AI Image
മുംബൈയിലെ വെസ്റ്റേൺ സബർബിൽ ബൃഹൻമുംബൈ കോർപ്പറേഷന്റെ പൊതുശൗചാലയത്തിൽ വിഷവാതകം ശ്വസിച്ച് രണ്ടു യുവാക്കൾ മരിച്ചു. ഞായറാഴ്ച പുലർച്ചെയോടെ രാം മന്ദിർ ഈസ്റ്റിലെ മൃണാൾത്തായ് പാലത്തിന് സമീപമുള്ള ശൗചാലയത്തിലാണ് ദാരുണമായ സംഭവം നടന്നത്. പ്രഭാകർ ധനിവാർ (24), ഭവിൻ ദേശായി (18) എന്നിവരാണ് മരിച്ചത്.
ശൗചാലയത്തിനുള്ളിൽ നിന്ന് രൂക്ഷമായ രാസവസ്തുക്കളുടെ മണം ഉയർന്നതായും ഇതേത്തുടർന്ന് ഇരുവരും ശ്വാസംമുട്ടി വീഴുകയായിരുന്നുവെന്നും പ്രാദേശികവാസികൾ പറഞ്ഞു. ഇരുവരെയും ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെ 3.45 ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
വിവരമറിഞ്ഞ ഉടൻ തന്നെ ഫയർഫോഴ്സ്, പൊലീസ്, 108 ആംബുലൻസ് സർവീസ്, മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ, ബി.എം.സി വാർഡ് ജീവനക്കാർ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ചോർച്ചയുടെ ഉറവിടവും ചോർന്ന രാസവസ്തു ഏതാണെന്നതും വ്യക്തമായിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും അധികൃതർ അറിയിച്ചു.