• താഹിർ ഹുസൈൻ ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് ഡൽഹി കോടതി ജീവപര്യന്ത്യം വിധിച്ചു

2020 ലെ ഡല്‍ഹി കലാപത്തിനിടെ ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥൻ അങ്കിത് ശർമയെ കൊലപ്പെടുത്തിയ കേസിൽ ആം ആദ്മി പാർട്ടി (എഎപി) മുൻ കൗൺസിലർ താഹിർ ഹുസൈൻ ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് ഡൽഹി കോടതി ജീവപര്യന്ത്യം തടവുശിക്ഷ വിധിച്ചു. കർശന സുരക്ഷാക്രമീകരണങ്ങൾക്കിടയിൽ പ്രതികളുടെ നേരിട്ടുള്ള സാന്നിധ്യത്തിലാണ് അഡീഷണൽ സെഷൻസ് ജഡ്ജി പ്രവീൺ സിങ് ശിക്ഷ വിധിച്ചത്.

കുറ്റകൃത്യത്തിന്റെ ഭീകരത കണക്കിലെടുത്ത് അഞ്ച് പ്രതികൾക്കും വധശിക്ഷ നൽകണമെന്ന് ഡൽഹി പൊലീസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി ജീവപര്യന്ത്യം വിധിക്കുകയായിരുന്നു. അങ്കിത് ശർമയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതികൾ യാതൊരു ദയയും അർഹിക്കുന്നില്ലെന്നും ആശുപത്രിയിലെത്തിക്കാൻ പോലും തയ്യാറായില്ലെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മധുകർ പാണ്ഡെ വാദിച്ചിരുന്നു.

കലാപത്തിനിടെ അങ്കിത് ശർമയെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ ജൂലൈ 13നാണ് താഹിർ ഹുസൈൻ ഉൾപ്പെടെയുള്ളവരെ കോടതി കുറ്റക്കാരായി കണ്ടെത്തിയത്. നേരത്തെ അങ്കിതിന്റെ ശരീരഭാഗങ്ങൾ ഓടയിൽ കണ്ടെത്തുകയായിരുന്നു.  

കൊലപാതകം (ഐപിസി 302), അന്യായമായി തടഞ്ഞുവെക്കാനായി തട്ടിക്കൊണ്ടുപോകൽ (365), ലഹളയുണ്ടാക്കൽ (147), ആയുധമേന്തി ലഹളയുണ്ടാക്കൽ (148), ശത്രുത വളർത്തൽ (153എ), സർക്കാർ ഉത്തരവ് ലംഘിക്കൽ (188) തുടങ്ങിയ കുറ്റങ്ങളാണ് താഹിർ ഹുസൈനെതിരെ തെളിഞ്ഞത്. കുറ്റകൃത്യത്തിൽ പങ്കാളികളായ മറ്റ് നാല് പ്രതികൾക്കും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്.

ENGLISH SUMMARY:

A Delhi court has sentenced former Aam Aadmi Party councillor Tahir Hussain and four other accused to life imprisonment for the 2020 Delhi riots murder of Intelligence Bureau official Ankit Sharma. Although the prosecution sought the death penalty due to the brutality of the crime, the judge noted that the prosecution failed to prove the convicts were beyond reformation. The court previously found them guilty of participating in an armed mob that orchestrated violence, rioting, and the fatal attack during the communal clashes. The convicted individuals faced multiple severe charges, including murder, abduction, and promoting enmity between different groups.