പ്രതീകാത്മക ചിത്രം (AI Generated)
വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് മരിച്ച അച്ഛന്‍റെ മൃതദേഹം സംസ്കരിക്കുന്നതിനെ ചൊല്ലി മക്കള്‍ തമ്മില്‍ തര്‍ക്കം. മധ്യപ്രദേശിലെ തികാംഗഡിലാണ് വിചിത്രമായ സംഭവവികാസങ്ങളുണ്ടായത്. രണ്ട് ആണ്‍മക്കളും കര്‍മം ചെയ്യണമെന്ന് വാശി പിടിച്ചതോടെ മൃതദേഹം മുന്നിലിരിക്കെ അടിപിടിയും ബഹളവുമായി. ഒടുവില്‍ അച്ഛന്‍റെ മൃതദേഹം രണ്ടായി മുറിക്കാമെന്നും അപ്പോള്‍ സൗകര്യമായി കര്‍മം ചെയ്യാമല്ലോ എന്നുമായിരുന്നു ഇളയമകന്‍റെ വാദം.
താല്‍ ലിധോര ഗ്രാമവാസിയായ ധ്യാനി സിങ് ഘോഷെന്ന 85കാരന്‍റെ സംസ്കാരച്ചടങ്ങുകളാണ് വന്‍ വിവാദത്തിലായത്. കഴിഞ്ഞ ഞായറാഴ്ചയാണ് ധ്യാനി സിങ് മരിച്ചത്. അന്ത്യകര്‍മം ആര് ചെയ്യുമെന്നതിനെ ചൊല്ലി മക്കളായ ദാമോദര്‍ സിങും കിഷന്‍ സിങും തമ്മില്‍ തര്‍ക്കമായി. സ്ഥലത്തെത്തിയ നാട്ടുകാര്‍ പൊലീസിലും വിവരമറിയിച്ചു. ഇരുവരെയും അനുനയിപ്പിച്ച് മൃതദേഹം എത്രയും വേഗം സംസ്കരിക്കാന്‍ പൊലീസ് പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും സാധിച്ചില്ല.
അവസാനകാലത്ത് പിതാവിനെ പരിചരിച്ചത് മൂത്തമകനായ ദാമോദര്‍ ആയതിനാല്‍ ദാമോദര്‍ തന്നെ അന്ത്യകര്‍മങ്ങള്‍ ചെയ്യട്ടെയെന്ന് നാട്ടുകാരും പൊലീസുകാരും ചേര്‍ന്ന് തീരുമാനിച്ചു. കിഷന്‍ ഇതിനെ എതിര്‍ത്തു. മൃതദേഹത്തിന് മുന്നില്‍ വച്ച് അടിപിടിയായി. ഒടുവില്‍ കിഷന്‍ തന്നെയാണ് മൃതദേഹം രണ്ടാക്കാമെന്ന വാദം മുന്നോട്ട് വച്ചത്. നാട്ടുകാരും പൊലീസുമെല്ലാം എതിര്‍ത്തിട്ടും കിഷന്‍ പിന്‍മാറിയില്ല. ഒടുവില്‍ പൊലീസ് ബലപ്രയോഗത്തിലൂടെ ദാമോദറിനെ കൊണ്ട് അന്ത്യകര്‍മങ്ങള്‍ ചെയ്യിക്കുകയായിരുന്നു.