നടുറോഡില്‍ മാല മോഷ്ടിച്ചതിന് ശേഷം രക്ഷപെടാനുള്ള മോഷ്ടാവിന്‍റെ ശ്രമം പൊളിച്ച ഓട്ടോ ഡ്രൈവറുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. 45കാരനായ ഓട്ടോ ഡ്രൈവർ മുഹമ്മദ് സഹീറാണ് ഹൈദരാബാദിന്റെ ഹീറോയായി മാറിയിരിക്കുന്നത്. ബീഗം ബസാറിൽ സ്വർണമാല കവർന്ന പ്രതിയെ സാഹസികമായാണ് ഓട്ടോ ഡ്രൈവർ പിടികൂടിയത്.
കഴിഞ്ഞ മാർച്ച് 4-ന് നടന്ന ഈ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് മുഹമ്മദ് സഹീറിന്‍റെ ഇടപെടല്‍ ശ്രദ്ധ നേടുന്നത്. പുലര്‍ച്ചെ നടക്കാനിറങ്ങിയ മഞ്ജു ഓംലത എന്ന സ്ത്രീയുടെ മാല ബൈക്കിലെത്തിയ മോഷ്ടാവ് വലിച്ചുപൊട്ടിച്ചു. മാല പൊട്ടിക്കുന്നതിനായി ആഞ്ഞതോടെ ഇതിനിടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടമായി മോഷ്ടാവ് റോഡിലേക്ക് വീഴുകയും ചെയ്തു.
ഇയാള്‍ക്ക് മുന്നിലൂടെയാണ് മുഹമ്മദ് സഹീര്‍ ഓട്ടോ ഓടിച്ചിരുന്നത്. സൈഡ് വ്യൂ മിററിലൂടെ സംഭവം ശ്രദ്ധയില്‍ പെട്ട സഹീര്‍ ഉടന്‍ തന്നെ യൂ ടേണടിച്ചു. 100 മീറ്ററോളം മുന്നോട്ട് പോയതിന് ശേഷമായിരുന്നു സഹീര്‍ പിന്നിലേക്ക് വന്നത്. എഴുന്നേറ്റ് ബൈക്കില്‍ കയറി രക്ഷപെടാന്‍ ശ്രമിച്ച മോഷ്ടാവിനെ ഇടിച്ചിട്ടു. പ്രതി വടികൊണ്ട് ആക്രമിച്ചിട്ടും പതറാതെ സഹീർ അയാളെ പിടിച്ചുനിർത്തുകയും പൊലീസിന് കൈമാറുകയും ചെയ്തു. 16 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ മുഹമ്മദ് സൊഹൈലിനെയാണ് സഹീർ പിടികൂടാൻ സഹായിച്ചത്. മോഷ്ടാവിനെ പൊലീസിന് കൈമാറിയ ശേഷം പതിവ് ജോലികള്‍ തുടരുകയും ചെയ്തു.
എന്നാല്‍ രണ്ട് മാസത്തിനിപ്പുറം സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഹൈദരാബാദ് പൊലീസ് സഹീറിനെ നേരിട്ട് വിളിച്ചുവരുത്തി ആദരിച്ചു. സഹീറിന്‍റെ ഇടപെടലിനെ പ്രശംസിച്ച പൊലീസ് കമ്മീഷണർ വി.സി. സജ്ജനാര്‍ അദ്ദേഹം ഒരു മാതൃക ആണെന്നും പറഞ്ഞു. സർട്ടിഫിക്കറ്റും കാഷ് അവാർഡും നൽകിയാണ് സഹീറിനെ പൊലീസ് ആദരിച്ചത്.