Image: instagram.com/bihariladka

ട്രെയിൻ യാത്രയ്ക്കിടെ ലഭിക്കുന്ന റെയിൽവേയുടെ ബെഡ്ഷീറ്റോ ടവ്വലോ സ്വന്തം ബാഗിലാക്കുമ്പോൾ പലരും ആലോചിക്കാറില്ല, ഇത് ആരുടെയെങ്കിലും ജീവിതത്തെ ബാധിക്കുമോ എന്ന്. എന്നാൽ യാത്രക്കാരുടെ ഈ മോഷണങ്ങൾ കാരണം പണികിട്ടുന്നത് റെയിൽവേയിലെ ജീവനക്കാര്‍ക്കാണ്. യൂട്യൂബർ നവീൻ സിങ് പങ്കുവെച്ച ഒരു ഇൻസ്റ്റാഗ്രാം വിഡിയോയിലാണ് എസി കോച്ചുകളിൽ ബെഡ്ഷീറ്റുകളും കമ്പിളികളും വിതരണം ചെയ്യുന്ന അമിത് യാദവ് എന്ന റെയിൽവേ ജീവനക്കാരൻ ഈ മോഷണം മൂലം തങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ വിവരിക്കുന്നത്.

എസി കോച്ചുകളിൽ യാത്രക്കാർക്ക് വിതരണം ചെയ്യുന്ന ഓരോ തുണിത്തരങ്ങളുടെയും ഉത്തരവാദിത്തം അതാത് ജീവനക്കാർക്കാണ്. യാത്ര കഴിഞ്ഞ് ഇറങ്ങുമ്പോൾ ഇവ തിരികെ ലഭിച്ചില്ലെങ്കിൽ അതിന്റെ തുക ജീവനക്കാരുടെ ശമ്പളത്തിൽ നിന്നാണ് റെയിൽവേ ഈടാക്കുന്നത്. അമിത് യാദവ് പറയുന്നതനുസരിച്ച് ഒരു ടവ്വൽ നഷ്ടപ്പെട്ടാൽ 60 രൂപയും, ഒരു ബെഡ്ഷീറ്റിന് 250 രൂപയും, ബ്ലാങ്കറ്റിന് (കമ്പിളി) 700 രൂപയുമാണ് ഇത്തരത്തിൽ ഈടാക്കുന്നത്. പ്രതിമാസം വെറും 14,000 രൂപ മാത്രം ശമ്പളമുള്ള തനിക്ക് ഒരിക്കൽ യാത്രക്കാർ തുണിത്തരങ്ങൾ മോഷ്ടിച്ചതിനെ തുടർന്ന് 5,000 രൂപ വരെ സ്വന്തം കൈയിൽ നിന്ന് അടയ്ക്കേണ്ടി വന്നിട്ടുണ്ടെന്നും അമിത് യാദവ് വിഡിയോയിൽ വെളിപ്പെടുത്തുന്നു.

മുൻപൊക്കെ എല്ലാ ബെർത്തുകളിലും ടവ്വലുകൾ നേരത്തെ തന്നെ വെക്കുമായിരുന്നെങ്കിൽ, ഇത്തരം അനുഭവങ്ങളെത്തുടർന്ന് ഇപ്പോൾ യാത്രക്കാർ ആവശ്യപ്പെടുമ്പോൾ മാത്രമാണ് ഇവ നൽകുന്നതെന്നും അമിത് പറഞ്ഞു. എന്നാൽ ഈ മുൻകരുതൽ എടുത്തിട്ടും മോഷണം തടയാൻ കഴിയുന്നില്ല. കഴിഞ്ഞ ദിവസം ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ, എന്തുകൊണ്ടാണ് ടവ്വൽ നേരത്തെ വെക്കാത്തതെന്ന് ചോദിച്ച ഒരു യാത്രക്കാരനോട് മോഷണം തടയാനാണെന്ന് പറഞ്ഞിരുന്നുവെന്നും എന്നിട്ടും ആ യാത്രക്കാരൻ ഇറങ്ങുമ്പോൾ ടവ്വലുമായിട്ടാണ് കടന്നുകളഞ്ഞതെന്നും അമിത് പറഞ്ഞു.

‘ഈ പാവപ്പെട്ട ജീവനക്കാരെക്കുറിച്ചും കുറിച്ചൊന്ന് ചിന്തിക്കൂ, ദയവായി റെയിൽവേയിലെ സാധനങ്ങൾ മോഷ്ടിക്കുന്നത് നിർത്തൂ’ എന്ന അഭ്യർത്ഥനയോടെയാണ് നവീൻ സിങ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന ഇത്തരം ജീവനക്കാരെ ദുരിതത്തിലാക്കുന്ന യാത്രക്കാരുടെ മോശം പ്രവണതയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ജീവനക്കാരെ സംരക്ഷിക്കാൻ റെയിൽവേ കർശന നടപടികൾ സ്വീകരിക്കണമെന്നും ആളുകൾ വിഡിയോക്ക് താഴെ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം, നാല് വർഷത്തിനിടെ പുതപ്പുകളും തലയിണയും ടവ്വലുമടക്കം 1.27 കോടിയുടെ സാധനങ്ങളാണ് ട്രെയിനുകളില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. 46 ലക്ഷം ടവ്വലുകൾ, 41 ലക്ഷം ബെഡ് ഷീറ്റുകൾ, 23 ലക്ഷം തലയിണ കവറുകൾ, 13 ലക്ഷം പുതപ്പുകൾ 2.75 ലക്ഷം തലയിണകൾ എന്നിവയാണ് മോഷണം പോയ ലിസ്റ്റിലുള്ളത്. ആയിരത്തിൽ ഒരു യാത്രക്കാരൻ റെയിൽവെയുടെ വസ്തുക്കൾ മോഷ്ടിക്കുന്നതായാണ് കണക്ക്.

ENGLISH SUMMARY:

Railway staff are facing significant financial hardships as the cost of bedding and towels stolen by passengers is deducted directly from their meager monthly salaries. Viral reports highlight that employees, some earning as little as ₹14,000, are forced to pay hundreds of rupees for missing items like blankets and sheets. Despite precautions such as providing items only upon request, theft remains rampant, with over ₹1.27 crore worth of linen reported missing over four years. This recurring issue has sparked widespread social media outrage, with the public demanding stricter measures to protect vulnerable railway staff from these unfair financial burdens.