ഓൺലൈനായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ എന്തെല്ലാം പ്രതിസന്ധികളായിരുന്നു. പതുക്കെ ലോഡ് ആകുന്ന പേജുകൾ, ഒന്നിലധികം ബുക്കിങ് സ്ക്രീനുകൾ, അനാവശ്യ സമയങ്ങളിൽ വരുന്ന പോപ്പ്-അപ്പുകൾ, അവസാനിക്കാത്ത ക്യാപ്ചകൾ... ഇവയോടെല്ലാം മല്ലടിച്ചുവേണം ബുക്കിങ് ഉറപ്പിക്കാൻ. ഓരോ സെക്കൻഡും നിർണായകമായ തത്കാൽ ബുക്കിങ് വേളകളിൽ ഈ അനുഭവം കൂടുതൽ സമ്മർദമുണ്ടാക്കുന്നതാണ്. എന്നാലിപ്പോൾ ഇന്ത്യൻ റെയിൽവേ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമിൽ വലിയൊരു മാറ്റം കൊണ്ടുവരാൻ ഒരുങ്ങുകയാണ്.

ട്രെയിൻ ടിക്കറ്റ് ബുക്കിങ് വേഗത്തിലും ലളിതവുമാക്കാനും ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനും രൂപകൽപ്പന ചെയ്ത ഐആർസിടിസി (IRCTC) വെബ്‌സൈറ്റിന്റെ ബീറ്റാ പതിപ്പ് പുറത്തിറക്കാൻ റെയിൽവേ മന്ത്രാലയം തയ്യാറെടുക്കുന്നു. വൃത്തിയുള്ള രൂപകൽപ്പന, വേഗത്തിലുള്ള നാവിഗേഷൻ, കുറഞ്ഞ ബുക്കിങ് ഘട്ടങ്ങൾ, യാത്രക്കാരുടെ വിലപ്പെട്ട സമയം ലാഭിക്കാൻ സഹായിക്കുന്ന ഫീച്ചറുകൾ എന്നിവ പുതിയ പോർട്ടൽ വാഗ്ദാനം ചെയ്യുന്നു.

എന്താണ് പുതിയ ഐആർസിടിസി വെബ്‌സൈറ്റ്?

നിലവിലുള്ള ഐആർസിടിസി ടിക്കറ്റ് ബുക്കിങ് പോർട്ടലിന്റെ പുനർരൂപകൽപ്പന ചെയ്ത പതിപ്പാണിത്. ബുക്കിങ് സുഗമവും ഉപഭോക്തൃസൗഹൃദവുമാക്കുന്നതിലാണ് ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രാജ്യത്തുടനീളമുള്ള റെയിൽവേ റിസർവേഷനുകൾ കൈകാര്യം ചെയ്യുന്ന ഇന്ത്യൻ റെയിൽവേയുടെ പാസഞ്ചർ റിസർവേഷൻ സിസ്റ്റവുമായി (PRS) പുതിയ വെബ്‌സൈറ്റിനെ ഇപ്പോൾ ബന്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ സംയോജനം പൂർത്തിയായാൽ യാത്രക്കാർക്ക് കൂടുതൽ വേഗത്തിലും തടസ്സങ്ങളില്ലാത്തതുമായ ബുക്കിങ് അനുഭവം ലഭിക്കും.

ഔദ്യോഗിക ലോഞ്ചിന് മുൻപായി ജയ്പൂരിലെ മാളവ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർഥികൾക്ക് വെബ്‌സൈറ്റിന്റെ ബീറ്റാ പതിപ്പ് കാണിച്ചുകൊടുത്തിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, ലോഞ്ചിന് മുൻപായി പോർട്ടൽ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഐആർസിടിസിയിലെയും സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റത്തിലെയും ഉദ്യോഗസ്ഥർ വിദ്യാർഥികളിൽ നിന്ന് അഭിപ്രായങ്ങൾ തേടിയിരുന്നു.

പുതിയ വെബ്‌സൈറ്റിൽ വരുന്ന പ്രധാന മാറ്റങ്ങൾ

കൂടുതൽ വ്യക്തമായ ഇന്റർഫേസാണ് പുതിയ വെബ്‌സൈറ്റിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റം. പരിഷ്കരിച്ച വെബ്‌സൈറ്റിൽ നിന്ന് അനാവശ്യമായ പോപ്പ്-അപ്പുകളും ശ്രദ്ധ തിരിക്കുന്ന ഫ്ലാഷിങ് ഗ്രാഫിക്സും നീക്കം ചെയ്യും. കൂടാതെ, ബുക്കിങ് പ്രക്രിയയെ തടസ്സപ്പെടുത്തുന്ന അനാവശ്യ ക്യാപ്ചകൾ ഒഴിവാക്കുകയും ചെയ്യും. തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് ഇത് വലിയൊരു ആശ്വാസമായിരിക്കും. സ്ലീപ്പർ, എസി 3 ടയർ, എസി 2 ടയർ തുടങ്ങിയ ക്ലാസുകൾ വെവ്വേറെ പരിശോധിക്കുന്നതിന് പകരം ലഭ്യമായ എല്ലാ ക്ലാസുകളിലെയും സീറ്റുകളുടെ വിവരങ്ങൾ പുതിയ വെബ്‌സൈറ്റിൽ ഒരുമിച്ച് കാണാൻ സാധിക്കും. ഇത് ഓപ്ഷനുകൾ താരതമ്യം ചെയ്യുന്നത് വളരെ എളുപ്പമാക്കുന്നു.

നിലവിലെ ബുക്കിങ് പ്രക്രിയയിൽ പേയ്‌മെന്റ് പേജിൽ എത്തുന്നതിന് മുൻപായി പല സ്ക്രീനുകൾ കടന്നുപോകേണ്ടതുണ്ട്. പുതിയ വെബ്‌സൈറ്റിലൂടെ ബുക്കിങ് പൂർത്തിയാക്കാൻ ആവശ്യമായ ക്ലിക്കുകളുടെ എണ്ണം ഇന്ത്യൻ റെയിൽവേ കുറയ്ക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പതിവ് യാത്രക്കാർക്ക് യാത്രക്കാരുടെ വിവരങ്ങൾ സേവ് ചെയ്ത് വെക്കാൻ പുതിയ വെബ്‌സൈറ്റിൽ സൗകര്യമുണ്ടാകും. അതിനാൽ എല്ലാ തവണയും പേരും പ്രായവും മറ്റ് വിവരങ്ങളും വീണ്ടും നൽകേണ്ടി വരില്ല.

എപ്പോൾ ലഭ്യമാകും?

ജയ്പൂരിലെ എംഎൻഐടി (MNIT) സന്ദർശനവേളയിൽ പരിഷ്കരിച്ച ഐആർസിടിസി വെബ്‌സൈറ്റ് ജൂലൈയിൽ അവതരിപ്പിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബീറ്റാ പതിപ്പ് ഇപ്പോൾ തയ്യാറാണെങ്കിലും, നവീകരിച്ച പാസഞ്ചർ റിസർവേഷൻ സിസ്റ്റവുമായി പൂർണമായി സംയോജിപ്പിച്ചതിന് ശേഷം വരുന്ന കുറച്ച് മാസങ്ങൾക്കുള്ളിൽ പൂർണമായി പ്രവർത്തിക്കുന്ന വെബ്‌സൈറ്റ് പുറത്തിറക്കുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു.

IRCTC Launches Beta Version of New Website:

The new IRCTC website aims to simplify and speed up train ticket booking by offering a cleaner design and fewer booking steps, addressing past issues like slow loading pages and confusing interfaces