മധ്യപ്രദേശിലെ ബേതുല്‍ ജില്ലയില്‍ രണ്ട് സര്‍ക്കാര്‍ ജീവനക്കാരെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ബേതുല്‍ നഗര്‍ പരിഷത്തിലെ ക്ലാര്‍ക്കായ രജനി ദുണ്ഡെല (48), വാട്ടര്‍ അതോറിറ്റി ജീവനക്കാരനായ മിഥുന്‍ (29) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങള്‍ ബയവാഡി ഗ്രാമത്തില്‍ നിന്നും കണ്ടെത്തി.
ചൊവ്വാഴ്ച വൈകി ഇരുവരും വീട്ടില്‍ എത്താതിരുന്നതോടെ ലഭിച്ച പരാതിയില്‍ പൊലീസ് നടത്തിയ തിരിച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്. മിഥുന്‍റെ ഫോണിലെ ലൊക്കേഷന്‍ ട്രാക്ക് ചെയ്താണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. ബൈക്കും രണ്ട് ചെരിപ്പുകളും മൊബൈല്‍ഫോണും ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ വയലിലെ കിണറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
രജനിയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയ ആത്മഹത്യ കുറിപ്പില്‍ സഹപ്രവര്‍ത്തകരുടെ അപവാദപ്രചാരണമാണ് ജീവനൊടുക്കാന്‍ കാരണമെന്ന് വ്യക്തമാക്കുന്നുണ്ട്. മിഥുന്‍ മകനെ പോലെയാണെന്നും എന്നാല്‍ സഹപ്രവര്‍ത്തകര്‍ ഇത് അവിഹിതബന്ധമാണെന്ന് പറഞ്ഞു പരത്തി. സഹപ്രവര്‍ത്തകരുടെ തുടര്‍ച്ചയായ അപവാദ പ്രചാരണങ്ങള്‍ അസഹനീയമായി മാറി. മാനസിക പീഡനമായി. ഇതിന് കാരണക്കാരായ അഞ്ചു പേരുടെ വിവരങ്ങളും രജനി ആത്മഹത്യ കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്.
ഇരുവരും ഒരേ ഓഫീസിലെ ജീവനക്കാരായിരുന്നു. സഹപ്രവര്‍ത്തകരുടെ അപവാദ പ്രചരണങ്ങളില്‍ സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇരുവരുടെയും ഫോണ്‍ റെക്കോര്‍ഡുകള്‍ പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്. വിധവയായ രജനിക്ക് ഒരു മകനും രണ്ട് പെണ്‍മക്കളുമാണുമാണുള്ളത്. മകന്റെ വിവാഹം ഉടനെ നടക്കാനിരിക്കെയാണ് സംഭവം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)