ജപ്പാനില്‍ ഐവി ഡ്രിപ്പില്‍ മനുഷ്യവിസർജ്യം കലർത്തി രോഗിയെ കൊലപ്പെടുത്തിയ കേസില്‍ ആശുപത്രിയിലെ മിഡ് വൈഫ് അറസ്റ്റില്‍. ചിബ പ്രിഫെക്ചറിലുള്ള കാഷിവാ തനക ആശുപത്രിയിലാണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച കൊലപാതകം നടന്നത്. എഴുപത്തിയഞ്ചുകാരനായ രോഗിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആശുപത്രിയിലെ മിഡ് വൈഫ് മി യുക്കി ഫുരുകാവയെ പൊലീസ് അറസ്റ്റ് ചെയ്തു.

ജനുവരി 31-നായിരുന്നു രോഗി മരിക്കുന്നത്. ഡ്രിപ്പിലൂടെ ശരീരത്തിൽ അണുബാധയുണ്ടായതിനെത്തുടർന്ന് സെപ്സിസ് ബാധിക്കുകയും പിന്നാലെ അവയവങ്ങളുടെ പ്രവർത്തനം നിലച്ച് രോഗി മരണപ്പെടുകയുമായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രക്തത്തിൽ ബാക്ടീരിയ കലർന്നതാണ് മരണകാരണമെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. മാത്രമല്ല, മരണപ്പെട്ട രോഗിയുടെ രക്തത്തിൽ മനുഷ്യവിസർജ്യത്തില്‍ കാണപ്പെടുന്ന ബാക്ടീരിയകളും കണ്ടെത്തിയിരുന്നു. പിന്നാലെ ആശുപത്രി അധികൃതർ പൊലീസിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു.

സംഭവം നടക്കുമ്പോൾ രാത്രി ഷിഫ്റ്റിലായിരുന്ന പ്രതി രോഗിയെ പരിചരിക്കേണ്ട ചുമതല ഇല്ലായിരുന്നിട്ടും പലതവണ മുറിയിൽ കയറിയതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പിറ്റേന്ന് പുലർച്ചെ നാലുമണിയോടെ രോഗി അസ്വസ്ഥനാവുകയും ശ്വസിക്കാൻ ബുദ്ധിമുട്ട് പ്രകടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പരിശോധിച്ച ഹെഡ് നഴ്സാണ് ഡ്രിപ്പ് ട്യൂബിലെ ദ്രാവകം തവിട്ടുനിറമായതായി ശ്രദ്ധിച്ചത്. ഇതിന്റെ ചിത്രം പകർത്തിയെങ്കിലും നിമിഷങ്ങൾക്കകം ആ ട്യൂബ് കാണാതാവുകയും ചെയ്തു. ഫുരുകാവയോട് ചോദിച്ചപ്പോൾ, താൻ അത് സ്റ്റാഫ് റൂമിലേക്ക് മാറ്റിയതായി അവര്‍ പറഞ്ഞു. എന്നാല്‍ സ്റ്റാഫ് റൂമിലുള്ള ട്യൂബിലെ ദ്രാവകം മറ്റൊരു നിറത്തിലുള്ളതായിരുന്നു. ഇതും സംശയത്തിനിടയാക്കിയിരുന്നു.

സംഭവം നടന്ന് മൂന്നാഴ്ചയ്ക്ക് ശേഷം പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചപ്പോൾ, ഫുരുകാവ ജോലിയിൽ നിന്ന് രാജിവെച്ചു. ഇവരുടെ ഫോൺ പരിശോധിച്ചപ്പോൾ. ‘വിസർജ്ജ്യം കുത്തിവെച്ചാൽ മരിക്കുമോ?’ എന്ന് ഗൂഗിളിൽ തിരഞ്ഞതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ആരോപണം നിഷേധിച്ച യുവതി താൻ ഒന്നും ചെയ്തിട്ടില്ലെന്നാണ് വാദിക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ENGLISH SUMMARY:

A midwife named Miyuki Furukawa has been arrested in Japan for the murder of a 75-year-old patient at Kashiwa Tanaka Hospital by contaminating his intravenous (IV) drip with human excrement. The patient died from sepsis after the deliberate introduction of fecal bacteria into his bloodstream, an act confirmed by forensic reports. Although Furukawa denied the allegations, investigations revealed she repeatedly entered the patient’s room during her night shift despite having no assigned duty there, and search history on her phone showed queries regarding the lethality of injecting excrement. Following the incident, she resigned from her position, and police are currently conducting a detailed investigation into the motive and circumstances of the crime.