മനുഷ്യത്വപരമായ ഇടപെടല്‍ വേണ്ടിടത്ത് സമൂഹം കാഴ്ചക്കാരായപ്പോള്‍ നഷ്ടമായത് വിലപ്പെട്ടൊരു ജീവന്‍. ബെംഗളുരു നഗരത്തില്‍ നടുറോഡില്‍ യുവാവിന് ജീവന്‍ നഷ്ടപ്പെട്ടതിന് ആശുപത്രിഅധികൃതര്‍ക്കും പങ്ക് . ഈ ഉത്തരവാദിത്തരാഹിത്യം കൊണ്ട് 5വയസും 18മാസവും പ്രായമുള്ള കുരുന്നുകള്‍ക്ക് നഷ്ടമായത് സ്വന്തം അച്ഛനെ.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നരയോടെയാണ് ബാലാജി നഗറില്‍ താമസിക്കുകയായിരുന്ന വെങ്കട്ടരമണന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍ തന്നെ സ്കൂട്ടറില്‍ വെങ്കട്ടരമണനും ഭാര്യയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് തിരിച്ചു. ഭാര്യയാണ് വണ്ടിയോടിച്ചത്. ഡോക്ടര്‍ ഇല്ലെന്നുപറഞ്ഞ് ഇവിടെ നിന്നും ദമ്പതികളെ പറഞ്ഞുവിട്ടു. പിന്നാലെ ഇരുവരും മറ്റൊരു ആശുപത്രിയിലെത്തി ഇസിജി പരിശോധന നടത്തി. ചെറിയൊരു പ്രശ്നം മാത്രമാണെന്ന് പറഞ്ഞ് ഇവിടെ നിന്നും അധികൃതര്‍ അദ്ദേഹത്തിന് ആംബുലന്‍സ് സൗകര്യം പോലും നല്‍കാതെ ശ്രീ ജയദേവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോവസ്കുലാര്‍ സയന്‍സസിലേക്ക് പോവാന്‍ ആവശ്യപ്പെട്ടു.
മറ്റു വഴികളില്ലാതെ ദമ്പതികള്‍ സ്കൂട്ടറില്‍ തന്നെ യാത്ര തിരിച്ചു. പിന്നാലെ വണ്ടി അപകടത്തില്‍പ്പെട്ടു. തുടര്‍ന്ന് റോഡില്‍ വേദനകൊണ്ടു പുളഞ്ഞ ഭര്‍ത്താവിനു വേണ്ടി ഭാര്യ ആ വഴി വന്ന ഓരോ വണ്ടിക്കുമുന്നിലും തൊഴുകയ്യോടെ കരഞ്ഞു വിളിച്ചു. ഒരാളും വണ്ടി നിര്‍ത്താന്‍ തയ്യാറായില്ലെന്ന് മാത്രമല്ല പ്രശ്നമെന്തെന്ന് അന്വേഷിക്കാന്‍ പോലും ആരും മുതിര്‍ന്നില്ല. കാറുകള്‍ക്കും വാനുകള്‍ക്കും ബൈക്കുകള്‍ക്കും മുന്നില്‍ ആ യുവതി കരഞ്ഞുനില്‍ക്കുന്ന സിസിടിവി ദൃശ്യങ്ങളും ഇതോടൊപ്പം പുറത്തുവന്നു.
ഇതിനിടെയിലെല്ലാം യുവതി ഭര്‍ത്താവിനെ വന്നുനോക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഏറെ നേരത്തിനു ശേഷം ഒരു കാബ് ഡ്രൈവര്‍ വാഹനം നിര്‍ത്തി വെങ്കട്ടരമണനെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അപ്പോഴേക്കും രക്ഷിക്കാനാവാത്ത വിധം ജീവന്‍ നഷ്ടപ്പെട്ടിരുന്നു. 2020ല്‍ വിവാഹിതരായ ദമ്പതികള്‍ക്ക് 5വയസുകാരനായ മകനും ഒന്നര വയസു പ്രായമുള്ള മകളുമാണുള്ളത്. മറ്റ് അഞ്ചു മക്കളും മരിച്ച വെങ്കട്ടരമണന്റെ അമ്മയ്ക്ക് അയാള്‍ മാത്രമായിരുന്നു ആശ്രയം. മരണശേഷം അദ്ദേഹത്തിന്റെ കണ്ണുകള്‍ ദാനം ചെയ്തതായും ബന്ധുക്കള്‍ അറിയിച്ചു