Image: Manorama
ഇന്ത്യന്‍ വ്യോമസേനയുടെ മുൻ ഗ്രൂപ്പ് ക്യാപ്റ്റനും വീർ ചക്ര പുരസ്കാര ജേതാവുമായ അഭിനന്ദൻ വർധമാൻ സിവിൽ വ്യോമയാന മേഖലയിലേക്ക്. പ്രാദേശിക വിമാനക്കമ്പനിയായ ‘ഫ്ലൈ91’ൽ പൈലറ്റായി ചുമതലയേറ്റതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2019 ഫെബ്രുവരിയിൽ പാക്കിസ്ഥാനുമായുള്ള വ്യോമാക്രമണത്തിനിടെ ശത്രുരാജ്യത്തിന്റെ എഫ്-16 വിമാനം വെടിവെച്ചിട്ടതിലൂടെയാണ് അഭിനന്ദൻ ലോക ശ്രദ്ധ നേടിയത്. പോരാട്ടത്തിനിടെ അദ്ദേഹം സഞ്ചരിച്ചിരുന്ന മിഗ്-21 ബൈസൺ വിമാനം തകർന്ന് പാക്കിസ്ഥാൻ അതിർത്തിക്കുള്ളിൽ വീഴുകയും, തുടർന്ന് മൂന്ന് ദിവസം അദ്ദേഹം ശത്രുരാജ്യത്തിന്റെ കസ്റ്റഡിയിൽ കഴിയുകയും ചെയ്തിരുന്നു.
Also Read: മദ്യപിച്ച് ലക്കുകെട്ട് ഋഷഭ് പന്ത്; ഹുക്ക വലിച്ചുവരാമെന്ന് ധോണി; വൈറലായി പാര്‍ട്ടി വിഡിയോ
രാജ്യത്തിന്റെ നയതന്ത്ര സമ്മർദത്തെത്തുടർന്ന് പിന്നീട് അദ്ദേഹത്തെ പാക്കിസ്ഥാൻ ഇന്ത്യയ്ക്ക് കൈമാറുകയായിരുന്നു. അഭിനന്ദനെ സേനാനിയമങ്ങൾ പ്രകാരം യുദ്ധവിമാന പൈലറ്റിന്റെ ദൗത്യത്തിൽനിന്നു ഹ്രസ്വകാലത്തേക്കു മാറ്റിനിർത്തിയിരുന്നു. മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കിയതിനു പിന്നാലെ അതേവർഷം സെപ്റ്റംബറിലാണു വീണ്ടും പൈലറ്റിന്റെ ചുമതല നൽകിയത്. വിങ് കമാൻഡറായിരുന്ന അഭിനന്ദന് 2021ലാണ് ഗ്രൂപ്പ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം നൽകിയത്.
Also Read: സഹായമല്ല, ദുരന്തത്തിന് ഇന്ത്യയടക്കം മൂന്ന് രാജ്യങ്ങള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് നേപ്പാള്‍
അതിർത്തിയിൽ കാണിച്ച സമാനതകളില്ലാത്ത ധൈര്യത്തിനും സേവനത്തിനുമായി 2021-ൽ രാജ്യം അദ്ദേഹത്തിന് ‘വീർ ചക്ര’ പുരസ്കാരം നൽകി ആദരിച്ചിരുന്നു. വ്യോമസേനയിൽ നിന്നുള്ള സേവനത്തിനു ശേഷമാണ് അഭിനന്ദന്‍ ഇപ്പോൾ വാണിജ്യ വ്യോമയാന രംഗത്തേക്ക് പ്രവേശിച്ചിരിക്കുന്നത്. ഇന്ത്യയിലെ വിവിധ നഗരങ്ങളെ ബന്ധിപ്പിക്കുന്ന റീജിയണൽ എയർലൈനായ ഫ്ലൈ91-ന്റെ പൈലറ്റായുള്ള അദ്ദേഹത്തിന്റെ വരവ് വ്യോമയാന മേഖലയ്ക്ക് വലിയ ആവേശം പകർന്നിട്ടുണ്ട്. മലയാളിയായ മനോജ് ചാക്കോയുടെ ഉടമസ്ഥതയിലുള്ളതാണ് ‘ഫ്ലൈ91’ വിമാനക്കമ്പനി. എടിആർ 72–600 ടർബോപ്രോപ്പ് വിമാനങ്ങളാണ് അഭിനന്ദന്‍ ഇനി പറത്തുക.