airindia

വിമാന യാത്രയ്ക്കിടെ അരമണിക്കൂറോളം ഉറങ്ങിയിരുന്നതായി ഫുക്കറ്റ് – ഡല്‍ഹി എയര്‍ ഇന്ത്യാ വിമാനത്തിന്‍റെ ക്യാപ്റ്റന്‍. ഉറക്ക പ്രശ്നങ്ങളെ തുടര്‍ന്ന് മരുന്ന് കഴിച്ചിരുന്നതായും ക്യാപ്റ്റന്‍ മൊഴി നല്‍കിയെന്നാണ് സൂചന. വിമാന യാത്രയിലെ സുരക്ഷാ നടപടികൾ കടുപ്പിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം തീരുമാനിച്ചു.

വിമാനത്തിന്‍റെ ഫസ്റ്റ് ഓഫിസറായ സഹ പൈലറ്റ് വിമാനം നിയന്ത്രിക്കുമ്പോഴും ഓട്ടോ പൈലറ്റ് സംവിധാനം പ്രവര്‍ത്തിക്കുന്ന സമയത്താണ് പൈലറ്റ് ഇന്‍ കമാന്‍ഡായ ക്യാപ്റ്റന്‍ ഉറങ്ങിയത്. ഉറക്കത്തിനുശേഷം ശുചിമുറിയില്‍ പോയി മടങ്ങിയെത്തി, സഹപൈലറ്റിന്‍റെ സീറ്റിന് പിന്നിലെത്തിയപ്പോഴാണ് വിമാനം കുത്തനെ താഴേക്ക് പതിച്ചത്. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് ക്യാപ്റ്റന്‍ ഇങ്ങനെ മൊഴി നല്‍കിയെന്നാണ് വിവരം.

വിമാനം 300 അടി താഴേക്ക് പതിച്ചതില്‍ തുടക്കത്തില്‍ എയർ ഇന്ത്യയും ഒളിച്ചുകളിച്ചു. വിവിധ സാങ്കേതിക പ്രശ്നങ്ങളില്‍ ഒന്‍പത് മുന്നറിയിപ്പാണ് വിമാനത്തിന് ലഭിച്ചതെന്ന് മെയിന്റനൻസ് റിപ്പോർട്ടിൽ പറയുന്നു. ആകാശച്ചുഴിയെന്ന് ആദ്യം പറഞ്ഞ എയര്‍ ഇന്ത്യ, ടർബുലൻസ് എന്ന പരാമർശം ഒഴിവാക്കിയാണ് പിന്നീട് വാർത്താക്കുറിപ്പ് ഇറക്കിയത്. സഹ പൈലറ്റിന്റെ മികവാണ് വലിയ ദുരന്തം ഒഴിവാക്കിയത് എന്ന വിവരമാണ് പുറത്തുവരുന്നത്.  ക്യാപ്റ്റന്റെ ലഹരി ഉപയോഗത്തിൽ കൂടുതൽ അന്വേഷണമുണ്ടാകും. പൈലറ്റ് ഇൻ കമാൻഡ് കഞ്ചാവ് ഉപയോഗിച്ചെന്നാണ് സൂചന. 

ഉറക്കമില്ലായ്മയ്ക്കുള്ള മരുന്നുകളും ഉറക്ക ഗുളികളും കഴിച്ചിരുന്നതായി പൈലറ്റ് മൊഴി നൽകിയതായി സൂചനയുണ്ട്. എയർ ഇന്ത്യാ ഫുക്കറ്റ് - ഡൽഹി വിമാനം താഴ്ചയിലേക്ക് പോയതിന് പിന്നാലെ, സുരക്ഷാ നടപടികൾ കടുപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഉത്തരവാദിത്തം കാണിക്കണമെന്ന് എയർ ഇന്ത്യയ്ക്കും നിർദേശം നൽകി

ENGLISH SUMMARY:

Air India flight incident over the Phuket to Delhi route saw the captain reportedly sleep for half an hour. Investigations are underway regarding pilot medication and potential drug use, prompting enhanced aviation safety measures.