17കാരിയെ ഓടുന്ന കാറില്‍ കൂട്ടബലാത്സംഗം ചെയ്തു. സുഹൃത്തായ 19കാരിയെ കാറില്‍ നിന്നും റോഡിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. മീററ്റ് ദേശീയപാതയിലാണ് സംഭവം. മൂന്ന് ആണ്‍സുഹൃത്തുക്കളാണ് യുവതികളെ ഉപദ്രവിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. എല്ലാ പ്രതികളെയും പൊലീസ് പിടികൂടി.
മീററ്റിനും ബുലന്ദ്ഷഹറിനും ഇടയിലാണ് യുവതികള്‍ ക്രൂരമായി ആക്രമിക്കപ്പെട്ടത്. നോയിഡയിലെ ഇവന്‍റ് മാനേജ്മെന്റ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന 17കാരിയും സുഹൃത്തായ പെണ്‍കുട്ടിയും ചൊവ്വാഴ്ചയാണ് രണ്ട് യുവാക്കള്‍ക്കൊപ്പം കാറില്‍ യാത്ര ചെയ്തത്. 20കാരായ സന്ദീപ് സിങ്, അമിത് കുമാര്‍ എന്നിവര്‍ക്കൊപ്പമാണ് യുവതികള്‍ യാത്ര ചെയ്തത്. പിന്നീട് രാത്രി എട്ടുമണിയോടെ ഗാസിയാബാദില്‍ നിന്നും കാറിലേക്ക് ഒരാള്‍ കൂടി കയറി.
കാറില്‍ യാത്ര ചെയ്തുകൊണ്ട് അഞ്ചുപേരും മദ്യപിക്കുകയും പിന്നാലെ ചില തര്‍ക്കങ്ങള്‍ ഉടലെടുക്കുകയും ചെയ്തു. തുടര്‍ന്നാണ് മീററ്റിനു സമീപത്തുവച്ച് ഈ യുവാക്കള്‍ 19കാരിയെ ചവിട്ടി പുറത്തിടുകയും 17കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തത്. റോഡിലേക്ക് വീണ യുവതിയുടെ ശരീരത്തിലൂടെ മറ്റൊരു വാഹനം കയറി തല്‍ക്ഷണം മരിച്ചു. രാത്രി മൊത്തം പെണ്‍കുട്ടിയെ യുവാക്കള്‍ ഓടുന്ന കാറില്‍ ഉപദ്രവിച്ചതായും പിറ്റേന്നു രാവിലെ രക്ഷപ്പെട്ടാണ് യുവതി പൊലീസില്‍ പരാതി നല്‍കാനെത്തിയതെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഇന്നലെയാണ് മൂന്നു പ്രതികളേയും അറസ്റ്റ് ചെയ്തത്.
അതേസമയം ദേശീയപാത 334ല്‍ പൊലീസ് പട്രോളിങ് ഇല്ലെന്നും 2016ലും സമാനമായ സംഭവമുണ്ടായിട്ടുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു. അന്ന് ഒരു സ്ത്രീയും പ്രായപൂര്‍ത്തിയാകാത്ത മകളും സമാനമായ രീതിയില്‍ ആക്രമിക്കപ്പെട്ടിരുന്നു.