ഗുരുവായൂരിൽ 65 വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ചോദ്യം ചെയ്യൽ ദൃശ്യങ്ങൾ പുറത്തുവിട്ട പൊലീസിന്റെ നടപടിയെ വിമർശിച്ച് എഴുത്തുകാരി ശാരദക്കുട്ടി. കൊലയാളി എന്ന് സ്വയം വെളിപ്പെടുത്തിയ ആൾ കൊലപ്പെടുത്തിയ സ്ത്രീയെ കുറിച്ച് അസഭ്യങ്ങൾ പറയുന്നു. പ്രത്യക്ഷ തെളിവുകളൊന്നുമില്ലാതെ മോഷ്ടാവും മദ്യപാനിയുമായ ഒരാൾ ഒരു സ്ത്രീക്കെതിരെ പറഞ്ഞ അസഭ്യങ്ങൾ വിഡിയോ എടുത്ത് പുറത്തുവിട്ട പൊലീസ് നടപടി ഹീനമായിപ്പോയെന്നും ശാരദക്കുട്ടി ഫെയ്‌സ്ബുക്കിൽ കുറിച്ചു.

കൊലയാളി ആ സ്ത്രീയെ കുറിച്ച് പറഞ്ഞതിനെല്ലാം പൊലീസ് വീണ്ടും വീണ്ടും വിശദീകരണം തേടുന്നു. ആ വിഡിയോ വൈറലാവുകയും ആ സ്ത്രീക്കെതിരെ കമന്റുകളായി വീണ്ടും അസഭ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറയുകയും ചെയ്യുന്നു. എന്നാൽ അയാൾ പറഞ്ഞതിനൊന്നും യാതൊരു തെളിവും ഇല്ലെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിയുന്നു. മൃതദേഹമാണ് അപമാനിക്കപ്പെട്ടത്. ആൾക്കൂട്ട മനോരോഗങ്ങൾക്ക് ചികിത്സയില്ല. പക്ഷേ, പൊലീസ് നടപടികൾക്ക് കുറച്ചുകൂടി മാന്യതയും അന്തസ്സും ഉണ്ടാകണമെന്നും ശാരദക്കുട്ടി കുറിച്ചു.

ശാരദക്കുട്ടിയുടെ പോസ്റ്റ്

'ഗുരുവായൂരിൽ ഒരു സ്ത്രീ ക്രൂരമായി കൊല്ലപ്പെടുന്നു. കൊലയാളി എന്ന് സ്വയം വെളിപ്പെടുത്തിയ ആൾ ആ സ്ത്രീയെ കുറിച്ച് വായിൽ തോന്നിയതെല്ലാം വിളിച്ചു പറയുന്നു. അയാൾ പൊടിപ്പും തൊങ്ങലും കെട്ടി അധമരുചിക്കാർക്ക് വേണ്ടതെല്ലാം വിളമ്പി. വീഡിയോ നിമിഷങ്ങൾക്കുള്ളിൽ പുറത്തായി. ആ വീഡിയോ കേരളത്തിലിനി കേൾക്കാനും കാണാനും ആരുമില്ല. ആ സ്ത്രീക്കെതിരെ കമന്റുകളായി വന്ന തെറികൾ മലയാളി മനസ്സിന്റെ ദുഷിപ്പും ചലവും പഴുപ്പും ദുർഗന്ധവും വമിക്കുന്നതായിരുന്നു.

ആ സ്ത്രീ പക്ഷേ മരിച്ചു കഴിഞ്ഞു. മൃതദേഹമാണ് അപമാനിക്കപ്പെട്ടത്. ഒടുവിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നപ്പോഴോ? അവർക്കു മേൽ അയാൾ വാരിയെറിഞ്ഞ അശ്ലീലത്തിനൊന്നും ഒരു തെളിവും ആ ശരീരത്തിലില്ല. സ്വന്തം പക്ഷം, താൻ നേരിട്ട ആക്രമണം, ഒന്നും വിശദീകരിക്കാൻ അവരിനിയില്ല.

അയാൾ പറഞ്ഞതെല്ലാം കേട്ടപാതി കേൾക്കാത്ത പാതി മനോവൈകൃതം ബാധിച്ചവർ സ്വന്തം തലയിലെ മാലിന്യം ശർദ്ദിച്ചു തുടങ്ങി. അവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്തവർ ആ ശരീരത്തിനു മേൽ കസേര വലിച്ചിട്ട് വിധിപ്രസ്താവങ്ങൾ നടത്തി. അവർക്ക് പലതരം പേരുകൾ വീണു. പടർത്തിവിട്ട അസഭ്യങ്ങൾ കാറ്റത്ത് പഞ്ഞിയെന്നതുപോലെ അതിവേഗം പറന്ന് പ്രചരിച്ചു. ഇപ്പോഴോ? അവരെക്കുറിച്ച് സ്വന്തം മനോനിലയനുസരിച്ച് കഥയുണ്ടാക്കി ആ സ്ത്രീക്ക് തലക്കുറി നിശ്ചയിച്ചവർ എവിടെപ്പോയി?

അടുത്ത സ്ത്രീയെ തേടി ഇറങ്ങിയിരിക്കും. ഏതു മനുഷ്യനെയും വിശ്വസിക്കുന്നതിലും സുരക്ഷിതം അവിശ്വസിക്കുന്നതാണെന്ന ഒരു പാഠം ഇനിയെങ്കിലും നമ്മുടെ പെൺകുട്ടികളും സ്ത്രീകളും പഠിച്ചിരിക്കണം. അവിശ്വാസം ഇത്ര വലിയ അപകടങ്ങളുണ്ടാക്കാറില്ല. നിരപരാധികളായ ആളുകളെ സംശയിക്കണമെന്നും പിന്നാലെ വീഡിയോ എടുത്തു നടന്ന് ഉപദ്രവിക്കണമെന്നുമല്ല ഈ പറഞ്ഞതിനർഥം.

തങ്ങൾ പോകുന്ന സ്ഥലത്തിനടുത്തുള്ള സുരക്ഷിതമായ താമസസ്ഥലങ്ങൾ അന്വേഷിച്ച് ബോധ്യപ്പെട്ടതിനുശേഷം മാത്രം യാത്ര തുടങ്ങുക. ഭക്തികൊണ്ടു മാത്രം ആർക്കും രക്ഷകിട്ടില്ല. ബുദ്ധിയും വകതിരിവും കൂടി വേണം. സർക്കാർ സംവിധാനങ്ങളെ കുറിച്ച് അന്വേഷിച്ച് സ്ത്രീസൗഹാർദ്ദപരമായി തയ്യാറാക്കിയിട്ടുള്ള താമസസ്ഥലങ്ങൾ കണ്ടെത്തി മാത്രം യാത്രക്കൊരുങ്ങുക. സ്വർണ്ണമോ സ്വർണ്ണനിറമുള്ളതോ ആയ ആഭരണങ്ങൾ അണിയാതിരിക്കുക' തുടങ്ങിയ നിർദേശങ്ങളും ശാരദക്കുട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റിൽ നൽകുന്നു.

 

ENGLISH SUMMARY:

Sharadakutty strongly criticized the Kerala Police for leaking the interrogation footage of the suspect in the Guruvayur 65-year-old woman's murder case to the media. She raised concerns over the legality of releasing such videos before court verification, arguing that it leads to premature media trials and compromises the suspect's right to a fair trial.