പ്രണയത്തിലിരിക്കുമ്പോള്‍ ആ ബന്ധം ഭാവിയില്‍ ഗുണം ചെയ്യില്ലെന്ന് മനസിലായാല്‍ അതില്‍ നിന്ന് പിന്‍മാറാനുള്ള അവകാശത്തെ പോലും ചോദ്യം ചെയ്യുന്ന സമൂഹമാണ് നമ്മുടേതെന്ന് തെളിയിക്കുന്ന കുറ്റകൃത്യങ്ങളാണ് ദിനംപ്രതി അരങ്ങേറുന്നത്. ബെംഗളൂരുവിൽ വീണ്ടും പ്രണയപകയില്‍ ഒരു യുവതിയുടെ ജീവന്‍ കൂടിയാണ് ഇല്ലാതായത്. പ്രണയബന്ധത്തിൽ നിന്ന് പിന്‍മാറിയ നിയമ വിദ്യാർഥിനിയെ കാമുകന്‍റെ സഹോദരന്‍ റോഡിലിട്ട് കുത്തിക്കൊന്നു. . 22 വയസ്സുള്ള കൊടിഹള്ളി സ്വദേശി അമൃതയാണ് കൊല്ലപ്പെട്ടത്. പ്രണയബന്ധത്തില്‍ നിന്ന് അമൃത പിന്‍മാറിയതിന്‍റെ പകയില്‍ കാമുകന്‍റെ സഹോദരന്‍ സൂര്യയാണ് യുവതിയെ കൊലപ്പെടുത്തിയത്.തിങ്കളാഴ്ച ബെംഗളൂരുവിലെ കൊടിഹള്ളിയിലെ റോഡിലൂടെ നടന്നുപോവുകയായിരുന്ന അമൃതയെ പിന്തുടര്‍ന്നെത്തിയ സൂര്യ കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ യുവതിക്ക് ഗുരുതരമായി പരുക്കേറ്റു. സമീപത്തുണ്ടായിരുന്നവർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികില്‍സയിലിരിക്കെ മരിച്ചു
ബന്ധം അവസാനിപ്പിച്ചതിലെ വൈരാഗ്യം
അമൃതയും സൂര്യയുടെ സഹോദരനും മുന്‍പ് പ്രണയത്തിലായിരുന്നു. എന്നാൽ വ്യക്തിപരമായ കാരണങ്ങളാല്‍ ഈ ബന്ധത്തിൽ നിന്ന് അമൃത പിന്‍മാറി. യുവതിയുടെ ഈ തീരുമാനമാണ് ആക്രമണത്തിന് കാരണമായത്. ബന്ധം അവസാനിപ്പിച്ചതിനെ തുടർന്നുണ്ടായ അസ്വാരസ്യങ്ങളും കുടുംബങ്ങൾ തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളും പൊലീസ് അന്വേഷിച്ച് വരികയാണ്. അമൃതയുടെ തീരുമാനത്തിൽ പ്രതിക്ക് കടുത്ത വിരോധം ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ബെംഗളൂരുവിലെ സ്വകാര്യ കോളേജിൽ നാലാം വർഷ നിയമ വിദ്യാർഥിനിയായിരുന്നു കൊല്ലപ്പെട്ട അമൃത. പഠനത്തിൽ മികവ് പുലർത്തിയിരുന്ന വിദ്യാര്‍ഥിനിയുടെ അപ്രതീക്ഷിത മരണം സഹപാഠികളെയും അധ്യാപകരെയും ദുഃഖത്തിലാഴ്ത്തിയിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി സൂര്യയെ നാട്ടുകാര്‍ പിന്തുടര്‍ന്നാണ് പിടികൂടിയത്. പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു. കൊലപാതകത്തില്‍ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സാക്ഷിമൊഴികളും സിസിടിവി ദൃശ്യങ്ങളും ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചുവരികയാണ് അന്വേഷണസംഘം. അമൃതയുടെ മുന്‍ കാമുകനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്
ആശങ്കയുണർത്തി പ്രണയപക കൊലപാതകങ്ങള്‍
അടുത്ത കാലത്തായി ബെംഗളൂരുവിൽ പ്രണയപകയും വ്യക്തിവൈരാഗ്യവും മൂലമുള്ള ആക്രമണങ്ങൾ വർധിക്കുകയാണ്. ബന്ധങ്ങൾ അവസാനിപ്പിക്കുന്നതോ വിവാഹ അഭ്യര്‍ഥന നിരസിക്കുകയോ ചെയ്യുന്ന സ്ത്രീകൾ ആക്രമിക്കപ്പെടുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.വ്യക്തിബന്ധങ്ങളിലെ തർക്കങ്ങൾ ക്രൂരമായ കുറ്റകൃത്യങ്ങളിലേക്ക് വഴിമാറുന്നത് തടയാൻ ശക്തമായ നിയമനടപടികളും സാമൂഹിക ഇടപെടലുകളും അനിവാര്യമാണ്.സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കും പ്രണയപകയെ തുടർന്നുള്ള ആക്രമണങ്ങൾക്കുമെതിരെ ശക്തമായ നടപടികൾ ആവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലും വ്യാപക പ്രതികരണങ്ങളാണ് ഉയരുന്നത്.