Image Credit: instagram/diljitdosanjh

  • സ്പോട്ടിഫൈയുടെ ഡേറ്റ അനുസരിച്ച് ഓസ്ട്രേലിയ, ന്യൂസീലന്‍ഡ്, യുഎസ്, കാനഡ എന്നിവിടങ്ങളില്‍ ഒരു വര്‍ഷത്തിനിടെ ദില്‍ജിതിന്‍റെ പാട്ടുകേള്‍ക്കുന്നവരിലുണ്ടായ വര്‍ധന യഥാക്രമം 23 %, 8%,8%,8%, 4% എന്നിങ്ങനെയാണ്

പ്രശസ്ത പഞ്ചാബി സംഗീതജ്ഞനും നടനുമായ ദില്‍ജിത് ദൊസാഞ്ച് സ്പോട്ടിഫൈയുടെ ഗ്ലോബല്‍ വിഡിയോ സീരിസായ 'ഡേ ഇന്‍ ദ് ലൈഫി'ല്‍. ഇതാദ്യമായാണ് ഇന്ത്യയില്‍ നിന്നും ഒരു കലാകാരന്‍ സീരിസില്‍ പ്രത്യക്ഷപ്പെടുന്നത്. ആര്‍ട്ടിസ്റ്റിന്‍റെ ഒരു ദിവസത്തെ ജീവിതമാണ് പരിപാടിയില്‍ കാണിക്കുന്നത്. ദില്‍ജിതിന്‍റെ ഇഷ്ട ഭക്ഷണം, വസ്ത്രങ്ങള്‍, മറ്റ് ശീലങ്ങള്‍ എല്ലാം ആരാധകര്‍ക്ക് കാണാം. സെന്‍ട്രല്‍ ലീ, ലില്‍ ബേബി, ഗന്ന തുടങ്ങിയവരാണ് മുന്‍ എപിസോഡുകളില്‍ പ്രത്യക്ഷപ്പെട്ടത്. ദില്‍ജിതിന്‍റെ എപിസോഡിലൂടെ പഞ്ചാബി സംസ്കാരാം രാജ്യാന്തര സമൂഹത്തിന്റെ കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുമെന്നാണ് കരുതുന്നത്. 

'ഡേ ഇന്‍ ദ് ലൈഫി'ല്‍ പങ്കെടുക്കാന്‍കഴിയുന്നത് വലിയ സന്തോഷം പകരുന്ന കാര്യമാണ്. എന്റെ ഒരു ദിവസം ജനങ്ങളുമായി പങ്കുവയ്ക്കാന്‍ സ്പോട്ടിഫൈ തരുന്ന അവസരമാണ്. ഒട്ടും തിരക്കില്ലാത്ത എന്‍റെ പ്രഭാതം, ഭക്ഷണങ്ങള്‍, എനിക്ക് പ്രിയപ്പെട്ട വസ്ത്രങ്ങള്‍, ഇതിലെല്ലാം ഉപരിയായി എന്‍റെ പാട്ടുകള്‍, എന്നെ ഞാനായി നിര്‍ത്തുന്ന എന്‍റെ പഞ്ചാബി വേരുകള്‍ എല്ലാം പങ്കുവയ്ക്കാന്‍ കഴിഞ്ഞു' - താരം പറഞ്ഞു. പഞ്ചാബി അറിയാത്തവര്‍ പോലും തന്‍റെ പാട്ടുകള്‍ ആസ്വദിക്കുന്നതാണ് സംഗീതത്തിന്‍റെ യഥാര്‍ഥ മായാജാലമെന്നും ദില്‍ജിത്ത് കൂട്ടിച്ചേര്‍ത്തു. സംഗീതം ആര്‍ക്കും പരിഭാഷപ്പെടുത്തേണ്ടതില്ല. ഭാഷയുണ്ടാകുന്നതിനും മുന്‍പേ ഉടലെടുത്തതാണ് സംഗീതം. അതുകൊണ്ടാണ് പ‍ഞ്ചാബി സംഗീതം ലോകത്തിന്‍റേത് കൂടിയാകുന്നത്. ഞാന്‍ പറയുന്നതെന്താണെന്ന് ലോകത്തിലെ പലയിടങ്ങളിലുമുള്ളവര്‍ക്ക് ഒരു പക്ഷേ മനസിലാകില്ല. ബാഡ് ബണ്ണിയെപ്പോലെ.. അദ്ദേഹത്തിന്‍റെ പാട്ടുകളുടെ അര്‍ഥം നമുക്കറിയില്ലല്ലോ, പക്ഷേ നമുക്കാ സംഗീതവും അതിന്‍റെ വൈബും താളവും ഇഷ്ടമാണ്. സംഗീതം സാര്‍വലൗകികമാണ്'- അദ്ദേഹം വിവരിച്ചു. 

'പഞ്ചാബ് എന്‍റെ രക്തത്തില്‍ അലിഞ്ഞതാണ്. പഞ്ചാബിയും ഈ ശരീരവും അങ്ങനെ തന്നെ. എന്‍റെ കാഴ്ചപ്പാടില്‍ പണ്ട് മുതലേ ഞാന്‍ കലാകാരനാണ്. അന്ന് പക്ഷേ കയ്യില്‍ പണമുണ്ടായിരുന്നില്ല. ഇപ്പോള്‍ പണമുണ്ട്. അത് ചെലവാക്കാനും കഴിയുന്നുണ്ട്. പക്ഷേ എന്ന മനുഷ്യന്‍ , എന്റെ മൂല്യങ്ങള്‍ അവ മാറ്റമില്ലാതെതുടരുകയാണ്.

 വിമര്‍ശനങ്ങള്‍ എന്നെ ബാധിക്കാറില്ല. നിങ്ങളെന്നെ സ്നേഹിച്ചാല്‍ നന്ദി, വെറുത്താലും നന്ദി. ജീവിതം എനിക്കൊരു സിനിമ പോലെയാണ്. പല കഥാപാത്രങ്ങളെ നമുക്കൊരു സിനിമയില്‍ കാണാമല്ലോ. നിങ്ങള്‍ അതിലെ വില്ലനാകാനാണ് തീരുമാനിക്കുന്നതെങ്കിലും നന്ദി മാത്രമേയുള്ളൂ- എന്നായിരുന്നു ജീവിതത്തോടുള്ള കാഴ്ചപ്പാടിനെ കുറിച്ച് ദില്‍ജിത് പറഞ്ഞു. 

ദില്‍ജിതിന്റെ ഫാഷന്‍ ലോകത്തേക്ക് കൂടി ക്യാമറ പ്രേക്ഷകരെ കൂട്ടിക്കൊണ്ട് പോകുന്നുണ്ട്. ഇഷ്ടപ്പെട്ടതിനാല്‍ മാത്രം വഴിയോരക്കടയില്‍ നിന്ന് വിലപേശി വാങ്ങിയ സാധാരണ വസ്ത്രം മുതല്‍ ഡിസൈനര്‍ വസ്ത്രങ്ങള്‍ വരെ ആ കലക്ഷന്‍ നീളും. സംഗീതവും ഫാഷനും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നും താരം പറയുന്നു. ഒരു വാക്ക് പോലും പറയാതെ ഫാഷനിലൂടെ ആശയങ്ങള്‍ കൈമാറാന്‍ കഴിയുമെന്നാണ് തന്‍റെ വിലയിരുത്തലെന്നും ദില്‍ജിത് കൂട്ടിച്ചേര്‍ത്തു. 'ടര്‍ബനും ആഭരണങ്ങളും അണിഞ്ഞ്, രാജാവിനെ പോലെ പോകാനാണ് എനിക്കിഷ്ടം'- ദില്‍ദിത് ഭാവിയെ കുറിച്ചുള്ള പ്രതീക്ഷ പങ്കുവച്ചു. 

പഞ്ചാബി സംഗീതത്തിന്‍റെ യാത്ര കൂടിയാണ് ദില്‍ജിതിന്‍റെ എപിസോഡില്‍ വിവരിക്കുന്നത്. ഇന്ത്യയിലെന്ന പോലെ രാജ്യാന്തര തലത്തിലും വന്‍ ആരാധകരാണ് ദില്‍ജിതിനുള്ളത്. സ്പോട്ടിഫൈയുടെ ഡേറ്റ അനുസരിച്ച് ഓസ്ട്രേലിയ, ന്യൂസീലന്‍ഡ്, യുഎസ്, കാനഡ എന്നിവിടങ്ങളില്‍  ഒരു വര്‍ഷത്തിനിടെ ദില്‍ജിതിന്‍റെ പാട്ടുകേള്‍ക്കുന്നവരിലുണ്ടായ വര്‍ധന യഥാക്രമം 23 %, 8%,8%,8%, 4% എന്നിങ്ങനെയാണ്. ഇന്ത്യയ്ക്ക് പുറത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ കാനഡയിലാണ് ഏറ്റവുമധികം ആരാധകര്‍. യുഎസ് ആണ് രണ്ടാമത്. പാക്കിസ്ഥാന്‍, യുകെ, ഓസ്ട്രേലിയ, ജര്‍മനി, യുഎഇ, ന്യൂസീലന്‍ഡ്, ഇറ്റലി എന്നിങ്ങനെ നീളുന്നു പട്ടിക. ഇന്ത്യയിലുള്ളവര്‍ കൂടുതലായും 'ഇഷ്ക് ദി ഭായിജാന്‍' കേള്‍ക്കുമ്പോള്‍ കാനഡയിലും ഇറ്റലിയിലും 'ഡീലര്‍' ആണ് റിപ്പീറ്റടിച്ച് കേള്‍ക്കുന്നത്. യുഎസിലാവട്ടെ അത് ' ഇസ്, ഇസ് ' ആണ്.

ENGLISH SUMMARY:

Punjabi singer and actor Diljit Dosanjh has become the first Indian artist to feature in Spotify's global video series 'A Day in the Life'. The episode offers fans a glimpse into his daily routine, favourite food, fashion choices, music and deep-rooted Punjabi identity. Diljit spoke about the universal power of music, his connection to Punjab, his approach to criticism and how his personal values have remained unchanged despite his success. The episode also highlights the growing international popularity of Punjabi music, with Spotify data showing an increase in listeners across several countries.