പ്രതീകാത്മക ചിത്രം( Image Credit: X)
ഓട്ടോറിക്ഷയില്‍ കയറ്റി യുവാവിനെ തട്ടിക്കൊണ്ടു പോയ ശേഷം ലോണ്‍ ആപ്പില്‍ നിന്ന് പണമെടുപ്പിച്ച് അത് കൈക്കലാക്കി ഫോണും തട്ടിപ്പറിച്ച് നാലംഗ സംഘം ഉപദ്രവിച്ചുവെന്ന് യുവാവ്. ചെന്നൈയില്‍ ഇന്നലെയാണ് സംഭവം. യുവാവിന്റെ പരാതിയില്‍ നാലുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കാരനൈ എന്ന സ്ഥലത്തു വച്ചാണ് അജയ് എന്ന യുവാവിനെ നാലംഗ സംഘം തട്ടിക്കൊണ്ട് പോയത്.
വഴിയില്‍ നിന്ന അജയിയെ പിടിച്ച് വലിച്ച് ഓട്ടോയില്‍ കയറ്റുകയായിരുന്നു. തുടര്‍ന്ന് പണമെടുക്കാന്‍ ആവശ്യപ്പെട്ടു. പഴ്സിലൊന്നുമില്ലെന്നും അക്കൗണ്ടിലും ഇല്ലെന്നും പറഞ്ഞതോടെ ലോണ്‍ ആപ്പ് വഴി മൊബൈലിലൂടെ പണം എടുപ്പിച്ചു. 10,000 രൂപയാണ് എടുപ്പിച്ചത്. ലോണ്‍ അനുവദിച്ചെന്ന് കണ്ടതും ഓട്ടോ റിക്ഷ എടിഎം കൗണ്ടറിന് മുന്നില്‍ നിര്‍ത്തി. 9500 രൂപ വാങ്ങി. ഫോണും തട്ടിപ്പറിച്ച ശേഷം നാലംഗ സംഘം ഓട്ടോയില്‍ കയറിപ്പോയി എന്നാണ് പരാതി.
പൊലീസ് സ്റ്റേഷനിലെത്തി അജയ് നല്കിയ പരാതിയില്‍ അബു (18), പ്രകാശ് രാജ് (22), പൂബളന്(23) സഞ്ജയ് (21) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ കോടതി കസ്റ്റഡിയില്‍ വിട്ടു.