Image from the video,X
ലോകത്തെ തന്നെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ എച്ച്.സി.എല്ലിന്‍റെ വാര്‍ഷികാഘോഷം. കമ്പനി ആസ്ഥാനത്ത് സംഘടിപ്പിച്ച ആഘോഷച്ചടങ്ങില്‍ എപ്പോഴും താരമാകാറുള്ളത് സിഇഒ തന്നെ. എന്നാല്‍ ഇക്കുറി ദുസ്വപ്നത്തില്‍പ്പോലും കണ്ടിരിക്കാന്‍ ഇടയില്ലാത്ത അനുഭവമാണ് സി.ഇ.ഒ സി.വിജയകുമാറിന് ഉണ്ടായത്.
പരിപാടിക്കിടെ പ്രസംഗത്തിനായി വിജയകുമാറിനെ ക്ഷണിച്ചു. അദ്ദേഹം സ്റ്റേജിലേക്ക് നടക്കുമ്പോള്‍ സാധാരണ കയ്യടികള്‍ ഉയരുകയാണ് പതിവ്. എന്നാല്‍ ഇക്കുറി ജീവനക്കാര്‍ ഒന്നിച്ച് പ്രയാസങ്ങള്‍ വിളിച്ചുപറയുകയാണ് ചെയ്തത്. അതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാണ് ഇപ്പോള്‍.
സി.വിജയകുമാർ വേദിയിലേക്ക് കടന്നുവരുമ്പോള്‍ ‘ഞങ്ങള്‍ക്ക് ശമ്പളവര്‍ധന വേണം’എന്ന് ഒരേ ശബ്ദത്തില്‍ നൂറുകണക്കിനു ജീവനക്കാര്‍ ഒന്നിച്ചാവശ്യപ്പെട്ടു. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ഈ പ്രതികരണം. എന്നാല്‍ ‘ഇതല്ല ഇതിനപ്പുറവും കണ്ടവനാണീ കെ.കെ ജോസഫ്’ എന്ന നിലപാടിലായിരുന്നു സിഇഒ.
പൊടുന്നനെ ഉയര്‍ന്ന ആ പ്രതിഷേധത്തിലും വിജയകുമാര്‍ കുലുങ്ങിയില്ല, എല്ലാവര്‍ഷവും ഇന്‍ക്രിമെന്റ് സമയത്ത് സിഇഒ പ്രകടിപ്പിക്കുന്ന അതേ സമചിത്തതയും ശരീരഭാഷയും സ്റ്റേജിലും കണ്ടുവെന്നായിരുന്നു ചിലരുടെ അടക്കംപറച്ചില്‍. തികഞ്ഞ സമചിത്തതയോടെ പ്രതിഷേധക്കാര്‍ക്ക് മുന്‍പില്‍ അദ്ദേഹം ചിരിച്ചുനിന്നു. ജീവനക്കാരുടെ മുദ്രാവാക്യം കേട്ടിട്ടും പുഞ്ചിരിയോടെ സദസിനെ അഭിവാദ്യം ചെയ്ത ശേഷം ശമ്പളവർധനക്കാര്യത്തില്‍ നേരിട്ട് പ്രതികരിക്കാതെ തന്റെ പ്രസംഗം പൂര്‍ത്തിയാക്കുകയും ചെയ്തു.
എക്സിലൂടെയും ലിങ്ക്ഡ് ഇന്‍ പ്ലാറ്റ്ഫോമുകളിലും വിഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്. ഐ.ടി മേഖലയിലെ ഭൂരിഭാഗം ജീവനക്കാരും നേരിടുന്ന മാനസിക സമ്മർദവും നിരാശയുമാണ് ഇവിടെ പരസ്യമായി കണ്ടതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഔദ്യോഗിക ചടങ്ങിലെ ഇത്തരം പ്രതിഷേധം കമ്പനിക്കും ജീവനക്കാര്‍ക്കും നാണക്കേടാണെന്ന് മറ്റൊരു കൂട്ടര്‍ വിമര്‍ശിക്കുന്നു. ഇതൊരു ‘കോര്‍പറേറ്റ് യാചന’ ആയിപ്പോയല്ലോ എന്നുവരെ പറയുന്നുണ്ട് ചിലര്‍ കമന്റുകളില്‍.
അതേസമയം ആഗോളസാമ്പത്തിക പ്രശ്നങ്ങളും എഐ അധിനിവേശവും ചെലവ് ചുരുക്കലുമെല്ലാം കാരണം ഇന്ത്യയിലെ ഐടി മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്. ശമ്പളവര്‍ധന ഉള്‍പ്പെടെ മന്ദഗതിയിലായി. എന്നാല്‍ എച്ച്സിഎല്‍ ടെകില്‍ മറ്റിടങ്ങളിലേതുപോലെ സാമ്പത്തികപ്രതിസന്ധി ഇല്ലെന്നാണ് ജീവനക്കാരുടെ നിലപാട്. എന്നിട്ടും അർഹമായ ശമ്പളവർധന പ്രഖ്യാപിക്കുന്നില്ലെന്ന് അവര്‍ ആരോപിക്കുന്നു.
60 രാജ്യങ്ങളിലായി 2,23,000 ജീവനക്കാരുള്ള ആഗോള ഭീമനാണ് എച്ച്.സി.എല്‍. ടെക്. 1,41,622.53 കോടി രൂപയാണ് ജൂണില്‍ അവസാനിച്ച 12 മാസക്കാലയളവിലെ വിറ്റുവരവ്. എഐ, ഡിജിറ്റല്‍ സര്‍വീസസ്, ഐടി എന്‍ജിനീയറിങ്, ക്ലൗഡ്, സോഫ്റ്റ്‍വെയര്‍ മേഖലകളിലാണ് കമ്പനിക്ക് ആധിപത്യമുള്ളത്. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് കോര്‍പറേറ്റ് ആസ്ഥാനം.