ashok-neet

Image: @indiatoday, AI Enhanced Picture

TOPICS COVERED

  • മുതിര്‍ന്ന പൗരന്‍മാര്‍ക്ക് എംബിബിഎസ് പ്രവേശനത്തിനു സംവരണം വേണമെന്ന് 71കാരന്‍. ഇക്കഴിഞ്ഞ നീറ്റ് പരീക്ഷയെഴുതിയ മത്സരാര്‍ഥിയാണ് അശോക് ബഹാര്‍

മെഡിക്കല്‍ വിദ്യാഭ്യാസത്തിനു പ്രായപരിധിയുണ്ടോ? ചോദ്യം 71കാരനായ നീറ്റ് മത്സരാര്‍ഥിയുടേതാണ്, മുതിര്‍ന്ന പൗരന്‍മാര്‍ക്ക് എംബിബിഎസ് പ്രവേശനത്തിന് പ്രത്യേക സംവരണം വേണമെന്ന ആവശ്യമാണ് അലഹബാദ് ഹൈക്കോടതി ലക്്നൗ ബെഞ്ചില്‍ ഉന്നയിക്കപ്പെട്ടത്. ഒരു ശതമാനം സംവരണം ആവശ്യപ്പെട്ടാണ് അശോക് ബഹാര്‍ എന്ന 71കാരന്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്. 

ഈ മാസം 21നാണ് അശോക് ബഹാറിന്റെ ഹര്‍ജി ലക്നൗ ബെഞ്ചിനു മുന്‍പിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സമൂഹത്തിലെ പല വിഭാഗങ്ങള്‍ക്കും മെഡിക്കല്‍ പ്രവേശനത്തിനായി പ്രത്യേകം സംവരണമോ ആനുകൂല്യമോ ഏര്‍പ്പെടുത്തിയിട്ടുണ്ട്,എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ മുതിര്‍ന്ന പൗരന്‍മാരെ അവഗണിക്കുന്നതെന്നാണ് ബഹാര്‍ ചോദിക്കുന്നത്. നീറ്റ് പ്രവേശന പരീക്ഷ എഴുതാന്‍ പ്രായപരിധി ഇല്ലെന്നിരിക്കെ മെഡിക്കല്‍ സീറ്റുകളിലും ആനുകൂല്യം വേണമെന്നാണ് ബഹാര്‍ ഉന്നയിക്കുന്ന ലളിതമായ ചോദ്യം. 

നീറ്റ് യുജിക്കായുള്ള ഉയര്‍ന്ന പ്രായപരിധി നീക്കം ചെയ്യാനുള്ള സുപ്രീംകോടതിയുടെ മുന്‍ പരാമര്‍ശവും ബഹാറിന്റെ അഭിഭാഷകന്‍ പങ്കജ് ധീര്‍ സിങ് റാണ ചൂണ്ടിക്കാട്ടി.  മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് ഹാജരാകാമെങ്കില്‍ പ്രവേശന സാധ്യതയെ പിന്തുണയ്ക്കുന്ന ഒരു നയം കൂടി വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 

1974ല്‍ ആദ്യ മെഡിക്കല്‍ പ്രവേശന പരീക്ഷയെഴുതിയ ബഹാറിന്റെ ഡോക്ടര്‍സ്വപ്നത്തിന് അഞ്ച് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. അന്ന്  പരാജയപ്പെട്ടു, 2023ല്‍ വീണ്ടും ശ്രമിച്ചെങ്കിലും ഏറെ അകലെയുള്ള പരീക്ഷാ കേന്ദ്രത്തിലേക്ക് ഓടിയെത്തിയപ്പോഴേക്ക് അവസരം നഷ്ടമായി.  അടുത്ത ശ്രമം ഈ മേയ് മാസത്തില്‍ നടത്തി. 2026 നീറ്റ് യുജി എഴുതി. അമ്മ സാവിത്രി ദേവിയുടെ ആഗ്രഹമായിരുന്നു ബഹാര്‍ ഡോക്ടറാവണം എന്നത്. 1990ല്‍ അമ്മ മരിച്ചതോടെ ആ സ്വപ്നത്തിന് ജീവനില്ലാതായി, എങ്കിലും പൂര്‍ത്തിയാകാത്ത സ്വപ്നം മനസിന്റെ ഒരു കോണില്‍ അവശേഷിപ്പിച്ച് ഒരു ഡോക്ടറെ തന്നെ ബഹാര്‍ വിവാഹം ചെയ്തു. പിന്നീട് തന്റെ സ്വപ്നങ്ങളെക്കുറിച്ചറിഞ്ഞ ഭാര്യ ഡോ. മഞ്ജു, ബഹാറിന് പ്രോത്സാഹനമായി. ഇരുപതോളം ഡോക്ടര്‍മാരുള്ള ഒരു കുടുംബത്തിലാണ് ബഹാര്‍ ജീവിക്കുന്നതെന്നതും മറ്റൊരു സത്യം. 

71കാരന്‍ ബഹാര്‍ ചില്ലറക്കാരനല്ല, അക്കാദമിക തലത്തില്‍ മികച്ച നേട്ടങ്ങള്‍ക്ക് ഉടമ കൂടിയാണ്. ലക്നൗ സര്‍വകലാശാലയില്‍ നിന്നും സസ്യശാസ്ത്രം, ജന്തുശാസ്ത്രം, രസതന്ത്രം എന്നിവയിൽ ബിരുദവും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനുകളിൽ ബിരുദാനന്തര ഡിപ്ലോമയും നിയമ ബിരുദവും എംബിഎയും അദ്ദേഹം നേടിയിട്ടുണ്ട്. ഇന്ത്യൻ ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിൽ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടെ മാർക്കറ്റിങ് മേധാവിയായി സേവനമനുഷ്ഠിച്ചു. സ്വമേധയാ വിരമിച്ച ശേഷം വിദേശകാര്യ മന്ത്രാലയത്തിൽ കൺസൾട്ടന്റായിരുന്നു. നിലവില്‍ ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന ഒരു അഭിഭാഷകനുമാണ് ബഹാര്‍. 

വിദ്യാഭ്യാസത്തിനു പ്രായപരിധിയില്ലെന്ന് സ്വന്തം ജീവിതത്തിലൂടെ തന്നെ തെളിയിച്ച ബഹാര്‍ പറയുന്നതിലും കാര്യമുണ്ട്, പൂര്‍ത്തീകരിക്കാനാവാത്ത സ്വപ്നങ്ങള്‍ക്കായി മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സര്‍ക്കാര്‍ പ്രത്യേക വ്യവസ്ഥകള്‍ സൃഷ്ടിക്കണം. തന്റെ ഹര്‍ജി പരിഗണിക്കുന്ന ലക്നൗ ബെഞ്ചിന്റെ നിലപാട് അറിയാനുള്ള കാത്തിരിപ്പിലാണ് അശോക് ബഹാര്‍. 

ENGLISH SUMMARY:

A 71-year-old NEET-UG aspirant, Ashok Bahar, has filed a writ petition in the Lucknow Bench of the Allahabad High Court demanding a 1% reservation for senior citizens in medical admissions. Bahar, a multi-qualified professional and current High Court advocate, argues that since there is no upper age limit to sit for the NEET exam, the government should also provide admission benefits for elderly individuals pursuing their unfulfilled dreams. Inspired by his late mother's wish and supported by his wife, who is a doctor, he recently appeared for the NEET-UG 2026 exam to finally fulfill his five-decade-long dream. The High Court is scheduled to hear his petition on July 21, raising a significant question about age limits and inclusivity in professional education.