Image: AFP
ഇറാന്റെ ചബഹാര്‍ തുറമുഖ പദ്ധതിക്കായി ഈ വര്‍ഷം ഇന്ത്യ ഫണ്ട് അനുവദിക്കാത്തത് അങ്ങേയറ്റം നിരാശാജനകമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചി പറഞ്ഞു. യൂറോപ്പിലേക്കും മധ്യേഷ്യയിലേക്കുമുള്ള ബന്ധം വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായകറോളുള്ള ചബഹാര്‍ നിശ്ചമാകുന്നത് ഡല്‍ഹിക്കും ടെഹ്റാനും ഒരുപോലെ നഷ്ടമാണെന്നും അരാഗ്ച്ചി വ്യക്തമാക്കുന്നു.
ചബഹാറിനുള്ള ഫണ്ട് ഇന്ത്യ വെട്ടിയത് നിരാശയാണോയെന്ന ഇന്ത്യാ ടുഡേ പ്രതിനിധിയുടെ ചോദ്യത്തോടാണ് അരാഗ്ച്ചിയുടെ പ്രതികരണം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസത്തെ ഇസ്രയേല്‍ സന്ദര്‍ശനം നടത്തുന്നതും ചബഹാറിനുള്ള ഫണ്ട് വെട്ടിക്കുറച്ചതുമായും ബന്ധപ്പെടുത്തി വായിക്കണോയെന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്. അതേസമയം യുഎസ്–ഇറാന്‍ യുദ്ധഭീതി നിലനില്‍ക്കുന്ന സാഹചര്യമായതിനാലാകാം തിടുക്കപ്പെട്ടൊരു നീക്കത്തിന് ചബഹാറില്‍ ഇന്ത്യ തുനിയാത്തതെന്നും സൂചനയുണ്ട്.
Image: AFP
ഇന്ത്യന്‍ മഹാസമുദ്ര മേഖലയെ മധ്യേഷ്യയുമായും യൂറോപ്പുമായും ബന്ധിപ്പിക്കുന്ന സുവര്‍ണകവാടമാണ് ചബഹാര്‍ എന്ന് മുന്‍പ് നരേന്ദ്രമോദി സൂചിപ്പിച്ചിരുന്നത് കൂടി ഓര്‍മിപ്പിച്ചായിരുന്നു അരാഗ്ച്ചിയുടെ പ്രതികരണം. പൂര്‍ണമായി വികസിപ്പിച്ചാല്‍ ഇറാന്‍ വഴി ഇന്ത്യയ്ക്ക് വലിയ വികസനവും നേട്ടങ്ങളും സൃഷ്ടിക്കാന്‍ കഴിയുന്ന തന്ത്രപ്രധാന തുറമുഖമാണിതെന്നും അരാഗ്ച്ചി പറഞ്ഞു. ഏറ്റവും മികച്ച ട്രാന്‍സിറ്റ് റൂട്ടാകുമിതെന്ന കാര്യത്തിലും സംശയമില്ല, ചബഹാര്‍ പൂര്‍ണമായി വികസിക്കുന്നതും ലക്ഷ്യങ്ങളിലെത്തുന്നതും ഒരു ദിവസം കാണാനാകുമെന്ന പ്രതീക്ഷയിലാണ് താനെന്നും അരാഗ്ച്ചി കൂട്ടിച്ചേര്‍ത്തു.
പാക്കിസ്ഥാനെ ഒഴിവാക്കി അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും നേരിട്ടുള്ള വ്യാപാര ഗതാഗത പാത നിര്‍മിക്കുക എന്ന ഉദ്ദേശ്യത്തോടെ ഇന്ത്യ ആരംഭിച്ച പദ്ധതിയാണ് ചബഹാര്‍. തെക്കുകിഴക്കന്‍ ഇറാനിലാണ് ചബഹാര്‍ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം മധ്യേഷ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താം, കടല്‍ത്തീരമില്ലാത്ത മധ്യേഷ്യന്‍ വിപണികളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാം, പാക്കിസ്ഥാനിലെ ഗ്വാദര്‍ തുറമുഖത്ത് നങ്കൂരമിട്ട ചൈനീസ് ശക്തിയെ പ്രതിരോധിക്കാനും മേഖലയില്‍ ഇന്ത്യയുടെ സ്വാധീനവും സാന്നിധ്യവും ശക്തിപ്പെടുത്താനും ചബഹാര്‍ സഹായകരമാകും.