കർണാടകയിലെ ധാർവാഡിൽ 45-കാരനായ ഡോക്ടര്‍ ഫ്ലാറ്റിൽ കൊലപ്പെട്ട നിലയിൽ. ധാർവാഡിലെ ചിരായു ഹോസ്പിറ്റലിലെ അനസ്തീസിയോളജിസ്റ്റ് ഡോ. കിരൺ ഹൊനാവർ ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്‍റെ എട്ടു വയസ്സുകാരനായ മകനെ കുത്തേറ്റനിലയില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് കിരണിന്‍റെ ഭാര്യയും നേത്രരോഗവിദഗ്ദ്ധയുമായ ഡോ. പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതീവ സുരക്ഷയുള്ള റെസിഡൻഷ്യൽ കോംപ്ലക്സിലാണ് സംഭവം. കിരണിനെ ബന്ധുക്കൾ ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെയാണ് കൊലപാതകം പുറത്തറിയുന്നത്. ആദ്യ ബന്ധുക്കള്‍ ഭാര്യയോട് അന്വേഷിച്ചെങ്കിലും വിശ്രമിക്കുകയാണെന്നായിരുന്നു മറുപടി. വീണ്ടും അന്വേഷിച്ചപ്പോള്‍ പുറത്തുപോയി എന്നായിരുന്നു പ്രിയങ്ക ബന്ധുക്കളോട് പറഞ്ഞത്. എന്നാൽ വൈകുന്നേരമായിട്ടും കിരണിനെ ഫോണിൽ കിട്ടാതായതോടെ ബന്ധുക്കൾ ഫ്ലാറ്റിൽ നേരിട്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന കിരണിനെയും മകനേയും കാണുന്നത്.
സംഭവം ഉടൻ തന്നെ പൊലീസിൽ അറിയിക്കുകയും മരണത്തോട് മല്ലിടുകയായിരുന്ന കുട്ടിയെ പൊലീസ് സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഡോക്ടറുടെ മൃതദേഹം ഒരു മുറിയിലും മകനെ മറ്റൊരു മുറിയിലുമായിരുന്നു കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ പുറത്തുനിന്ന് ആരെങ്കിലും ഫ്ലാറ്റിൽ അതിക്രമിച്ചു കയറിയതായി സൂചനയില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവസമയത്ത് ഭർത്താവും ഭാര്യയും കുട്ടിയും മാത്രമാണ് വീടിനുള്ളിൽ ഉണ്ടായിരുന്നത്.
കൊലപാതകത്തിന് പിന്നിൽ പ്രിയങ്കയാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. എന്നാല്‍ പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. കസ്റ്റഡിയിലുള്ള പ്രിയങ്ക കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്നും ചോദ്യം ചെയ്യലിൽ പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകുന്നതെന്നും പൊലീസ് പറഞ്ഞു. അപാര്ട്മെന്റ് കോംപ്ലക്സിലെ സിസിടിവി ദൃശ്യങ്ങൾ ഉള്‍പ്പെടെ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.