ചിത്രം: 'വഫാ: എ ഡെഡ്‌ലി ലവ് സ്റ്റോറി'
ബോളിവുഡ് നടി ലൈലാ ഖാന്റെയും കുടുംബാംഗങ്ങളുടെയും കൂട്ടക്കൊല നടന്നിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ആ ക്രൂരതയുടെ ഞെട്ടലിൽ നിന്ന് രാജ്യം ഇനിയും മുക്തമായിട്ടില്ല. ഫാംഹൗസില്‍ സ്വിമ്മിങ് പൂളിനായി എടുത്ത കുഴിയിൽ ആറ് മൃതദേഹങ്ങൾ ഒന്നിനുമേൽ ഒന്നായി വച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്‍റെ അന്വേഷണ വഴികൾ മുംബൈ ക്രൈംബ്രാഞ്ചിലെ മുന്‍ ഉദ്യോഗസ്ഥന്‍ അംബാദാസ് പോട്ടെ വെളിപ്പെടുത്തി. മാധ്യമപ്രവർത്തകന്‍ ഹുസൈൻ സൈദിയുമായുള്ള അഭിമുഖത്തിലാണ് പോട്ടെ ഈ കേസിന്റെ ചുരുളഴിച്ച നടുക്കുന്ന ഓർമ്മകൾ പങ്കുവച്ചത്.
2008-ൽ രാജേഷ് ഖന്നയോടൊപ്പം 'വഫാ: എ ഡെഡ്‌ലി ലവ് സ്റ്റോറി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ലൈലാ ഖാനും അമ്മ സെലീനയെയും കുടുംബത്തിലെ മറ്റ് നാല് പേരെയും 2011-ലാണ് നിഗൂഢമായ സാഹചര്യത്തിൽ കാണാതാകുന്നത്. ഒരു സാധാരണ പരാതിയിൽ നിന്ന്, രാജ്യം കണ്ട ഏറ്റവും ആസൂത്രിതമായ കൂട്ടക്കൊലയുടെ കഥയിലേക്കാണ് അന്വേഷണസംഘം എത്തിച്ചേർന്നത്. 2024-ൽ ഈ കേസിൽ ലൈലയുടെ രണ്ടാനച്ഛൻ പർവേസ് ടക്കിന് കോടതി വധശിക്ഷ വിധിച്ചിരുന്നു.
കുടുംബത്തിലെ തർക്കങ്ങളും വിദ്വേഷവും
മുംബൈ ഓഷിവാരയിലായിരുന്നു ലൈലയുടെ അമ്മ സെലീനയും അവരുടെ മൂന്നാം ഭർത്താവായ പർവേസ് ടക്കും കുടുംബവും താമസിച്ചിരുന്നത്. ലൈല സിനിമയിൽ അഭിനയിക്കുന്നതിനോട് പർവേസിന് കടുത്ത എതിർപ്പുണ്ടായിരുന്നു. തന്നോടുള്ള ലൈലയുടെ പെരുമാറ്റത്തിലും അയാൾക്ക് കടുത്ത അമർഷമുണ്ടായിരുന്നു. ഇക്കാര്യങ്ങൾ ഭാര്യ സെലീനയോട് പരാതിപ്പെട്ടെങ്കിലും അവർ അത് തള്ളിക്കളയുകയായിരുന്നു പതിവ്. Read More: ക്ഷേത്രദർശനത്തിനിടെ ഭർത്താവിനെ വെട്ടിക്കൊന്നു; വഴിത്തിരിവായത് ബാഗ് വീഴ്ത്തൽ; ഭാര്യയും കാമുകനും പിടിയില്‍
കുടുംബസ്വത്തുക്കളെച്ചൊല്ലിയുള്ള തർക്കങ്ങളും ലൈല ജോലിക്കായി ദുബായിലേക്ക് മാറണമെന്ന പർവേസിന്റെ നിർദ്ദേശവും അവര്‍ തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കി. പർവേസിന്റെ ദുബായ് പ്ലാൻ ലൈല നിരസിച്ചതോടെയാണ് അയാള്‍ കുടുംബത്തെ മുഴുവൻ ഇല്ലാതാക്കാനുള്ള ക്രൂരമായ ഗൂഢാലോചന ആരംഭിക്കുന്നത്.
ഫാംഹൗസിലേക്കുള്ള മരണയാത്ര
കൂട്ടക്കൊല ആസൂത്രണം ചെയ്ത പര്‍വേസ് പദ്ധതി നടപ്പാക്കാന്‍ ആദ്യം ചെയ്തത് ഇഗത്പുരിയിലെ ഫാംഹൗസിൽ വിശ്വസ്തനായ ഒരാളെ കാവൽക്കാരനായി നിയമിക്കുക എന്നതായിരുന്നു. തുടർന്ന് കുറച്ചുദിവസത്തെ അവധിക്കാലം ആഘോഷിക്കാനായി കുടുംബത്തെ മുഴുവൻ അയാൾ ഇഗത്പുരിയിലേക്ക് ക്ഷണിച്ചു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും കുടുംബം തിരിച്ചെത്താതായതോടെ സെലീനയുടെ ആദ്യ ഭർത്താവ് നാദിർ ഷാ പോലീസിൽ പരാതി നൽകി. തുടർന്ന് ലൈലയുടെ മുംബൈയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ പർവേസ് ടക്കിന്റെ തിരിച്ചറിയൽ രേഖകൾ പോലീസിന് ലഭിച്ചു. അന്വേഷണം പര്‍വേസില്‍ കേന്ദ്രീകരിക്കുകയും ജമ്മു കശ്മീർ പോലീസിന്റെ സഹായത്തോടെ മുംബൈ പോലീസ് ഇയാളെ കശ്മീരിൽ നിന്ന് പിടികൂടുകയും ചെയ്തു.
ബാർബിക്യൂ പാർട്ടിയും ഇരുമ്പുദണ്ഡും: നടുക്കുന്ന ക്രൂരത
ആഡംബരക്കാറിലാണ് ലൈലയും കുടുംബവും ഫാംഹൗസിലേക്ക് യാത്ര തിരിച്ചതെന്ന് പർവേസ് പോലീസിനോട് പറഞ്ഞു. ഫാംഹൗസിലെത്തിയ ദിവസം വൈകിട്ട് ബാർബിക്യൂവും നൃത്തവുമൊക്കെയായി ആഘോഷമായിട്ടാണ് അവർ ചിലവഴിച്ചത്. എന്നാൽ രാത്രി എല്ലാവരും ഉറങ്ങാൻ കിടന്നതോടെ പർവേസും കൂട്ടാളിയും ചേർന്ന് ആക്രമണം ആരംഭിച്ചു.
ഇരുമ്പുദണ്ഡും കത്തിയും ഉപയോഗിച്ചായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റിട്ടും ലൈലയുടെ സഹോദരൻ ഇമ്രാൻ കുടുംബത്തെ രക്ഷിക്കാൻ പരമാവധി ശ്രമിച്ചു. പക്ഷേ പരാജയപ്പെട്ടു. ഒരാൾ പോലും ജീവനോടെ അവശേഷിക്കുന്നില്ല എന്ന് ഉറപ്പുവരുത്താൻ വീണുപോയവരെയും പർവേസ് വീണ്ടും വീണ്ടും ക്രൂരമായി ആക്രമിച്ചു. പോലീസിനെ തെറ്റിദ്ധരിപ്പിക്കാനായി കുടുംബത്തിന്റെ ഒരു വാഹനം ജമ്മുവില്‍ കൊണ്ടുപോയി ഉപേക്ഷിക്കുകയും ചെയ്തു.
സ്വിമ്മിങ് പൂളിന്റെ കുഴിയിൽ ഒളിപ്പിച്ച മൃതദേഹങ്ങൾ
ഫാംഹൗസിൽ സ്വിമ്മിങ് പൂൾ നിർമ്മിക്കാനായി എടുത്തു വച്ചിരുന്ന വലിയ കുഴിയിലാണ് ആറ് മൃതദേഹങ്ങളും ഒളിപ്പിച്ചത്. ആദ്യം മൂന്ന് മൃതദേഹങ്ങൾ കുഴിയിലിട്ട് അതിനു മുകളിൽ കിടക്കകളും തലയിണകളും നിരത്തി. അതിനു മുകളിലായി ബാക്കി മൂന്ന് മൃതദേഹങ്ങൾ കൂടി വച്ച ശേഷം മണ്ണിട്ട് മൂടുകയായിരുന്നു. പോലീസ് സംഘം ഫാംഹൗസിൽ എത്തുമ്പോൾ, അവിടെ പെയ്ത മഴ കാരണം കുഴിച്ചിട്ട ഭാഗത്തെ മണ്ണ് ഒരല്പം താഴ്ന്ന നിലയിലായിരുന്നു. ഇതാണ് ഉദ്യോഗസ്ഥരിൽ സംശയം ജനിപ്പിച്ചത്. ആറ് മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവില്‍ അവശിഷ്ടങ്ങള്‍ പുറത്തെടുത്തു. പിന്നീട് മെഡിക്കൽ പരിശോധനയിലൂടെയാണ് ഇവ ലൈലയുടെയും കുടുംബാംഗങ്ങളുടേയും മൃതദേഹാവശിഷ്ടങ്ങളാണെന്ന് സ്ഥിരീകരിച്ചത്.
12 വർഷങ്ങൾക്ക് ശേഷം വധശിക്ഷ
വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ 2024 മേയിലാണ് മുംബൈ സെഷൻസ് കോടതി പർവേസ് ടക്കിന് വധശിക്ഷ വിധിച്ചത്. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണിതെന്ന് നിരീക്ഷിച്ച കോടതി, സമൂഹത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരമായ കൂട്ടക്കൊലയാണിതെന്നും നിരീക്ഷിച്ചു. 17 മാസത്തോളമാണ് കൂട്ടക്കൊലയുടെ തെളിവുകൾ ഒളിപ്പിച്ചു വയ്ക്കാൻ പര്‍വേസിന് കഴിഞ്ഞത്. അതേസമയം, പര്‍വേസിന്‍റെ കൂട്ടാളിയെ ഇന്നുവരെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല.