ImageCredit/ X, @ndtv

  • യാത്രക്കിടെ ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചയാളെ യുവതി ചോദ്യം ചെയ്തു, ചെരുപ്പൂരി എറിഞ്ഞു, തര്‍ക്കത്തിനു പിന്നാലെ ട്രെയിനില്‍ നിന്നും തള്ളിയിട്ടു

സഹയാത്രക്കാരനില്‍ നിന്നുണ്ടായ മോശം പെരുമാറ്റത്തിനെതിരെ പ്രതികരിച്ച യുവതിയെ ട്രെയിനില്‍ നിന്നും തള്ളിയിട്ടതിനെത്തുടര്‍ന്ന് ഇടതുകൈ നഷ്ടമായി. ബൊറിവാലിയില്‍ നിന്നും വിരാറിലേക്ക് ലോക്കല്‍ ട്രെയിനില്‍ കയറിയ യുവതിക്കാണ് മോശം അനുഭവമുണ്ടായത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Also Read: യുഎഇയില്‍ മലയാളി കുടുംബത്തിലെ 3 കുട്ടികള്‍ വാഹനാപകടത്തില്‍ മരിച്ചു; 4 പേര്‍ ചികില്‍സയില്‍

യാത്രക്കിടെ ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചയാളെ യുവതി ചോദ്യം ചെയ്യുകയും തടയുകയും ചെരുപ്പൂരി എറിയുകയും ചെയ്തു. തുടര്‍ന്ന് ഇയാളും യുവതിയും തമ്മില്‍ വാക്കുതര്‍ക്കമായി. സഹയാത്രക്കാരും ഇടപെടാന്‍ ശ്രമിച്ചെങ്കിലും പ്രതിയും ചെരുപ്പൂരി യുവതിയുടെ ദേഹത്തേക്ക് എറിഞ്ഞതോടെ സാഹചര്യം കൂടുതല്‍ കടുത്തു.

തുടര്‍ന്ന് നൈഗോണ്‍ സ്റ്റേഷനു സമീപത്തെത്തിയപ്പോള്‍ ഇയാള്‍ യുവതിയെ പുറത്തേക്ക് തള്ളിയിട്ടു. രണ്ട് കോച്ചുകള്‍ക്കിടെയിലുള്ള ഭാഗത്തേക്കാണ് യുവതി വീണത്. പെട്ടെന്നുതന്നെ എഴുന്നേറ്റ് യുവതി പ്ലാറ്റ്ഫോമിലേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും ട്രെയിന്‍ നീങ്ങിത്തുടങ്ങിയതോടെ യുവതിയുടെ ഇടതുകൈ ചക്രത്തിനുള്ളില്‍ കുടുങ്ങുകയായിരുന്നു. കൈമുട്ടിനോട് ചേര്‍ന്നുള്ള ഭാഗത്തുനിന്നും യുവതിക്ക് കൈ നഷ്ടപ്പെട്ടു.

പൊലീസുദ്യോഗസ്ഥരും മറ്റ് യാത്രക്കാരും ചേര്‍ന്ന് യുവതിയെ ആശുപത്രിയിലെത്തിച്ചു. സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടുപോയ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടുകയായിരുന്നു. യുവതിയുടെ തലയിലും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. 16തുന്നലുകളാണ് തലയിലുള്ളതെന്നും കുടുംബത്തിന്റെ ഏക ആശ്രയമാണ് താനെന്നും യുവതി പറയുന്നു. ഒരു കൈകൊണ്ട് തനിക്കെന്തു ചെയ്യാന്‍ സാധിക്കുമെന്നും യുവതി ചോദിക്കുന്നു. പ്രതിക്ക് തക്കതായ ശിക്ഷ നല്‍കുമെന്ന് റെയില്‍വെ പൊലീസ് യുവതിയുടെ കുടുംബത്തെ അറിയിച്ചു.

Woman Thrown from Train After Resisting Inappropriate Touching by Fellow Passenger; Loses Left Arm:

A woman lost her left arm after being pushed from a train for resisting the inappropriate behavior of a fellow passenger. The incident occurred while she was traveling on a local train from Borivali to Virar. The police have arrested the accused.