AI Generated Image
സുഹൃത്തിന്‍റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ യാത്ര തിരിച്ച യുവാവ് കാര്‍ അഴുക്കുചാലില്‍ വീണ് മരിച്ചു. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. ഡല്‍ഹിയിലെ മണ്ഡവാലി സ്വദേശിയായ ഭരത് സിങ് (31) ആണ് മരിച്ചത്. സ്റ്റേഷന്‍ മാസ്റ്ററായി ജോലി ചെയ്തുവരികയായിരുന്നു ഭരതെന്ന് പൊലീസ് പറയുന്നു.
മാര്‍ച്ച് ഒന്നാം തീയതി ഗ്രേറ്റര്‍ നോയിഡയില്‍ വച്ചാണ് ഭരതിന്‍റെ കാര്‍ 30 അടി താഴ്ചയുള്ള അഴുക്കുചാലിലേക്ക് വീണത്. ശനിയാഴ്ച വൈകുന്നേരം മൂന്നരയോടെ കേന്ദ്രീയ വിഹാര്‍ പ്രദേശത്തിന് സമീപം ഒരു കാര്‍ അഴുക്കുചാലില്‍ വീണ് കിടക്കുന്നതായി പൊലീസില്‍ വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഭരതിന്‍റെ മൃതദേഹം കണ്ടെത്തിയത്. ജിപിഎസ് വഴി തെറ്റിച്ചതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. അതേസമയം ഭരതിന്‍റെ മൊബൈല്‍ ഫോണ്‍ കണ്ടെത്താനാകാത്തതിനാല്‍ ഇക്കാര്യം സ്ഥിരീകരിക്കാനാവില്ലെന്ന് പൊലീസ് അറിയിച്ചു.
അപകടമുണ്ടായ സ്ഥലത്ത് മുന്നയിപ്പ് ബോര്‍ഡുകളൊന്നും സ്ഥാപിച്ചിരുന്നില്ല. റോഡ് അവസാനിക്കുന്നിടത്ത് അഴുക്ക് ചാലാണെന്നും ഒരു പക്ഷേ വാഹനം നിയന്ത്രണം വിട്ട് അഴുക്കുചാലിലേക്ക് പതിച്ചാണെന്ന് സംശയമുണ്ട്. ക്രെയിന്‍ ഉപയോഗിച്ചാണ് ഭാരതിന്‍റെ വാഹനം ഉയര്‍ത്തിയെടുത്തത്. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.