കര്‍ണാടകയിലെ ദക്ഷിണ കന്നഡയില്‍ ബസ് കാത്തുനിന്ന യുവതിയെ പട്ടാപകല്‍ യുവാവ് വെട്ടികൊലപ്പെടുത്തി. ബണ്ട്വാള്‍ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. കാക്യപ്പടവ് സ്വദേശി ലാവണ്യയാണ് (21) ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ ബെൽത്തങ്ങാടി ഒഡിൽനാല സ്വദേശി ചേതനായുള്ള (22) അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
കല്ലഡ്കയിലെ സ്വകാര്യ നഴ്സിങ് ഹോമിൽ ജോലി ചെയ്യുകയാണ് ലാവണ്യ. വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള ബസ് കാത്തുനിൽക്കവെയാണ് ആക്രമണമുണ്ടായത്. ഈ സമയം അവിടേക്ക് എത്തിയ പ്രതി കൈവശമുണ്ടായിരുന്ന ബാഗിൽ നിന്ന് വെട്ടുകത്തി എടുത്ത് ലാവണ്യയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ യുവതി ഓടിയെങ്കിലും, പിന്തുടർന്നെത്തി പ്രതി വെട്ടിവീഴ്ത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ തന്നെ ബണ്ട്വാൾ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രണയാഭ്യർത്ഥന നിരസിച്ചതിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ചേതൻ യുവതിയെ ഏറെക്കാലമായി ശല്യം ചെയ്തിരുന്നതായും പൊലീസ് പറഞ്ഞു. ലാവണ്യയുടെ അകന്ന ബന്ധുകൂടിയാണ് ചേതന്‍ എന്നും റിപ്പോര്‍ട്ടുണ്ട്.
സംഭവം നടന്ന ഉടൻ തന്നെ പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നു. പ്രതിയെ പിടികൂടാനായി പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും അന്വേഷണം ഊർജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.