രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 135 രൂപ എത്തിയാല്‍ ഡല്‍ഹിയില്‍ ഒരു ലീറ്റര്‍ എഥനോള്‍ ചേരാത്ത പെട്രോള്‍ കിട്ടാന്‍ 125 രൂപ നല്‍കേണ്ടി വരുമെന്ന് പെട്രോളിയം മന്ത്രാലയം. എഥനോള്‍ ചേര്‍ന്ന പെട്രോളാണെങ്കില്‍ ലീറ്ററിന് 30 രൂപയോളം ഉപഭോക്താക്കള്‍ക്ക് ലാഭിക്കാന്‍ കഴിയുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. 20 ശതമാനം എഥനോളാണ് പെട്രോളില്‍ ചേര്‍ക്കുക.
ഫെബ്രുവരി 28 ന് പശ്ചിമേഷ്യയില്‍ യുദ്ധം ആരംഭിച്ചിട്ടും 75 ദിവസം ഇന്ത്യയില്‍ പെട്രോള്‍–ഡീസല്‍ വില വര്‍ധിപ്പിച്ചിരുന്നില്ല. മേയിലാണ് ലീറ്ററിന് 7.5 രൂപ കൂട്ടിയത്. ഇതോടെ ഇ 20 പെട്രോളിന് ലീറ്ററിന് ഡല്‍ഹിയില്‍ 102.02 രൂപയും എഥനോള്‍ ചേരാത്ത പെട്രോളിന് ലീറ്ററിന് 169 രൂപയുമാണ് വില. പെട്രോളിലെ എഥനോളിന്‍റെ ഉപയോഗം പ്രോല്‍സാഹിപ്പിക്കുമ്പോള്‍ രാജ്യത്തെ സാധാരണക്കാരന് ലഭിക്കേണ്ട ഭക്ഷ്യധാന്യം വെട്ടിച്ചുരുക്കുമെന്ന പ്രചാരണം ശരിയല്ലെന്നും മന്ത്രാലയം വ്യക്തമാക്കി. സബ്സിഡി അരിയല്ല എഥനോള്‍ ഉല്‍പാദനത്തിനായി ചെലവഴിക്കുന്നതെന്നും വിശദീകരണത്തില്‍ പറയുന്നു.
അതേസമയം, വാഹനങ്ങളുടെ മൈലേജില്‍ കുറവുണ്ടാകുമെന്ന വാദത്തില്‍ കഴമ്പുണ്ടെന്നാണ് ഗതാഗത മന്ത്രാലയത്തിന്‍റെ വിശദീകരണത്തിലുള്ളത്. ARAO, SIAM, ഐഒസി എന്നിവര്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ BS-III, BS -IV, BS-VI വാഹനങ്ങളില്‍ മൈലേജ് രണ്ട് മുതല്‍ ആറ് ശതമാനം വരെ കുറഞ്ഞേക്കാമെന്നാണ് വ്യക്തമാക്കുന്നത്. മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെ കുറവുണ്ടായേക്കുമെന്നായിരുന്നു രാജ്യസഭയില്‍ ജൂലൈ 20ന് പെട്രോളിയം മന്ത്രാലയം നല്‍കിയ വിശദീകരണം.