ramesh-murder-hasini

എഐ നിര്‍മിത പ്രതീകാത്മക ചിത്രം/AI-generated representative image

ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ ക്ഷേത്രദർശനത്തിനെത്തിയ തമിഴ്‌നാട് സ്വദേശിയായ യുവാവിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഹൊസൂരിലെ സ്വകാര്യ കമ്പനി ജീവനക്കാരനായ രമേശ് (23) കൊല്ലപ്പെട്ട കേസില്‍ ഭാര്യ ഹാസിനി (19), കാമുകൻ യുഗന്ധർ (20) എന്നിവരെയും രണ്ട് കൂട്ടാളികളെയും ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്തു. പ്രണയബന്ധത്തിന് തടസ്സമായ ഭർത്താവിനെ ഒഴിവാക്കാൻ ഹാസിനിയും കാമുകനും ചേർന്ന് ആസൂത്രണം ചെയ്തതാണ് കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു.

വഴിത്തിരിവായത് ആ 'ബാഗ് വീഴ്ത്തൽ'; സിനിമയെ വെല്ലുന്ന തിരക്കഥ: രണ്ടുവർഷം മുൻപായിരുന്നു രമേശിന്റെയും ഹാസിനിയുടെയും വിവാഹം. ഇവർക്ക് ഒരു മകളുണ്ട്. എന്നാൽ, വിവാഹശേഷവും ഹാസിനി തന്റെ ബാല്യകാല സുഹൃത്തായ യുഗന്ധറുമായി രഹസ്യബന്ധം തുടർന്നിരുന്നു. രമേശിനെ ഒഴിവാക്കി ഒന്നിക്കാന്‍ ഇരുവരും ചേർന്ന് മാസങ്ങളോളം പദ്ധതികള്‍ ആസൂത്രണം ചെയ്തു.

ഗൂഢാലോചനയില്‍ ഉരുത്തിരിഞ്ഞ പദ്ധതി അനുസരിച്ചാണ് മല്ലപ്പകൊണ്ട കുന്നുകളിലെ ശ്രീ മല്ലേശ്വര സ്വാമി ക്ഷേത്രത്തിലേക്ക് പോകാമെന്ന് ഹാസിനി ഭർത്താവിനോട് പറയുന്നത്. കുടുംബവുമൊത്തുള്ള ആത്മീയ യാത്രയെന്ന് കരുതി രമേശ് സമ്മതിച്ചു. കുഞ്ഞുമായി രമേശിന്റെ ബൈക്കിലാണ് ഇവർ യാത്ര തിരിച്ചത്. യാത്രയിലുടനീളം ഹാസിനി തങ്ങളുടെ ലൈവ് ലൊക്കേഷൻ ഫോണിലൂടെ കാമുകന് കൈമാറുന്നുണ്ടായിരുന്നു. ഇതനുസരിച്ച് യുഗന്ധറും കൂട്ടാളികളും ഇവർക്ക് തൊട്ടുമുന്നിലായി സഞ്ചരിച്ചു. Read More: ബസ് കാത്തുനിന്ന യുവതിയെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തി

hasini-ramesh-murder

മലമ്പാതയിലെ മൂന്നാമത്തെ ഹെയർപിൻ വളവിലെത്തിയപ്പോൾ ഹാസിനി തന്റെ ഹാൻഡ്‌ബാഗ് മനപ്പൂർവം റോഡിലേക്ക് വലിച്ചെറിഞ്ഞു. ബാഗ് എടുക്കാനായി രമേശ് ബൈക്ക് നിർത്തിയ നിമിഷം, സമീപത്ത് ഒളിച്ചിരുന്ന കാമുകനും സംഘവും മാരകായുധങ്ങളുമായി പാഞ്ഞടുത്തു. ജീവൻ രക്ഷിക്കാനായി നൂറുമീറ്ററോളം ദൂരം കാട്ടിലേക്ക് ഓടിയ രമേശിനെ അക്രമികൾ പിന്തുടർന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഈ സമയം ദമ്പതികളുടെ പിഞ്ചുകുഞ്ഞും സ്ഥലത്തുണ്ടായിരുന്നു.

കുടുക്കിയത് സിസിടിവിയും മൊബൈൽ ഫോണും: മകളും ഭര്‍ത്താവും  രാത്രി വൈകിയിട്ടും തിരിച്ചെത്താതിരുന്നതിനെത്തുടർന്ന് ഹാസിനിയുടെ അമ്മ പോലീസിൽ പരാതി നൽകിയതോടെയാണ് ക്രൂരകൃത്യം പുറത്തറിയുന്നത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ക്ഷേത്രപാതയിലെ സിസിടിവി ദൃശ്യങ്ങൾ നിർണായകമായി.

രമേശിനൊപ്പം ബൈക്കിൽ മലകയറിപ്പോയ ഹാസിനി, പിന്നീട് തിരിച്ചിറങ്ങുമ്പോൾ മറ്റ് രണ്ട് പുരുഷന്മാർക്കൊപ്പം അതേ ബൈക്കിലിരിക്കുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഇതോടെ ഹാസിനിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. അതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മൊബൈൽ ഫോൺ രേഖകളും ജിപിഎസ് ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ കാട്ടിൽ നിന്ന് രമേശിന്റെ മൃതദേഹം കണ്ടെടുത്തു. Read More: ഗർഭിണിയായ ഭാര്യയെ ബെൽറ്റ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊന്നു

'ബാലവിവാഹം?' കേസിൽ പുതിയ വഴിത്തിരിവ്

പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് മറ്റ് വകുപ്പുകൾ കൂടി ചുമത്താനുള്ള നീക്കത്തിലാണ്. രണ്ട് വർഷം മുൻപ് വിവാഹം നടക്കുമ്പോൾ ഹാസിനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്. ഈ വിവരത്തിൽ വ്യക്തത വരുന്നതോടെ കേസിൽ ശൈശവവിവാഹ നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയേക്കും. അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ENGLISH SUMMARY:

In a chilling case from Chittoor, Andhra Pradesh, 23-year-old Ramesh was brutally murdered by his wife, Hasini, and her childhood friend and lover, Yugandhar. The couple, married for two years, had a daughter, but Hasini continued her affair with Yugandhar and conspired to eliminate her husband to be with him. During a staged temple visit on an 'Amavasya' day, Hasini shared their live location with the attackers, who intercepted the couple at a hill road, murdered Ramesh in front of his child, and fled the scene. Police uncovered the crime after investigating CCTV footage that showed Hasini returning with the attackers, leading to the arrest of four individuals; authorities are also currently investigating reports that the victim's marriage to Hasini was a case of child marriage.