• പാട്ടുകൾ കുട്ടികളുടെ സ്വഭാവത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ

നടനും പഞ്ചാബി ഗായകനുമായ ദിൽജിത് ദോസഞ്ചിന്റെ പാട്ടിന് വീണ്ടും വിലക്ക്. നവംബർ 15-ന് മധ്യപ്രദേശിലെ ഇൻഡോറിൽ നടക്കാനിരിക്കുന്ന 'ഓറ ഇന്ത്യ ടൂർ' പരിപാടിയിലാണ് ദിൽജിത്ത് നാല് പാട്ടുകൾ പാടുന്നതിന് ജില്ലാ ഭരണകൂടം ഔദ്യോഗികമായി വിലക്കേർപ്പെടുത്തിയത്. കുട്ടികളുടെ സുരക്ഷയും മദ്യം, ലഹരി, ഹിംസ എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന വരികളും ചൂണ്ടിക്കാട്ടിയാണ് ഈ നടപടി.

ദിൽജിത് ദോസഞ്ചിന്റെ ജനപ്രിയ ഗാനങ്ങളായ പട്യാല പെഗ്, 5 താര, ജീബ് വിച്ചോ അഫീം, ജട്ട് ഉത്തേ ഫയർ കർദ എന്നീ അഞ്ച് പഞ്ചാബി പാട്ടുകളാണ് പാടുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗാനങ്ങൾ ലൈവ് പ്രോഗ്രാമിൽ പാടരുതെന്ന് കാണിച്ച് ജില്ലാ ബാല സംരക്ഷണ ഓഫീസർ പരിപാടിയുടെ വേദി മാനേജർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ചണ്ഡിഗഢ് സ്വദേശിയായ പ്രൊഫസർ ഡോ. പണ്ഡിത്റാവു ധരേനവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇൻഡോർ ജില്ലാ ഭരണകൂടത്തിന്റെ ഈ നടപടി. 2019 ജൂലൈ 22-ലെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ലഹരിപാനീയങ്ങൾ, മദ്യം, മയക്കുമരുന്ന്, തോക്കുകൾ, അക്രമങ്ങൾ എന്നിവ മഹത്വവൽക്കരിക്കുന്ന ഗാനങ്ങൾ കുട്ടികളിൽ തെറ്റായ സ്വാധീനം ചെലുത്തുമെന്നും, ഇത് തടയണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.

ഇൻഡോറിലെ സി-21 മാളിന് സമീപമാണ് പരിപാടി നടക്കുന്നത്. അഞ്ച് വയസിന് മുകളിലുള്ള കുട്ടികൾക്കും പ്രവേശനമുണ്ട്. ദില്‍ജിത്ത് പാടുന്ന ഇത്തരം പാട്ടുകൾ കുട്ടികളുടെ സ്വഭാവത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. വേദിയിലെ അതിതീവ്രമായ ശബ്ദവും മിന്നുന്ന വെളിച്ചവും കുട്ടികള്‍ക്ക് ദോഷകരമാണെന്നും പരാതിലുണ്ട്. സ്റ്റേജിൽ കുട്ടികളെ കയറ്റുന്നതിനും, ഗായകൻ തോക്ക്, വെടിയുണ്ടകൾ എന്നിവയുടെ പ്രതീകമായി വസ്ത്രങ്ങള്‍ ധരിക്കുന്നതിനെതിരെയും ആക്ഷേപമുണ്ട്. 

ദോസഞ്ചിന്റെ സംഗീത പരിപാടിയിൽ പാട്ടുകള്‍ക്ക് വിലക്ക് ഇതാദ്യത്തെ സംഭവമല്ല. 2024 നവംബറിൽ, ദിൽ-ലുമിനാറ്റി ടൂറിനിടെ ദോസഞ്ജിന്റെ ഹൈദരാബാദ് ഷോയ്ക്കും ഡിസംബറിൽ നടന്ന  മഹാരാഷ്ട്ര പരിപാടിയിലും 'പട്യാഗ പെഗ്' അടക്കമുള്ള പാട്ട് പാടുന്നതില്‍ വിലക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. വിവാദങ്ങൾക്കും സുരക്ഷാ ആശങ്കകൾക്കുമിടയിലും നവംബർ 15-ന് ഇൻഡോറില്‍ മ്യൂസിക് പ്രോഗ്രാം നടക്കുമെന്ന് ദിൽജിത് ദോസഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. വിലക്ക് ഇപ്പോള്‍ ആരാധകർക്കിടയിലും വലിയ ചർച്ചയായിരിക്കുകയാണ്.

ENGLISH SUMMARY:

Ahead of Punjabi singer-actor Diljit Dosanjh’s upcoming 'Aura India Tour' performance in Indore, Madhya Pradesh on November 15, the district administration banned him from singing four of his hit tracks. The restricted songs—Patiala Peg, 5 Taara, Feem (Jeebh Vichh), and Jatt Te Fire Karda—were flagged by the District Child Protection Officer for lyrics that glorify alcohol, drugs, and violence. Acting on a complaint by Prof. Dr. Pandit Rao Dharennavar citing a 2019 Punjab and Haryana High Court order, authorities noted that the concert allows children aged five and above, making such content harmful to young audiences.