എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
മുതിർന്ന പൗരന്മാരുടെയും മാതാപിതാക്കളുടെയും അന്തസ്സും സംരക്ഷണവും ഉറപ്പുവരുത്താൻ, ആവശ്യമായി വന്നാൽ സ്വത്തിൽ നിന്ന് മക്കളെ ഒഴിപ്പിക്കാൻ വയോജനക്ഷേമ ട്രൈബ്യൂണലുകൾക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി. പ്രായമേറുന്നത് വയോജനങ്ങൾക്ക് അനാഥത്വവും അപമാനവും അരക്ഷിതാവസ്ഥയും ഉണ്ടാക്കാൻ ഇടയാക്കരുതെന്നും ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. 2007-ലെ മുതിർന്ന പൗരരുടെയും മാതാപിതാക്കളുടെയും സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന നിയമത്തെ (മെയിന്റനൻസ് ആൻഡ് വെൽഫെയർ ഓഫ് പേരന്റ്‌സ് ആൻഡ് സീനിയർ സിറ്റിസൺസ് ആക്ട്) മുൻനിർത്തിയാണ് കോടതിയുടെ ഈ ചരിത്രപരമായ ഇടപെടൽ.
മാതാപിതാക്കളുടെ ക്ഷേമം ഉറപ്പാക്കാൻ ആവശ്യമാണെങ്കിൽ മക്കളെ വീടുകളിൽ നിന്ന് ഒഴിപ്പിക്കാൻ ട്രൈബ്യൂണലുകൾക്ക് അധികാരമുണ്ടെന്ന് വിധിയില്‍ പറയുന്നു. മുതിർന്ന പൗരന്മാർക്ക് വേഗത്തിൽ നീതി ലഭ്യമാക്കുക എന്നതാണ് നിയമത്തിന്റെ ലക്ഷ്യം. അതിനാൽ, ഇത്തരം സാഹചര്യങ്ങളിൽ ട്രൈബ്യൂണലുകൾക്ക് തീരുമാനമെടുക്കാൻ തടസ്സങ്ങളില്ല. അന്തസ്സോടെ ജീവിക്കാനുള്ള മൗലികാവകാശമടക്കമുള്ള ഭരണഘടനാ തത്വങ്ങൾ മുൻനിർത്തിവേണം നിയമപരമായ ഉത്തരവുകൾ പുറപ്പെടുവിക്കാനെന്നും വിധിയിലുണ്ട്.
മുതിർന്നവർക്ക് നൽകുന്ന ബഹുമാനവും അന്തസ്സും സുരക്ഷയുമാണ് ഒരു പരിഷ്കൃത സമൂഹത്തിന്റെ യഥാർഥ അളവുകോലെന്നും കോടതി ചൂണ്ടിക്കാട്ടി. അവരെ കേവലം ആശ്രിതരായി കാണരുത്. അനുഭവസമ്പത്തിന്റെയും അറിവിന്റെയും കലവറകളാണവർ. മാതാപിതാക്കളെ ദൈവതുല്യമായി കരുതുന്ന രാജ്യത്തിന്റെ ധാർമിക മൂല്യങ്ങളിൽ അധിഷ്ഠിതമാണ് 2007-ലെ നിയമമെന്നും കോടതി വ്യക്തമാക്കി.
കേസിന്‍റെ വഴി
ഉത്തർപ്രദേശിലെ ലക്‌നൗ വികാസ് നഗർ സ്വദേശിയായ രവികാന്ത് ഗുപ്ത തന്റെ സ്വന്തം മകനെതിരെ നടത്തിയ നിയമപോരാട്ടമാണ് സുപ്രീം കോടതിയുടെ ഈ നിർണായക വിധിക്ക് വഴിതെളിച്ചത്. രവികാന്തിന്റെ 81 വയസുള്ള അമ്മയെ, മകനും മരുമകളും ചേർന്ന് വൃദ്ധസദനത്തിലാക്കുകയായിരുന്നു. താൻ സ്വന്തമായി സമ്പാദിച്ച വീട്ടിൽ സ്വന്തം അമ്മയെ താമസിപ്പിക്കാൻ സമ്മതിക്കുന്നില്ലെന്ന് കാണിച്ച് രവികാന്ത് സബ് ഡിവിഷണൽ മജിസ്ട്രേറ്റിനെ സമീപിച്ചു. തുടർന്ന് മകനും ഭാര്യയും വീടൊഴിയണമെന്ന് മജിസ്ട്രേറ്റ് ഉത്തരവിട്ടെങ്കിലും അപ്പീൽ പരിഗണിച്ച അലഹാബാദ് ഹൈക്കോടതി ഈ ഉത്തരവ് റദ്ദാക്കി. ഇതിനെതിരെ രവികാന്ത് നൽകിയ പുനഃപരിശോധനാ ഹർജിയും തള്ളിയതോടെയാണ് കേസ് സുപ്രീം കോടതിയിലെത്തിയത്. ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി ട്രൈബ്യൂണലിന്റെ അധികാരം ശരിവച്ചത്.
സഹായം തേടാം
മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി കേരളത്തിൽ ഓരോ റവന്യൂ ഡിവിഷൻ തലത്തിലും 'മെയിന്റനൻസ് ട്രൈബ്യൂണലും' ജില്ലാതലത്തിൽ 'അപ്പലറ്റ് ട്രൈബ്യൂണലും' പ്രവർത്തിക്കുന്നുണ്ട്. ജില്ലാ കളക്ടറാണ് അപ്പലറ്റ് ട്രൈബ്യൂണലിന്റെ പ്രിസൈഡിങ് ഓഫീസർ. അടിയന്തര സാഹചര്യങ്ങളിൽ വയോജനങ്ങൾക്ക് പോലീസിനെയോ ജില്ലാ ഭരണകൂടത്തെയോ സാമൂഹികനീതി വകുപ്പിനെയോ നേരിട്ട് സമീപിക്കാവുന്നതാണ്. സഹായത്തിന് വിളിക്കാം (എൽഡർ ലൈൻ): 14567