ആഡംബര വാഹനങ്ങളിൽ നിന്ന് സ്റ്റെപ്പിനി ടയറുകൾ ലക്ഷ്യമിട്ട് മോഷണം നടത്തിവന്ന 23-കാരനായ എംബിഎ വിദ്യാർഥി ഹൈദരാബാദിൽ അറസ്റ്റിൽ. ഹൈദരാബാദ് സ്വദേശിയായ സോബൻ അലി ഖാൻ ആണ് പൊലീസിന്റെ പിടിയിലായത്. പ്രതിയുടെ പക്കല്‍ നിന്നും 12 മഹീന്ദ്ര ഥാർ ടയറുകൾ ഉൾപ്പെടെ 15 ആഡംബര കാറുകളുടെ ടയറുകളും റിമ്മുകളും പൊലീസ് കണ്ടെടുത്തു.

ഓക്ടോബർ 20ന് രേത്തിബൗളിയിലെ ഗാലക്സി എൻക്ലേവ് അപ്പാർട്ട്‌മെന്റിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന മഹീന്ദ്ര ഥാറിന്റെ സ്റ്റെപ്പിനി ടയർ മോഷ്ടിക്കപ്പെട്ട സംഭവത്തിൽ ലഭിച്ച പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് നയിച്ചത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ശനിയാഴ്ചയോടെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്കൂട്ടറിലെത്തിയ പ്രതി, പരിസരത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം നിമിഷങ്ങൾക്കകം ഥാറിന്റെ സ്റ്റെപ്പിനി ടയർ അഴിച്ചെടുത്ത് കടന്നുകളയുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു.

മോഷണത്തിനായി ടൂളുകൾ സംഘടിപ്പിക്കാൻ വിചിത്രമായ വഴിയാണ് പ്രതി സ്വീകരിച്ചിരുന്നത്. റോഡരികിലെ പഞ്ചർ കടകളിൽ ചെന്ന് സ്വന്തം വാഹനത്തിന് പഞ്ചറാണെന്ന് വിശ്വസിപ്പിച്ച് 200 മുതൽ 300 രൂപ വരെ ഡിപ്പോസിറ്റ് നൽകി ടൂളുകൾ വാടകയ്‌ക്കെടുക്കും. തുടർന്ന് പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ നിന്ന് ടയറുകൾ അഴിച്ചെടുത്ത ശേഷം ടൂളുകൾ കടയിൽ തിരികെ നൽകി ഡിപ്പോസിറ്റ് തുക വാങ്ങുന്നതായിരുന്നു ഇയാളുടെ രീതി.  പ്രതിയുടെ പിതാവ് വീൽ അലൈൻമെന്റ് ഷോപ്പിൽ ജോലി ചെയ്യുന്നയാളായതിനാൽ, ടയറുകളും റിമ്മുകളും വേഗത്തിൽ അഴിച്ചെടുക്കുന്നതിൽ സോബൻ അലി ഖാന് പ്രത്യേക നൈപുണ്യമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഫിലിം നഗർ, ലങ്കർ ഹൗസ്, സൈഫാബാദ്, മീർപേട്ട് ഉൾപ്പെടെ 10 പൊലീസ് സ്റ്റേഷൻ അതിർത്തികളിലായി റിപ്പോർട്ട് ചെയ്ത 11 മോഷണക്കേസുകളിൽ ഇയാൾക്ക് പങ്കുള്ളതായി തെളിഞ്ഞിട്ടുണ്ട്. മഹീന്ദ്ര ഥാറിന്റെ ടയറുകൾക്ക് പുറമെ രണ്ട് ഫോർഡ് എന്റവർ, ഒരു ഫോർഡ് ഇക്കോസ്പോർട്ട് എന്നിവയുടെ ടയറുകളും ഇയാളിൽ നിന്ന് കണ്ടെടുത്തു. മോഷ്ടിച്ച ടയറുകൾ എവിടെയാണ് വിൽപ്പന നടത്തിയതെന്നും ഇതിന് പിന്നിൽ വൻ ശൃംഖലയുണ്ടോയെന്നും കണ്ടെത്തുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.

ENGLISH SUMMARY:

A 27-year-old MBA student was arrested in Hyderabad for allegedly stealing stepney tyres and rims from parked luxury vehicles. The police apprehended the accused, identified as Sobhan Ali Khan, and recovered 15 high-value tyres and rims, including 12 belonging to Mahindra Thar SUVs. Investigations revealed that he strategically rented spanners and tools from local puncture shops under the pretext of changing his own vehicle's flat tyre to commit the thefts. He has been implicated in at least 11 theft cases registered across 10 police station limits in the city, with law enforcement agencies now investigating potential buyers and larger networks.