• ലക്നൗ സാദത്ഗഞ്ചിലെ ചാർധാം ക്ഷേത്രത്തിൽ വിഗ്രഹങ്ങളിലെ ആഭരണങ്ങളും കിരീടവും കവർന്ന് യുവതി. ശ്രീകോവിലിൽ അതിക്രമിച്ചുകയറി മോഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; അന്വേഷണം ഊർജിതം.

ലക്നൗവില്‍ സാദത്ഗഞ്ചിലുള്ള ചാര്‍ധാം ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തി യുവതി. ഇരുപത്തഞ്ചിനും മുപ്പതിനുമിടയില്‍ പ്രായം തോന്നിക്കുന്ന യുവതി ലക്ഷ്മീദേവിയുടെ വിഗ്രഹത്തിലുണ്ടായിരുന്ന മൂക്കുത്തിയും മാലയും വെള്ളി അലങ്കാരക്കുടയും മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ശനിയാഴ്ചയാണ് ക്ഷേത്രത്തില്‍ മോഷണം നടന്നത്. രാത്രി 11 മണിക്ക് ശേഷമുള്ള സമയമാണ് സിസിടിവിയില്‍ കാണുന്നത്. ഞായറാഴ്ച രാവിലെ എട്ടരയ്ക്ക് ശേഷമാണ് പുരോഹിതരും ക്ഷേത്രഭാരവാഹികളും തിരുവാഭരണങ്ങള്‍ നഷ്ടമായകാര്യം അറിഞ്ഞതും പൊലീസിനെ വിവരമറിയിച്ചതും.

മഞ്ഞ കുര്‍ത്ത ധരിച്ച് കറുത്ത ഷാള്‍ തലയിലിട്ടാണ് യുവതി ശ്രീകോവിലിന് മുന്നില്‍ നില്‍ക്കുന്നത്. മറ്റാളുകള്‍ ശ്രദ്ധിക്കുന്നുണ്ടോ എന്ന് ഏറെ നേരം നിരീക്ഷിക്കുന്നത് സിസിടിവിയില്‍ കാണാം. ഒരു ഘട്ടത്തില്‍ ശ്രീകോവിലിന് മുന്നിലെ കര്‍ട്ടന്‍ വലിച്ചിടുന്നുണ്ട്. 

കര്‍ട്ടന്‍ മുഴുവന്‍ നീക്കാനുള്ള ശ്രമം ഉപേക്ഷിച്ച് യുവതി ശ്രീകോവിലിന് മുന്നിലെ സ്റ്റീല്‍ ബാരിക്കേഡ് ചാടിക്കടന്ന് വിഗ്രഹത്തിന്‍റെ അരികിലെത്തി. തുടര്‍ന്ന് അല്‍പനേരം കര്‍ട്ടന് പുറകില്‍ നിന്നു. മറ്റാരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പായതോടെ വിഗ്രഹത്തില്‍ നിന്ന് ആഭരങ്ങള്‍ എടുക്കാന്‍ ശ്രമം തുടങ്ങി.

അലങ്കാരക്കുട എടുക്കാന്‍ കൈ എത്താതിരുന്നതോടെ വിഗ്രഹം ഇരിക്കുന്ന പീഠത്തില്‍ കയറിയാണ് അതെടുത്തത്. തുടര്‍ന്ന് മൂക്കുത്തിയും കരസ്ഥമാക്കി. താഴെ ഇറങ്ങിയശേഷം മാലയും കവര്‍ന്നു. ഈസമയത്തൊന്നും ശ്രീകോവിലിന്‍റെ പരിസരത്ത് ആരും ഉണ്ടായിരുന്നില്ല.

ലക്ഷ്മീവിഗ്രഹത്തില്‍ മാത്രമായിരുന്നില്ല മോഷണം. ശ്രീനാഥ വിഗ്രഹത്തില്‍ നിന്ന് കിരീടവും നഷ്ടപ്പെട്ടെന്ന് മുഖ്യപുരോഹിതന്‍ സിയാറാം അവസ്തി പറഞ്ഞു. 

ക്ഷേത്രഭാരവാഹികള്‍ മോഷണം നടന്ന വിവരമറിയിച്ചതല്ലാതെ രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്ന് ഇന്‍സ്പെക്ടര്‍ സന്തോഷ് ആര്യ അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്. 

യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ക്ഷേത്രഭാരവാഹികളില്‍ നിന്ന് പരാതി ലഭിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Lucknow: Woman Caught on CCTV Stealing Crown and Jewellery from Idols at Chardham Temple:

A woman aged between 25 and 30 was captured on CCTV footage stealing jewellery and a silver canopy from idols at the Chardham Temple in Saadatganj, Lucknow. The incident took place late Saturday night, but priests discovered the missing valuables only on Sunday morning. Footage shows the woman scaling the steel barricade in front of the sanctum sanctorum, stepping onto the pedestal, and removing Lakshmi Devi's nose ring, necklace, and silver canopy, along with Shreenath's crown. The police are examining the video to trace the unidentified woman and will initiate legal proceedings once a formal written complaint is filed.