പ്രതീകാത്മക എഐ ചിത്രം (x/sedaily)
മുംബൈ സ്വദേശിയായ എണ്‍പതുകാരന്‍റെ മൃതദേഹം നാലുവര്‍ഷമായി കുടുംബം ഫ്രീസറില്‍ സൂക്ഷിക്കുന്നുവെന്ന് കണ്ടെത്തല്‍. മലാഡിലെ ക്ലിനിക്കിലെ ഫ്രീസറിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം യുഎസിലെ ക്രയോണിക്സ് സെന്‍ററിലേക്ക് മാറ്റണമെന്നാണ് ആഗ്രഹമെന്നും അതിനാല്‍ ഫ്രീസറില്‍ തന്നെ സൂക്ഷിക്കാന്‍ അനുവദിക്കണമെന്നുമാണ് കുടുംബത്തിന്‍റെ ആവശ്യം.
തിങ്കളാഴ്ച രാത്രിയോടെയാണ് കുറര്‍ പൊലീസിന് ഇത്തരത്തില്‍ മൃതദേഹം അനധികൃതമായി ഫ്രീസറില്‍ വച്ചിരിക്കുന്നതായി വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചു. അറ്റകുറ്റപ്പണികള്‍ക്കായി ക്ലിനിക് ഒരുമാസമായി അടച്ചിട്ടിരിക്കുകയാണ്. പൊലീസ് അന്വേഷിച്ച് എത്തിയപ്പോള്‍ 80കാരന്‍റെ ഭാര്യയെയും മക്കളെയും കണ്ടെത്തി. 2022 ല്‍ പിതാവിന് സ്വാഭാവിക മരണം സംഭവിച്ചതാണെന്ന് മക്കള്‍ പൊലീസിനെ അറിയിച്ചു. ഇതിന്‍റെ രേഖകളും കൈമാറി.
അച്ഛന്‍റെ മരണം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് ഇതുവരേക്കും മുക്തരാകാന്‍ കഴിഞ്ഞിട്ടില്ലെന്നും സാധ്യമാകുന്നത്രയും കാലം മൃതദേഹം സൂക്ഷിക്കാനാണ് തീരുമാനമെന്നും മക്കള്‍ പറയുന്നു. ഇന്‍റര്‍നെറ്റില്‍ തിരഞ്ഞപ്പോള്‍ അമേരിക്കയിലെ ക്രയോണിക്സ് സെന്‍ററിനെ കുറിച്ച് അറിഞ്ഞുവെന്നും ദ്രവ രൂപത്തിലുള്ള നൈട്രജനില്‍ പ്രത്യേകം ക്രമീകരിച്ച താപനിലയില്‍ മൃതദേഹം സൂക്ഷിക്കാന്‍ അവിടെ സാധിക്കുമെന്നും അവിടേക്ക് മാറ്റാന്‍ കഴിയുമോ എന്ന് നോക്കുകയാണെന്നും ഇവര്‍ പൊലീസിനോട് വിശദീകരിച്ചു. ഇതിനായി യുഎസിലെ ഒരു സംഘടനയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അഭിഭാഷകര്‍ മുഖേനെ നിയമസാധുത ആരായുന്നുവെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. അതുവരെ ക്ലിനിക്കില്‍ ഇരിക്കട്ടെ എന്നാണ് കുടുംബത്തിന്‍റെ വാദം.
അതേസമയം ഇത്തരത്തില്‍ മൃതദേഹം സൂക്ഷിക്കാന്‍ ക്ലിനിക്കോ, കുടുംബമോ അനുമതി തേടിയിട്ടില്ലെന്ന് പൊലീസ് പറയുന്നു. ക്ലിനിക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‍റെ ഉടമയും ഇക്കാര്യം തിങ്കളാഴ്ച വരെ അറിഞ്ഞിരുന്നില്ല. സുഖമില്ലാതെ വരുമ്പോഴെല്ലാം ക്ലിനിക്കിലെത്താറുണ്ടെന്നും പക്ഷേ ഇന്നുവരെ ഇങ്ങനെയൊരു സംഭവം അറിഞ്ഞില്ലെന്നും ഉടമ പൊലീസിന് മൊഴി നല്‍കി. സംഭവത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ല. ക്ലിനികിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എന്താണ് ക്രയോണിക്സ് സെന്‍റര്‍?
ഭാവിയിലെ സാങ്കേതിക വിദ്യ ഉപയോഗിച്ച് മരിച്ചുപോയവര്‍ക്ക് തിരികെ ജീവന്‍ നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ മനുഷ്യശരീരം മുഴുവനോടെയോ, തലച്ചോര്‍ മാത്രമായോ പ്രത്യേക രീതിയില്‍ തണുപ്പിച്ച് സൂക്ഷിക്കുന്ന കേന്ദ്രങ്ങളാണ് ക്രയോണിക്സ് സെന്‍ററുകള്‍. ഇങ്ങനെ സൂക്ഷിക്കുന്നതിനായി ഒരാള്‍ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചാലുടന്‍ തന്നെ നടപടിക്രമങ്ങള്‍ ആരംഭിക്കും. ശരീരത്തിലെ കോശങ്ങള്‍ നശിക്കാതിരിക്കാന്‍ രക്തത്തിന് പകരം ക്രയോ പ്രൊട്ടക്ടറ്റന്‍റ് എന്ന പ്രത്യേക ലായനി നിറച്ച ശേഷം മൈനസ് 196 ഡിഗ്രി സെല്‍സ്യസിലുള്ള ദ്രവ നൈട്രജനില്‍ ശരീരം ഇറക്കി വയ്ക്കും. മരിച്ചവരെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുന്ന തരത്തിലേക്ക് ശാസ്ത്രവും സാങ്കേതിക വിദ്യയും വികസിക്കുമെന്നും അന്ന് ഇവരെ തിരികെ ജീവനിലേക്ക് കൊണ്ടുവരാമെന്നുമുള്ള പ്രതീക്ഷയിലാണ് ഇങ്ങനെ ചെയ്യുന്നത്. കോടികള്‍ പണച്ചെലവുള്ള ഈ രീതിക്ക് പക്ഷേ ഇതുവരെ പൂര്‍ണമായ ശാസ്ത്രീയ അടിത്തറയില്ല.