ഇന്‍ഡോറിലെ സംഗീത പരിപാടിക്കിടെ ദില്‍ജിത് ദൊസാഞ്ച് (Image Credit: Reuters)

  • 'ഇത് പരമശിവന്‍റെ മണ്ണാണ്. ഇവിടെ വരുന്നതില്‍ നിന്നും തടയാന്‍ ആര്‍ക്കും കഴിയില്ല. ഭീഷണികളെ ഞങ്ങള്‍ മുന്‍പും പേടിച്ചിട്ടില്ല, ഇന്നും പേടിക്കുന്നില്ല, നാളെയും പേടിക്കില്ല'

ഇന്‍ഡോറില്‍ നടന്ന സംഗീതനിശ തടസപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്ക് രൂക്ഷമായ ഭാഷയില്‍ മുന്നറിയിപ്പുമായി പ്രശസ്ത പഞ്ചാബി ഗായകനും നടനുമായ ദില്‍ജിത് ദൊസാഞ്ച്. ഇന്ത്യ ആരുടെയും അച്ഛന്‍റെ സ്വകാര്യ സ്വത്തല്ലെന്നും ഒരു ബോംബ് ഭീഷണിക്കും തന്നെ പിന്തിരിപ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ശിവസ്തുതിയായ ജയ് ശ്രീ മഹാകാല്‍ ഉച്ചരിച്ചാണ് ഇന്‍ഡോറിലെ സംഗീത പരിപാടിക്ക് ദില്‍ജിത് തുടക്കമിട്ടത്.  നിശ്ചയിച്ച എല്ലാ ഷോയും പൂര്‍ത്തിയാകുവോളം ഡിസംബര്‍ 20വരെ താന്‍ ഇന്ത്യയില്‍ തന്നെ ഉണ്ടാകുമെന്നും ഭയപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ഇത് പരമശിവന്‍റെ മണ്ണാണ്. ഇവിടെ വരുന്നതില്‍ നിന്നും തടയാന്‍ ആര്‍ക്കും കഴിയില്ല. ഭീഷണികളെ ഞങ്ങള്‍ മുന്‍പും പേടിച്ചിട്ടില്ല, ഇന്നും പേടിക്കുന്നില്ല, നാളെയും പേടിക്കില്ല' എന്നും നിങ്ങള്‍ക്ക് ഭയമുണ്ടോ? നിങ്ങളുടെ കരുത്താണ് എന്നെ ഇന്നിവിടെ നിര്‍ത്തിയിരിക്കുന്നത് എന്നും അദ്ദേഹം സംഗീത പരിപാടിക്കായി എത്തിയ ജനക്കൂട്ടത്തോട് വിളിച്ചു പറഞ്ഞു. Also Read:'പട്യാല പെഗി'ന് വിലക്ക്! ദിൽജിത് ദോസഞ്ചിന്റെ നാല് ഹിറ്റ് ഗാനങ്ങൾക്ക് കടിഞ്ഞാണിട്ട് ഭരണകൂടം

ഇന്‍ഡോറിലെ പരിപാടി നടത്തരുതെന്ന് പലഭാഗത്ത് നിന്നും തനിക്ക് വിലക്കുണ്ടായെന്നും പക്ഷേ ഭയന്ന് പിന്‍മാറാന്‍ താന്‍ ഒരുക്കമായിരുന്നില്ലെന്നും താരം വിശദീകരിച്ചു. 'ഞാന്‍ വാക്കു പറഞ്ഞാല്‍ പാലിക്കും. വരുമെന്ന് പറഞ്ഞാല്‍ വരും. അതില്‍ മാറ്റമില്ല. നോക്കൂ, എല്ലാ നിയന്ത്രണങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും നടുവില്‍ ഞാന്‍ നിങ്ങള്‍ക്ക് മുന്നിലുണ്ട്. 'എല്ലാവരുടെയും ചോര ഈ മണ്ണില്‍ കലര്‍ന്നിട്ടുണ്ട്. എല്ലാവരുടേതുമാണ് ഈ രാജ്യം. എല്ലാവര്‍ക്കും ഈ മണ്ണില്‍ ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട്, ഹിന്ദുസ്ഥാന്‍ ആരുടെയും പിതാവിന്‍റെ സ്വകാര്യസ്വത്തല്ല' എന്ന് ഉറുദു കവി റാഹത്ത് ഇന്‍ഡോറിയുടെ വരികള്‍ അദ്ദേഹം ഉറക്കെ ചൊല്ലി. Read More: സ്പോട്ടിഫൈയുടെ 'ഡേ ഇന്‍ ലൈഫി'ല്‍ ദില്‍ജിത് ദൊസാഞ്ച്; ആദ്യ ഇന്ത്യക്കാരന്‍

ഇന്‍ഡോര്‍ മേയറുടെ ഓഫിസിലേക്കാണ് ദില്‍ജിതിന്‍റെ പരിപാടിക്കെതിരെ ഭീഷണി സന്ദേശമെത്തിയത്. പരിപാടി നടന്നാല്‍ ബോംബ് സ്ഫോടനം നടക്കുമെന്നും മൂന്ന് ബാങ്കുകളും മൂന്ന് സ്വകാര്യ സ്കൂളുകളും കൂടി തകര്‍ക്കുമെന്നുമായിരുന്നു മേയറുടെ ഇമെയിലില്‍ എത്തിയ സന്ദേശം. പൊലീസ് നടത്തിയ അന്വേഷണത്തില്‍ സന്ദേശം വ്യാജമെന്ന് തെളിഞ്ഞിരുന്നു. പരിപാടി ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മാത്രം മുന്‍പാണ് ഔദ്യോഗിക അനുമതി ലഭിച്ചത്. വനിതാ ശിശുക്ഷേമ വകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് നാല് പാട്ടുകള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ ദില്‍ജിതിനോട് ആവശ്യപ്പെട്ടിരുന്നു.  പാട്ടുകള്‍ കുട്ടികളില്‍ തെറ്റായ സ്വാധീനം ചെലുത്തിയേക്കുമെന്ന് ഭയമുണ്ടെന്നായിരുന്നു വകുപ്പ് ഹൈക്കോടതിയില്‍ വാദിച്ചത്. 

ഡിലൈറ്റ് ദസ്തൂര്‍ ഗ്രോണ്ടില്‍ വന്‍ സുരക്ഷാ സന്നാഹത്തിലാണ് ദില്‍ജിതിന്‍റെ പരിപാടി നടന്നത്. മുന്നൂറ് പൊലീസ് ഉദ്യോഗസ്ഥരും ആയിരത്തിലേറെ വൊളന്റീയര്‍മാരും ആളുകളെ നിയന്ത്രിച്ചു. ഡ്രോണ്‍ നിരീക്ഷണവും ബാഗേജ് സ്കാനിങുമുള്‍പ്പടെ നടത്തി. 

ഓറ ഇന്ത്യ ടൂര്‍ 2026 ഭാഗമായാണ് ഇന്‍ഡോറിലെ പരിപാടിയും സംഘടിപ്പിച്ചത്. കഴിഞ്ഞ മാസം 30ന് ഡല്‍ഹിയിലായിരുന്നു ടൂറിന് തുടക്കം. സുരക്ഷാ പ്രശ്നങ്ങളാല്‍ പരിപാടിക്ക് അനുമതി ലഭിക്കുമോയെന്ന അനിശ്ചിതത്വം തുടക്കം മുതല്‍ നിലനിന്നിരുന്നു. 

ENGLISH SUMMARY:

Punjabi singer and actor Diljit Dosanjh strongly responded to threats aimed at disrupting his concert in Indore, declaring that India does not belong to anyone's private ownership and that no bomb threat could intimidate him. Beginning the concert with the chant 'Jai Shri Mahakal', he assured fans that he would remain in India until December 20 to complete all scheduled performances. The threats were sent to the Indore Mayor's office, warning of bomb blasts at the concert venue, three banks and three private schools, but police investigations found the message to be fake. The concert, part of his Aura India Tour 2026, was held under heavy security despite initial opposition and restrictions on certain songs.