രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ 13 വയസുകാരിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തശേഷം പൊലീസ് പൊതുജനങ്ങള്‍ക്ക് മുന്നിലൂടെ പരേഡ് നടത്തി മര്‍ദിച്ചെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വിഡിയോ വൈറലായിരുന്നു. കൈകള്‍ കയറു കൊണ്ട് കെട്ടിയ അഞ്ചുപേരെ പൊലീസുകാര്‍ ലാത്തിക്കടിച്ച് റോഡിലൂടെ നടത്തുന്നതായിട്ടാണ് വിഡിയോ ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നത്. ഇതിന്‍റെ വാസ്തവമെന്താണെന്ന് പരിശോധിക്കാം.

നിലവില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോയ്ക്ക് ശ്രീഗംഗാനഗർ കേസുമായി യാതൊരു ബന്ധവുമില്ല. ഗുഡറാത്തിലെ സൂറത്തിലെ ലിംബായത്തില്‍ മുന്‍പ് നടന്ന ഇരട്ടക്കൊലക്കേസുമായി ബന്ധപ്പെട്ടവയാണ് ഈ വിഡിയോയെന്ന് ഫാക്ട്സ് ക്രസന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വൈറൽ വിഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ, 2026 ജൂലൈ 5-ന് ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇതേ വിഡിയോ പ്രസിദ്ധീകരിച്ചിരുന്നതായി കണ്ടെത്തുകയായിരുന്നു. 

ഇതിനൊപ്പമുള്ള കാപ്ഷനില്‍ ഇത് ലിംബായത് ഇരട്ടക്കൊലക്കേസുമായി ബന്ധപ്പെട്ടതാണെന്ന് വ്യക്തമാക്കിയിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, കേസിലെ പ്രധാന പ്രതികളെ കുറ്റകൃത്യം നടന്ന സ്ഥലത്തെത്തിച്ച് സംഭവത്തിന്റെ പുനരാവിഷ്‌കരണവും തെളിവെടുപ്പും നടത്തിയിരുന്നു. ശാസ്ത്രീയ തെളിവുകള്‍ ഇതുവഴി ശേഖരിച്ചുവെന്നും റിപ്പോര്‍ട്ട് വ്യക്താക്കുന്നു. 2026 മേയ് 3-ന് ഒരു യൂട്യൂബ് ചാനലിലും ഇതേ വിഡിയോയുടെ ദൈർഘ്യമേറിയ പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നതായി കണ്ടെത്തി. 

അതിലും വിഡിയോ ലിംബായത് ഇരട്ടക്കൊലക്കേസിലെ പ്രതികളുമായി ബന്ധപ്പെട്ടതാണെന്ന് വ്യക്തമാക്കുന്നുണ്ട്. 2026 ഏപ്രില്‍ 26നാണ് സൂറത്തിലെ ലിംബായത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത സംഭവം കൊലപാതകത്തില്‍ കലാശിച്ചത്. ആക്രമണത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറായ ഇർഫാൻ അലി സയ്യിദ്, ബന്ധുവായ ഖാലിഖ് റസാഖ് ഷെയ്ഖ്, ഇഖ്ബാൽ എന്നിവർക്ക് നേരെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇർഫാൻ അലി സംഭവദിവസം തന്നെ മരണപ്പെടുകയും ഇഖ്ബാൽ പിന്നീട് ചികില്‍സയ്ക്കിടെ മരിക്കുകയും ചെയ്തു. 

കേസില്‍ പൊലീസ് നാല് പ്രതികളെ അറസ്റ്റ് ചെയ്യുകയും പ്രായപൂർത്തിയാകാത്ത ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് കുറ്റകൃത്യത്തിന്റെ പുനരാവിഷ്‌കരണം നടത്തിയിരുന്നു. ഈ നടപടിക്കിടെയാണ് ഇപ്പോൾ വൈറലായ വിഡിയോ ചിത്രീകരിക്കപ്പെടുന്നത്. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോ ശ്രീഗംഗാനഗർ ബലാത്സംഗക്കേസിലെ പ്രതികളെ പൊലീസ് മർദിക്കുന്ന ദൃശ്യങ്ങളാണെന്ന പ്രചാരണം വ്യാജമാണ്. 

അതേസമയം, ശ്രീഗംഗാനഗർ കേസിൽ ഇതുവരെ 19 പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിൽ കഴിയുന്ന മറ്റ് പ്രതികളെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം തുടരുകയാണ്. 13 വയസുകാരി ക്രൂരപീഡനത്തിനിരയായതും തുടർന്ന് ചികിത്സയിലിരിക്കെ മരണപ്പെട്ടതും രാജ്യത്തെ നടുക്കിയ സംഭവമായിരുന്നു.

ENGLISH SUMMARY:

Malayala Manorama Online News debunks a viral video that falsely claims to show Rajasthan's Sriganganagar gang rape case accused being paraded and beaten by police. Investigations reveal the video is from a previous double murder case in Surat, Gujarat, and is being misrepresented online.