grief, Jasliya’s family chose organ donation, giving a new lease of life to four people. Her liver was donated to Rajagiri Hospital, kidneys to Kottayam Medical College, and corneas to Angamaly Eye Bank. Students and faculty at Morning Star College paid their last respects as her body was kept for public viewing on March 4, 2026. Jasliya’s selfless act of humanity continues to inspire many across Kerala.