AI Generated Image
ബംഗാളിലെ ഹൗറയില്‍ ഭര്‍ത്താവിന്‍റെ വൃക്ക വിറ്റ് ലഭിച്ച പണവുമായി കാമുകനൊപ്പം ഒളിച്ചോടി യുവതി. ഹൗറ ജില്ലയിലെ സങ്ക്രെയിലിലാണ് സംഭവം. മകളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും പണം വേണമെന്ന് ചൂണ്ടിക്കാട്ടി വൃക്ക വില്‍ക്കാന്‍ ഭര്‍ത്താവിനെ നിര്‍ബന്ധിച്ചതും യുവതി തന്നെയായിരുന്നു. വൃക്ക വിറ്റുന്ന പണം കൊണ്ട് തങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെല്ലാം തീരുമെന്ന് യുവതി ഭര്‍ത്താവിനെ പറഞ്ഞ് വിശ്വസിപ്പിക്കുകയുമായിരുന്നു.
ഒടുവില്‍ ഭര്‍ത്താവ് സമ്മതിക്കുകയും ഒരു വർഷത്തോളം നീണ്ട തിരച്ചിലിനൊടുവിൽ മൂന്ന് മാസം മുമ്പ് ദാതാവിനെ കണ്ടെത്തി വൃക്ക വില്‍ക്കുകയും ചെയ്തു. പത്ത് ലക്ഷം രൂപയ്ക്കാണ് വൃക്ക വിറ്റത്. ഈ പണം കൊണ്ട് കുടുംബത്തിന്‍റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്ന് വിശ്വസിച്ച് സമാധാനിച്ച യുവാവിനാകട്ടെ ലഭിച്ചത് സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്ത തിരിച്ചടിയായിരുന്നു. കുടുംബത്തിന്‍റെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ യുവാവ് ശ്രമിക്കുന്നതിനിടെ ഭാര്യ ആ പണവുമായി കാമുകനൊപ്പം മുങ്ങി!
ബാരക്പൂരിലെ സുഭാഷ് കോളനിയിൽ താമസിക്കുന്ന രവിദാസ് എന്നയാളോടൊപ്പമാണ് യുവാവിന്‍റെ ഭാര്യ ഒളിച്ചോടിയത്. സംഭവത്തെ തുടര്‍ന്ന് ഭർത്താവ് തന്നെയാണ് പൊലീസിൽ പരാതി നൽകുന്നത്. ചിത്രകാരനായ രവി ദാസിനും കച്ചവടത്തില്‍ പങ്കുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് യുവതി ഇയാളെ പരിചയപ്പെടുന്നത്.
ഇതിനിടെ യുവതി രവിദാസിനൊപ്പം ഇയാളുടെ ഗ്രാമത്തില്‍ താമസം തുടങ്ങിയിരുന്നു. ഇതറിഞ്ഞ് യുവാവിന്‍റെ കുടുംബം 10 വയസുകാരിയായ മകളെയും കൂട്ടി വെള്ളിയാഴ്ച ഇവരുടെ വീട്ടിലെത്തി. എന്നാല്‍ യുവതിയും കാമുകനും ആദ്യം വാതില്‍ തുറക്കുവാന്‍ പോലും തയ്യാറായിരുന്നില്ല. ഒടുവില്‍ വാതില്‍ തുറന്നപ്പോള്‍ ഭര്‍ത്താവിന്‍റെ വീട്ടുകാരോട് നിങ്ങളെക്കൊണ്ട് ചെയ്യാന്‍ പറ്റുന്നത് ചെയ്യൂ എന്നും വിവാഹമോചനത്തിന് നോട്ടിസ് അയക്കുമെന്നും യുവതി പറഞ്ഞതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭര്‍ത്താവിന്‍റെ മാതാപിതാക്കളും മകളും അപേക്ഷിച്ചിട്ടും യുവതി വീട്ടിലേക്ക് തിരിച്ചുവരാന്‍ തയ്യാറായില്ല. 1994 ല്‍ രാജ്യത്ത് അവയവ വിൽപനയ്ക്ക് നിരോധനമേല്‍പ്പെടുത്തിയിട്ടുണ്ട്.