AI Generated Image

ഡൽഹിയിൽ ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയുമായുള്ള ആദ്യ ഡേറ്റ് ഒരു യുവാവിന് സമ്മാനിച്ചത് വലിയ സാമ്പത്തിക നഷ്ടവും കടുത്ത മാനസിക വിഷമവും. 23 വയസ്സുകാരനായ ഡൽഹി സ്വദേശിയാണ് തനിക്കുണ്ടായ ഈ ദുരനുഭവം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. ഡേറ്റിംഗ് ആപ്പുകളിലെ സുരക്ഷിതമല്ലാത്ത കെണികളെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും തിരികൊളുത്തിയിരിക്കുകയാണ് ഈ സംഭവം.

ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട് വളരെ കുറഞ്ഞ സമയത്തിനുള്ളിൽത്തന്നെ യുവതി നേരിൽ കാണാമെന്ന് ആവശ്യപ്പെടുകയായിരുന്നു. മെട്രോ സ്റ്റേഷനിൽ വെച്ച് യുവതിയാണ് യുവാവിനെ കൂട്ടിക്കൊണ്ടുപോയത്. ഒരു സാധാരണ കഫേയിലേക്കാണ് പോകുന്നതെന്നാണ് യുവാവ് കരുതിയതെങ്കിലും, എത്തിയത് ഒരു ആഡംബര പബ്ബിലായിരുന്നു.

മദ്യപാനമോ പുകവലിയോ ഇല്ലാത്ത താൻ വെറുതെ ഇരുന്നപ്പോൾ, യുവതി ഏകദേശം 13,000 രൂപ വിലവരുന്ന ഷാംപെയ്‌നും 6,000 രൂപ വിലവരുന്ന രണ്ട് ഹുക്കയും കൂടാതെ മറ്റ് ഭക്ഷണങ്ങളും ഓർഡർ ചെയ്തു.

ഭക്ഷണം കഴിഞ്ഞ് ബിൽ മേശയിലെത്തിയപ്പോഴാണ് യഥാർഥ നാടകം അരങ്ങേറിയത്. ആകെ 20,500 രൂപയുടെ ബില്ലാണ് വന്നത്. ബിൽ തുക കണ്ടുഞെട്ടിയ യുവാവിന് മുന്നിൽ പണം നൽകാൻ മറ്റ് വഴികളുണ്ടായിരുന്നില്ല. ബിൽ നൽകേണ്ട സമയമായപ്പോൾ യുവതി അവിടെ നിന്ന് പോകുന്നു. തുക പങ്കിടാനോ, ബിൽ എത്രയാണെന്ന് നോക്കാൻ പോലും നിക്കാതെ യുവതി തന്നെ പറ്റിക്കുകയായിരുന്നുവെന്ന് യുവാവ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

ENGLISH SUMMARY:

A young man in Delhi experienced significant financial loss and severe mental distress after a date arranged through a dating app turned into a scam. This incident highlights the potential dangers and elaborate traps that can exist on dating applications, prompting renewed discussions about safety.