ട്രെയിന്റെ കോച്ചിനുള്ളിൽ പൂജ ചടങ്ങുകൾ നടത്തുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ വിശദീകരണം നൽകി നോർത്തേൺ റെയിൽവേ. ട്രെയിനിനുള്ളിൽ തറയിലിരുന്ന് ഒരു പൂജാരി ആരാധന ചടങ്ങുകൾ നടത്തുന്നതും നിരവധിപ്പേർ ചുറ്റും നിന്ന് ചടങ്ങിൽ പങ്കെടുക്കുന്നതുമായ വിഡിയോ ആയിരുന്നു പ്രചരിച്ചിരുന്നത്. 

വിഡിയോ വൈറലായതിന് പിന്നാലെ ഓടുന്ന ട്രെയിനിനുള്ളിൽ ഇത്തരത്തിൽ ആചാരങ്ങൾ നടത്തുന്നത് അനുവദനീയമാണോ എന്ന ചോദ്യമായിരുന്നു ഉയർന്നത്. നോർത്തേൺ റെയിൽവേ അവരുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് വിശദീകരണം നൽകിയത്. ഇതൊരു സാധാരണ ട്രെയിൻ കോച്ചിനുള്ളിൽ നടന്നതല്ല. ഒരു സലൂൺ കാർ കോച്ചിൽ നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിച്ചതെന്നാണ് റെയിൽവേ വ്യക്തമാക്കിയത്. 

ഒരു സ്വകാര്യ വ്യകതി ബുക്ക് ചെയ്ത ആഡംബര സൗകര്യങ്ങളുള്ള സലൂൺ കാർ കോച്ചായിരുന്നു അത്. ഐആർസിടിസി വഴി  3,08,580 രൂപ മുൻകൂറായി നൽകി ബുക്ക് ചെയ്തു. ഈ കോച്ചിനുള്ളിലാണ് മതപരമായ ചടങ് നടന്നത്. ജൂലൈ 10 ന് ന്യൂഡൽഹിയിൽ നിന്ന് മുംബൈയിലേക്കായിരുന്നു യാത്ര എന്നും റെയിൽവേ വ്യക്തമാക്കി. സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും യാത്രക്കാരുടെ സുരക്ഷയാണ് തങ്ങളുടെ മുൻ‌ഗണനയെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി.  

എന്താണ് സലൂൺ കാർ കോച്ച് 

സാധാരണ പാസഞ്ചർ കോച്ചിൽ നിന്നും വ്യത്യസ്തമായി ഐആർസിടിസി വഴി സ്വകാര്യ വ്യക്തികൾക്ക് ബുക്ക് ചെയ്യാവുന്നവയാണ് സലൂൺ കാർ കോച്ച്. ഉന്നത ഉദ്യോഗസ്ഥർക്കും വിഐപികൾക്കും വേണ്ടി രൂപകൽപ്പന ചെയ്ത അത്യാഡംബര കോച്ചുകളാണിവ. എയർ കണ്ടീഷൻ ചെയ്ത മുറികൾ, അടുക്കള, സ്വീകരണമുറി, ഡൈനിങ് റൂം, അറ്റാച്ച്ഡ് വാഷ്‌റൂമുകൾ തുടങ്ങിയവ ഉൾപ്പെടുന്ന ഒരു ചെറിയ വീട് പോലെയുള്ളവയാണ് ഇത്തരം കോച്ചുകൾ. ഈ കോച്ചുകൾ വാടകയ്‌ക്കെടുക്കാൻ ഏകദേശം 2 ലക്ഷം മുതൽ ചെലവ് വരാറുണ്ട്. യാത്രാദൂരവും മറ്റ് സേവനങ്ങളും അനുസരിച്ച് തുക വ്യത്യാസപ്പെടാം.

ENGLISH SUMMARY:

The train puja controversy gained traction when images of a religious ceremony inside a train coach went viral. Northern Railway clarified that the puja took place in a private luxury salon car coach booked for ₹3,08,580, not a regular passenger compartment.