കക്കാൻ വന്ന കള്ളനെ മറ്റൊരാൾ കബളിപ്പിക്കുന്ന വിചിത്രമായ ഒരു സംഭവം. അമേരിക്കയിലെ ഒറിഗോണിൽ സംഭവിച്ചത് അതാണ്. സിനിമാക്കഥകളെപ്പോലും വെല്ലുന്ന നാടകീയ മോഷണത്തിൽ സംഭവിച്ചതിങ്ങനെ.
ഒറിഗോണിലുള്ള ഒരു കടയിൽ മോഷണം നടത്താനായി ഒരു പിക്ക് അപ്പ് ട്രക്കിൽ മോഷ്ട്ടാവ് എത്തുന്നു. വണ്ടി റോഡരികിൽ എൻജിൻ ഓഫ് ചെയ്യാതെ നിർത്തിയിട്ട ശേഷം അയാൾ കടയ്ക്കുള്ളിലേക്ക് ഓടി കയറി മോഷണം ആരംഭിച്ചു. എന്നാൽ, തൊട്ടടുത്ത നിമിഷം അവിടെ ഉണ്ടായത് അയാൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാര്യമാണ്.
ഈ സമയം ആ വഴി വന്ന മറ്റൊരു കള്ളൻ റോഡരികിൽ സ്റ്റാർട്ടാക്കി നിർത്തിയിട്ടിരുന്ന ട്രക്ക് ശ്രദ്ധിക്കുകയും ഒട്ടും സമയം കളയാതെ ആ വണ്ടിയുമായി അവിടെനിന്ന് കടന്നു കളയുകയും ചെയ്തു. അതേസമയം, ആദ്യത്തെ കള്ളൻ കടയ്ക്കുള്ളിലെ മോഷണം കഴിഞ്ഞ് പുറത്തേക്ക് വരുമ്പോഴാണ് തന്റെ വാഹനം നഷ്ട്ടപ്പെട്ടുവെന്ന കാര്യം മനസിലാക്കുന്നത്. ഒടുവിൽ നിവൃത്തിയില്ലാതെ, അയാൾ വണ്ടി മോഷണം പോയ വിവരം പൊലീസിനെ തന്നെ വിളിച്ച് അറിയിക്കുകയും ചെയ്തു.
എന്നാൽ, പൊലീസെത്തി സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണം നടത്താനെത്തിയ ആളുടെ വാഹനം തന്നെയാണ് മറ്റൊരു കള്ളൻ അടിച്ചുകൊണ്ടു പോയതെന്ന സത്യം മനസിലാക്കുന്നത്. തുടർന്ന്, ഹൊവാഡ് കൗണ്ടി പോലീസ് ഡിപ്പാർട്മെന്റ് അവരുടെ എക്സ് അക്കൗണ്ടിൽ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് പറഞ്ഞത് ഇങ്ങനെയാണ്, 'മോഷ്ടിക്കാൻ വരുന്ന സമയത്ത് സ്വന്തം വണ്ടി മറ്റൊരാൾ മോഷ്ടിച്ചാൽ ആർക്കായാലും ദേഷ്യം വരില്ലേ? കർമ്മ അത് ഉറപ്പാണ്'