നടി അൻസിബ ഹസനെതിരെ സഹപ്രവർത്തകയായ ലക്ഷ്മിപ്രിയ ഉന്നയിച്ച ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്ന് സംവിധായകൻ ആലപ്പി അഷറഫ്. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ലക്ഷ്മിപ്രിയയുടെ നിലപാടുകളിലെ വൈരുധ്യങ്ങളും സ്വഭാവരീതികളും അദ്ദേഹം തുറന്നു കാട്ടിയത്.
ലക്ഷ്മിപ്രിയയുടെ സ്വഭാവം പ്രവചനാതീതമാണെന്നും അത് എപ്പോള്‍ വേണമെങ്കിലും മാറാമെന്ന് ആലപ്പി അഷ്റഫ് പറയുകയും അത് വ്യക്തമാക്കാൻ 'അമ്മ' സംഘടനയുടെ ഓഫിസിൽ നടന്ന ഒരു പഴയതും പുതിയ സംഭവവും അദ്ദേഹം വെളിപ്പെടുത്തി. മുൻപ് നടി നീനാ കുറുപ്പിനെതിരെ ‘പുഴുത്തുചാകും’ എന്ന് തുടങ്ങി അങ്ങേയറ്റം അസഭ്യവർഷം ചൊരിഞ്ഞ ലക്ഷ്മിപ്രിയയുടെ വോയ്സ് ക്ലിപ്പ് സൈബറിടത്ത് ഏറെ ചര്‍ച്ചാവിഷയമായിരുന്നു. എന്നാൽ, 'അമ്മ'യുടെ ജനറൽ ബോഡി കഴിഞ്ഞതിന്റെ പിറ്റേന്ന് സംഘടനയുടെ ഓഫിസിൽ വച്ച് നീനാ കുറുപ്പിനെ കണ്ടപ്പോൾ ലക്ഷ്മിപ്രിയ ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് മുത്തം നൽകുകയും കരയുകയും ചെയ്യുകയായിരുന്നുവെന്ന് ആലപ്പി അഷ്റഫ് പറയുന്നു. ലക്ഷ്മിപ്രിയയുടെ ഈ പെട്ടെന്നുള്ള ഭാവമാറ്റത്തിൽ നീനാ കുറുപ്പ് പോലും സ്തംഭിച്ചുപോയതായി വിഡിയോയില്‍ അദ്ദേഹം വ്യക്തമാക്കുന്നു.
അന്‍സിബയെ കുറിച്ച് ഇല്ലാത്ത അവിഹിത കഥകൾ പടച്ചുവിട്ട ലക്ഷ്മിപ്രിയക്കെതിരെ യഥാർഥത്തിൽ അൻസിബയാണ് കോടതിയെ സമീപിച്ച് മാനനഷ്ടത്തിന് കേസ് കൊടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. സ്വന്തം അധ്വാനം കൊണ്ട് ജീവിതം കരുപ്പിടിപ്പിക്കാൻ കഠിനാധ്വാനം ചെയ്യുന്ന ഒരു പാവം പെൺകുട്ടിയുടെ ആത്മാഭിമാനത്തെയാണ് ലക്ഷ്മിപ്രിയ പിച്ചിച്ചീന്തിയതെന്നും, അത്തരം ഹീനമായ പ്രവർത്തി ചെയ്തതിന് അവർക്ക് നിയമപരമായും ജനമധ്യത്തിലും കടുത്ത വില നൽകേണ്ടി വരുമെന്നും ആലപ്പി അഷ്‌റഫ് മുന്നറിയിപ്പ് നൽകുന്നു.
തന്‍റെ യുട്യൂബ് ചാനല്‍ വിഡിയോ കണ്ട് ലക്ഷ്മിപ്രിയ വിളിച്ചിരുന്നുവെന്നും അന്‍സിബയുമായുള്ള വിഷയത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ അൻസിബയെക്കുറിച്ച് വളരെ മോശമായി സംസാരിച്ചുവെന്നും ആലപ്പി അഷ്റഫ്. കൂടെകൊണ്ടുനടന്ന പ്രിയപ്പെട്ട കൂട്ടുകാരിയെകുറിച്ച് അവിഹിതകഥയും കൂടെ കൂടെയുള്ള തീവ്രവാദി എന്ന വിളികൂടി വന്നപ്പോൾ തനിക്ക് അവരോട് തോന്നിയ ആ സഹതാപം പോലും ഇല്ലാതായതായി അദ്ദേഹം വെളിപ്പെടുത്തി. തൊട്ടതിനും പിടിച്ചതിനും ഒക്കെ വർഗീയത പറഞ്ഞ് മറ്റുള്ളവരെ തീവ്രവാദിയാക്കി സമൂഹത്തിൽ അരാചകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഇവരെ ജനം തിരിച്ചറിഞ്ഞ് മാറ്റിനിർത്തപ്പെടേണ്ടതാണെന്നും വിഡിയോയില്‍ വ്യക്തമാക്കുന്നു
നേരത്തെ അൻസിബയ്ക്കെതിരെ ലക്ഷ്മിപ്രിയ കൊടുത്ത കേസിൽ കഴമ്പില്ലെന്ന് കണ്ട് കേസ് അവസാനിപ്പിച്ചപ്പോൾ ആ പരാതിയിലെ ചില ചില വാചകങ്ങൾക്കെതിരെ 10 കോടി മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് ശപഥം ചെയ്ത് തന്റെ വക്കീലിന്റെ പേരും പ്രഖ്യാപിച്ചു. ലക്ഷ്മിപ്രിയയെ കുറിച്ച് കേട്ടാൽ ലജ്ജിച്ചു പോകുന്ന പല കഥകളും അൻസിബയ്ക്കും അറിയാം. അതൊന്നും അവരെ മോശക്കാരിയാക്കാൻ അൻസിബ ഒരിക്കലും പറഞ്ഞിട്ടില്ല. പറയുകയുമില്ല. ആശയങ്ങളെയും അഭിപ്രായങ്ങളെയും നിലപാടുകളെയും അവിഹിത കഥകൾ കൊണ്ടല്ല നേരിടേണ്ടത്. പുലി പതുങ്ങിയത് വെറുതെയായിരുന്നില്ല അവിഹിത കഥകൾ മെനഞ്ഞെടുക്കാൻ ആയിരുന്നു എന്ന് ഇപ്പോഴാണ് ജനങ്ങൾക്ക് ബോധ്യമായതെന്നും ആലപ്പി അഷ്റഫ് തന്‍റെ വിഡിയോയില്‍ പറയുന്നു. നിരവധി പേരാണ് വിഡിയോയ്ക്ക് കമന്‍റുമായെത്തുന്നത്.