Image: instagram.com/bittu_tabahi

മധ്യപ്രദേശിലെ ബിയോറ നഗരത്തിലൂടെ ഒഴുകുന്ന അജ്നാർ നദിയെ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് മോചിപ്പിക്കാൻ ഒറ്റയാൾ പോരാട്ടം നടത്തി വൈറലായ സുരേന്ദ്ര സിങ് ചൗധരി എന്ന ബിട്ടു തബാഹി അസുഖങ്ങളും അണുബാധയും മൂലം ബുദ്ധിമുട്ടുന്നതായി റിപ്പോര്‍ട്ടുകള്‍. തന്റെ ആരോഗ്യം തന്നെയാണ് പണയം വച്ചാണ് ഈ ബി.എസ്‌സി വിദ്യാർത്ഥി നദി ശുചീകരണത്തിനായി ഇറങ്ങിത്തിരിച്ചത്. എന്നാല്‍ എന്നാൽ ഈ കഠിനാധ്വാനത്തിന്റെ ആഘാതങ്ങൾ ഇപ്പോൾ ബിട്ടുവിന്‍റെ ആരോഗ്യത്തെയും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ദീർഘനേരം മലിനജലത്തിലും മാലിന്യങ്ങൾക്കിടയിലും പണിയെടുക്കുന്നത് കാരണം ബിട്ടുവിന്റെ കാലുകളിലും കൈകളിലും കടുത്ത ചർമ്മപ്രശ്നങ്ങളും അലർജിയും ഉണ്ടായിട്ടുണ്ട്.

മലിനജലം കാരണം കൈകാലുകളിൽ കടുത്ത അണുബാധ ഉണ്ടായതായി ബിട്ടു തന്നെ പറഞ്ഞിരുന്നു. ‘കൈകളിലും കാലുകളിലുമുള്ള നിരന്തരമായ ചൊറിച്ചിലും വേദനയും എനിക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. പിറ്റേദിവസം രാവിലെ എഴുന്നേറ്റ് വീണ്ടും നദിയിലേക്ക് പോകണമെങ്കില്‍ രാത്രി ഉറങ്ങുന്നതിന് മുമ്പ് ഞാൻ മരുന്നുകൾ കഴിക്കേണ്ട അവസ്ഥയാണ്’– ബിട്ടു പറയുന്നു.

മകന്റെ ആരോഗ്യനിലയിൽ ആശങ്കാകുലരായ ബിട്ടുവിന്‍റെ മാതാപിതാക്കളും ദൗത്യത്തില്‍ നിന്ന് പിന്മാറാന്‍ ബിട്ടുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ മാതാപിതാക്കളെ വിഷമിപ്പിക്കാതിരിക്കാൻ താൻ നദി ശുചീകരണത്തിന് പോകുന്ന കാര്യം അവരിൽ നിന്ന് മറച്ചുവെക്കുകയാണെന്നും ബിട്ടു പറഞ്ഞു. ‘മാതാപിതാക്കൾക്ക് എന്റെ ആരോഗ്യത്തെക്കുറിച്ച് വലിയ പേടിയാണ്. മലിനജലത്തിലിറങ്ങി മാലിന്യം പെറുക്കുന്നത് അവർക്ക് ഇഷ്ടമല്ല. അതുകൊണ്ടാണ് ഞാൻ ഇപ്പോഴും ഈ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന വിവരം അവരെ അറിയിക്കാത്തത്. എങ്കിലും, നദി വീണ്ടും മാലിന്യക്കൂമ്പാരമായി മാറുന്നത് നോക്കിനിൽക്കാൻ എനിക്ക് കഴിയില്ല’– ബിട്ടു പറയുന്നു.

കഴിഞ്ഞ ജനുവരി 26-നാണ് പ്ലാസ്റ്റിക് കുപ്പികളും മറ്റ് മാലിന്യങ്ങളും നിറഞ്ഞ അജ്നാർ നദിയെ ശുചിയാക്കാൻ ബിട്ടു തന്റെ ഒറ്റയാൾ ദൗത്യം ആരംഭിച്ചത്. സാമ്പത്തിക പിൻബലമോ അത്യാധുനിക യന്ത്രങ്ങളോ ഇല്ലാതെ, വെറുമൊരു മൺവെട്ടിയും ചിലപ്പോഴൊക്കെ വെറും കൈകളും ഉപയോഗിച്ചാണ് ബിട്ടു നദി വൃത്തിയാക്കിയത്. നദിയുടെ മുമ്പും ശേഷവുമുള്ള ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായതോടെ ലോകമെമ്പാടുമുള്ള പ്രശംസ ബിട്ടുവിനെ തേടിയെത്തിയിരുന്നു.

എന്നാല്‍ മാസങ്ങള്‍ക്കിപ്പുറം അജ്നാർ നദി വീണ്ടും പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും കൊണ്ട് നിറയുകയും ചെയ്തു. പലതവണ വൃത്തിയാക്കിയിട്ടും ആളുകള്‍ മുന്‍പത്തേക്കാള്‍ ഇരട്ടി മാലിന്യം പുഴയില്‍ തുടര്‍ച്ചയായി ഇടുന്നത് മനംമടുപ്പിച്ചെന്ന് ബിട്ടുവും തുറന്നുപറഞ്ഞിരുന്നു. ആളുകൾ വീണ്ടും നദിയിലേക്ക് മാലിന്യം വലിച്ചെറിയുന്നത് തന്റെ കഠിനാധ്വാനത്തെയാണ് ഇല്ലാതാക്കുന്നത്. സ്വന്തം ചെലവിൽ നദിക്കരയിൽ ഡസ്റ്റ്ബിനുകൾ സ്ഥാപിച്ചെങ്കിലും മാലിന്യ നിക്ഷേപം തുടരുകയാണ്. ‘എന്റെ ശരീരം വേദനിക്കുന്നുണ്ട്, പക്ഷേ എന്റെ ആത്മവീര്യം തകർന്നിട്ടില്ല. വെള്ളത്തിൽ ഒരു തുണ്ട് മാലിന്യം ബാക്കിയുള്ളിടത്തോളം കാലം അത് നീക്കം ചെയ്യാൻ ഞാൻ എന്റെ കഴിവിന്‍റെ പരമാവധി ശ്രമിക്കും’– ബിട്ടു പറയുന്നു.

ENGLISH SUMMARY:

Surendra Singh Choudhary, popularly known as Bittu Tabahi, who gained viral fame for his single-handed mission to clean plastic waste from the Ajnar River in Madhya Pradesh, is now facing severe health issues due to his strenuous efforts. Spending long hours working amidst polluted water and toxic waste has caused the BSc student to suffer from severe skin infections, allergies, and constant physical pain in his limbs. Despite his parents urging him to quit due to health concerns—prompting him to hide his ongoing clean-up activities from them—Bittu remains steadfast in his mission. Although recurring plastic dumping by locals continues to frustrate his hard work, the young environmental crusader insists that his morale remains unbroken as long as trash remains in the river.